കോഴിക്കോട്: സ്വപ്‌നസ്ഖലനത്തെ കുറിച്ച് കവിതയെഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് സദാചാര പൊലീസിംഗിന് ഇരയായ അധ്യാപകനെ കോളേജില്‍ നിന്നും പുറത്താക്കി. നാദാപുരം എം.ഇ.ടി കോളേജ് അധ്യാപകനായ അജിന്‍ ലാലിനെയാണ് ജോലിയില്‍ നിന്നും മാനേജുമെന്റ് പുറത്താക്കിയത്.

കഴിഞ്ഞ ആഗസ്റ്റ് 28ാം തിയ്യതിയായിരുന്നു അജിന്‍ വിവാദമായ കവിത പോസ്റ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെ സോഷ്യല്‍മീഡിയയിലും മറ്റുമായി വിദ്യാര്‍ത്ഥികളടക്കം അജിനെതിരെ രംഗത്തെത്തുകയായിരുന്നു. അധ്യാപകനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു.


Also Read:  ഉയരത്തില്‍ പറന്ന് പറവയും സൗബിനും


അധ്യാപകനെതിരെ വിദ്യാര്‍ത്ഥികളടക്കം സദാചാര ആക്രമണവുമായി രംഗത്തെത്തിയതോടെ അവധിയില്‍ പോകാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഓണം വെക്കേഷന്‍ കഴിഞ്ഞിട്ടും തനിക്ക് വിളിയൊന്നും വരാത്തതിനെ തുടര്‍ന്ന് അജിന്‍ കോളേജുമായി ബന്ധപ്പെട്ടപ്പോളാണ് പുറത്താക്കിയ വിവരം അറിയുന്നത്.

തുടര്‍ന്ന് രേഖാമൂലം പുറത്താക്കിയത് അറിയക്കാന്‍ ആവശ്യപ്പെട്ട അജിനെ കോളേജിലേക്ക് വിളിച്ചു വരുത്തി പുറത്താക്കി കൊണ്ടുള്ള ലെറ്റര്‍ കൈമാറുകയായിരുന്നു.

അതേസമയം വിഷയത്തില്‍ തന്റെ വിശദീകരണം അധികൃതര്‍ ആരാഞ്ഞില്ലെന്നും സംഭവത്തിന് ശേഷം നിരവധി വിദ്യാര്‍ത്ഥികള്‍ തന്നെ വിളിച്ച് മാപ്പ് ചോദിച്ചതായും അജിന്‍ പറയുന്നു.