കൊട്ടാരക്കര: വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജ്യോത്സ്യന്‍ ശ്രീകുമാറിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ശ്രീകുമാറിനെ ബുധനാഴ്ച വെളുപ്പിനാണ് ചോദ്യംചെയ്തത്. അധ്യാപകന്റെയും ജ്യോത്സ്യന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്തത്.

ആക്രമണം നടന്ന ദിവസം തന്റെ വീട്ടിലെത്തിയ കൃഷ്ണകുമാറിനെ മകനാണ് കാറില്‍ നിലമേലില്‍ കൊണ്ടുവിട്ടത് എന്നായിരുന്നു ജ്യോത്സ്യന്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, താന്‍ കടയ്ക്കലില്‍ ജ്യോത്സ്യന്റെ വീട്ടില്‍ പോയിട്ടില്ല എന്നാണ് അധ്യാപകന്‍ കൃഷ്ണകുമാര്‍ പറഞ്ഞത്.

Subscribe Us:

തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്യാന്‍ ശ്രീകുമാറിനെ ബുധനാഴ്ച തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

ഇതിന് പുറമെ ജ്യോത്സ്യന്റെയും കൃഷ്ണകുമാര്‍, ഭാര്യ ഗീത എന്നിവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു. ആക്രമണം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ അക്കൗണ്ടുകളില്‍ വന്‍തോതില്‍ പണമിടപാടുകള്‍ നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.