തിരുവനന്തപ്പുരം: കൊട്ടാരക്കരയില്‍ ക്രൂര മര്‍ദനത്തിനിരയായ അധ്യാപകന്റെ മൊഴിയെടുത്തു. മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റ് മൊഴിയെടുക്കുന്നത് നാല്പത് മിനുട്ടോളം നീണ്ട് നിന്നു. മജിസ്‌ട്രേറ്റ് മൊഴിയെടുത്ത ശേഷം കൊല്ലം റൂറല്‍ ഡി.വൈ.എസ്.പി ഷാനവാസും അധ്യാപകന്റെ മൊഴിയെടുത്തു.

മൊഴിയെടുക്കുന്ന സമയത്ത് എന്നെയോ ബന്ധുക്കളെയോ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന് അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ പ്രതികരിച്ചു. പോലീസും ആശുപത്രി അധികൃതരും ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

അതേസമയം, ജോത്സ്യന്‍ ശ്രീകുമാറിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവം നടക്കുന്നതിന് മുന്‍പ് അധ്യാപകനെ ജോത്സ്യന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ജോത്സ്യനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

കേരളാ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവും പിള്ളയുടെ സുഹൃത്തുമായ ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്.

നേരത്തെ രണ്ട് തവണ അധ്യാപകന്റെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യ നില സമ്മതിക്കാത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി കേസില്‍ വഴിത്തിരിവാകും എന്നതില്‍ സംശയമില്ല.

ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം സ്‌കൂളിലെ ചരിത്രാധ്യാപകനായ ആര്‍.കൃഷ്ണകുമാര്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായി മര്‍ദ്ദനത്തിനിരയാ യത്.