കൊച്ചി: തേയില കയറ്റുമതിയിലൂടെ തേയില വിപണിയില്‍ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്റില്‍ ടീ പാര്‍ക്ക് സ്ഥാപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കിറ്റ്‌കോയും പോര്‍ട്ട് ട്രസ്റ്റും ടീ ട്രേഡ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതി സംബന്ധിച്ച ഏകദേശ ധാരണയായി.

തേയില വ്യാപാരത്തിന് ഇവിടെ ആധുനിക സൗകര്യങ്ങളാണ് ഒരുക്കുക. തേയില സംഭരണ കേന്ദ്രം, ലേലം ചെയ്യാനുള്ള കേന്ദ്രം, താപനില നിയന്ത്രിക്കാനുള്ള സംവിധാനം, കമ്പനികള്‍ക്കുള്ള ഓഫീസ് സൗകര്യം, ഷിപ്പിംഗ് കമ്പനികള്‍ക്കുള്ള സൗകര്യങ്ങള്‍, തേയില പാക്കിംഗ്, തേയില ലബോറട്ടറി തുടങ്ങിയ സംവിധാനങ്ങള്‍ പാര്‍ക്കില്‍ ഒരുക്കും.

തേയില കച്ചവടരംഗത്ത് ദുബായ് തേയില വ്യാപാര കേന്ദ്രത്തിന്റെ ചുവടുപിടിച്ചാണ് കൊച്ചിയില്‍ ടീ പാര്‍ക്ക് രൂപകല്‍പന ചെയ്യുന്നത്. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ അഞ്ച് ഏക്കര്‍ സ്ഥലമാണ് ടീ പാര്‍ക്കിനായി ഉദ്ദേശിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളുള്ള തേയില വ്യാപാര കേന്ദ്രം വിവിധ രാജ്യങ്ങളിലെ കച്ചവടക്കാരെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.

Malayalam News

Kerala News In English