തിരുവനന്തപുരം:  ലീവ് സറണ്ടര്‍ വെട്ടിക്കുറയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ അധ്യാപകര്‍ സമരത്തിന് തയ്യാറെടുക്കുന്നു.[innerad]

വരും ദിവസങ്ങളില്‍ പ്രക്ഷോഭമാരംഭിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ടീച്ചേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

അധ്യാപകര്‍ നല്‍കിയ നിവേദനങ്ങള്‍ ഒന്നും പരിഗണിക്കാതെ സര്‍ക്കാര്‍ ഉത്തരവിട്ട സാഹചര്യത്തില്‍ അടുത്തയാഴ്ച മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷാ ജോലികള്‍ ഒഴികെയുള്ള ഒരു കാര്യവുമായി സഹകരിക്കേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം. ഉത്തരവ് പിന്‍വലിക്കുംവരെ പരിശീലനമടക്കമുള്ള ഒരു പരിപാടികളിലും പങ്കെടുക്കില്ല.

2010ലെ സെന്‍സസിന്റെ ഭാഗമായി അനുവദിച്ച 49 ദിവസത്തെ അവധിയാണ് 16 ദിവസമാക്കി കുറയ്ക്കുന്നത്.

സംസ്ഥാനമൊട്ടാകെ 16200 അധ്യാപകര്‍ സെന്‍സസ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. ശരാശരി ഒരാള്‍ 20,000 രൂപ എന്ന കണക്കില്‍ ആകെ 300 കോടിയിലധികം രൂപ ഇവര്‍ തിരിച്ചടക്കേണ്ടിവരും.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്കൊപ്പം മറ്റു പരീക്ഷകള്‍ നടത്തിയത് വലിയ വീഴ്ചയാണ്. അണ്‍ എയ്ഡഡ് അധ്യാപകരെ ഇന്‍വിജിലേഷന് നിയോഗിക്കരുതെന്ന ചട്ടവും അട്ടിമറിക്കപ്പെട്ടു. ഇതു ഗൗരവമായ പിഴവാണ്. ഐ.ടി

അറ്റ് സ്‌കൂളിലെ പരിശീലകരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനാല്‍ എസ്.എസ്.എല്‍.സി പരീക്ഷകള്‍ യഥാസമയം തുടങ്ങാന്‍ കഴിഞ്ഞില്ല. ഇത്തരം നടപടികളില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.