എഡിറ്റര്‍
എഡിറ്റര്‍
വയനാട് കലക്ട്രേറ്റിനു മുന്നിലെ അധ്യാപികമാരുടെ നിരാഹാരസമരം : 10 ദിവസം പിന്നിട്ടിട്ടും തീര്‍പ്പായില്ല
എഡിറ്റര്‍
Friday 7th March 2014 7:13am

wayanad-teachers

കല്‍പ്പറ്റ: ജോലി ചെയ്തതിനുള്ള വേതനമാവശ്യപ്പെട്ട് വയനാട് കലക്ട്രേറ്റിനു മുന്നില്‍ 10 ദിവസമായി നിരാഹാരമിരിക്കുന്ന പ്രീപ്രൈമറി അധ്യാപികമാരെ അധികൃതര്‍ ഇതുവരെയും തിരിഞ്ഞുനോക്കിയില്ല.

അധ്യാപികമാരും ആയമാരുമടങ്ങിയ അഞ്ചു പേരാണ് കലക്ട്രേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. എന്നാല്‍ കുടുംബം പോറ്റാന്‍ ഒരു ചെറിയ വരുമാനമെന്ന നിലയില്‍ ജോലി ചെയ്യുന്ന ഇവരെ ജനപ്രധിനിധികള്‍ പോലും കൈവെടിഞ്ഞ അവസ്ഥയിലാണ്.

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 30ന് മൂന്ന് അധ്യാപികമാര്‍ വയനാട് കലക്ട്രേറ്റിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് വിഷയം പൊതുജന ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വയനാട് എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 15 ദിവസത്തിനകം മുഴുവന്‍ വേതനവും നല്‍കാമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും വേതനം ലഭിക്കാതെ വന്നതോടെയാണ് അനിശ്ചികാല നിരാഹാരത്തിലേക്ക് അധ്യാപികമാരെ എത്തിച്ചത്.

തുച്ഛമായ വേതനമായിട്ടും പിഞ്ചു കുഞ്ഞുങ്ങളെ പരിപാലിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത ഇവര്‍ക്ക് വേതനം നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

കടുത്ത ചൂടില്‍ അവശരായിരിട്ടുപോലും ഇവര്‍ സമരം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല. എത്ര ദിവസം പട്ടിണി കിടക്കേണ്ടി വന്നാലും തങ്ങളുടെ ആവശ്യം നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഈ അധ്യാപികമാര്‍.

അവശനിലയിലായ ചിലരെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും തിരിച്ചു വന്ന് സമരം പുനരാരംഭിക്കുകയായിരുന്നു.

വേങ്ങപ്പള്ളി സ്‌കൂളിലെ അധ്യാപിക പഷ്പ, പുളിയാര്‍മല സ്‌കൂളിലെ പ്രദീപ, നെല്ലിയമ്പലം സ്‌കൂളിലെ ബിന്ദു, ചണ്ണോത്തുകുഴി സ്‌കൂളിലെ സജിന എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാനന്തവാടി സ്‌കൂളിലെ രമയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Advertisement