എഡിറ്റര്‍
എഡിറ്റര്‍
ചായവില്‍പ്പനക്കാരന് പ്രധാനമന്ത്രിയാവാന്‍ കഴിയില്ല: മോഡിയെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ്
എഡിറ്റര്‍
Thursday 14th November 2013 9:59am

naresh-agarwal

ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡിയെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍.

ചായ വിറ്റ് നടന്നവര്‍ക്കൊന്നും ആവാന്‍ കഴിയുന്നതല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയെന്നായിരുന്നു നരേഷ് അഗര്‍വാളിന്റെ പ്രസ്താവന.

നരേന്ദ്ര മോഡിക്ക് ഒരു പക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രി ആവണമെന്നായിരിക്കാം ആഗ്രഹം. എന്നാല്‍ ചായവിറ്റ് നടന്ന ഒരാള്‍ക്ക് ഒരിക്കലും ഒരു ദേശീയ കാഴ്ചപ്പാട് ലഭിക്കില്ല.

ഒരു പോലീസ് കോണ്‍സ്റ്റബിളിന് ഒരുപക്ഷേ പോലീസ് സൂപ്രണ്ട് പദവിയിലെത്താം. എന്നാല്‍ അയാള്‍ക്ക് ഒരിക്കലും ഒരു സൂപ്രണ്ടിന്റെ സമീപനം കൈക്കൊള്ളാന്‍ സാധിക്കില്ല.

അയാള്‍ കോണ്‍സ്റ്റബിളിന്റെ നിലയില്‍ മാത്രമേ ചിന്തിക്കുകയുള്ളൂ- നരേഷ് അഗര്‍വാള്‍ പറഞ്ഞു.

ഒരു ജനതയുടെ വികാസത്തിനായി പൊരുതാന്‍ കെല്പുള്ള ഒരാള്‍ക്ക് മാത്രമേ ഇന്ത്യയെപ്പോലുള്ള രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡി എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെതായ ചട്ടക്കൂട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിയാണ് പല കാര്യങ്ങളും ചെയ്യാറ്.

അദ്ദേഹം ഗാന്ധിയുടെയും നെഹ്‌റുവിന്റേയും കുടുംബത്തേയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. പട്ടിണിയും ദാരിദ്ര്യവും എങ്ങനെ രാജ്യത്ത് നിന്നും തുടച്ചുനീക്കാം എന്നൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല.

മോഡിക്ക് പരമാവധി ഒരു സംസ്ഥാനത്തെ ഭരിക്കാം. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കാനുള്ള കഴിവൊന്നും അദ്ദേഹത്തിനില്ലെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Advertisement