കൊട്ടാരക്കര: അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റിന് ഇന്നും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. മൊഴി രേഖപ്പെടുത്തുന്നതിനിടെ അധ്യാപകന്‍ അബോധാവസ്ഥയിലാവുകയായിരുന്നു.ഇതേതുടര്‍ന്ന് മൊഴി രേഖപ്പെടുത്താതെ മജിസ്‌ട്രേറ്റ് മടങ്ങി.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അധ്യാപകന്റെ മൊഴി രേഖപ്പെടുത്താന്‍ എത്തിയത്. മജിസ്‌ട്രേറ്റ് എത്തുമ്പോള്‍ അധ്യാപകന് ബോധമുണ്ടായിരുന്നു. തുടര്‍ന്ന് ഡോക്ടറെ മാറ്റി നിര്‍ത്തി മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങിയപ്പോഴേക്കും അധ്യാപകന്‍ ബോധരഹിതനാവുകയായിരുന്നു.

അധ്യാപകന് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഇങ്ങനെ മയക്കത്തിലേക്ക് വഴുതി വീഴുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുന്‍ മന്ത്രി ബാലകൃഷ്ണ പിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്.