Administrator
Administrator
കെ.എം.മാത്യു, ശ്രദ്ധാഞ്ജലികള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയില്‍
Administrator
Thursday 5th August 2010 1:41pmടിസി രാജേഷ്

ഇത് അല്‍പം വൈകിയ ഒരു ഓര്‍മക്കുറിപ്പാണ്. എഴുതണമെന്നു കരുതിയതേയല്ല. പക്ഷെ, അല്‍പം ആലോചിച്ചപ്പോള്‍ എഴുതിയില്ലെങ്കില്‍ അത് എന്നോടു ചെയ്യുന്ന നീതികേടായിരിക്കുമെന്നു തോന്നി. മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു മരിച്ചിട്ട് ഏതാനും ദിവസങ്ങളായിരിക്കുന്നു.

ഇതിനോടകം വലുതും ചെറുതുമായ ഒട്ടേറെ അനുസ്മരണങ്ങള്‍ വന്നു കഴിഞ്ഞു. പക്ഷെ, അതോടൊപ്പം തന്നെ അദ്ദേഹത്തിനെതിരെയുള്ള ഭര്‍ത്സനങ്ങളും ശക്തിപ്പെട്ടു. ഇന്റര്‍നെറ്റ് മാധ്യമത്തിലായിരുന്നു അതേറെയും കണ്ടത്. എന്തിനായിരുന്നു ഈ ഭര്‍ത്സനങ്ങള്‍ എന്നു മനസ്സിലാകുന്നില്ല. കേട്ടറിവുകളുടെ മാത്രം അടിസ്ഥാനത്തില്‍, മഹാനായ ഒരു മനുഷ്യന്റെ നെഗറ്റീവുകള്‍ മാത്രം പരിഗണിച്ച് ചിലര്‍ നിരത്തിയ വിവരക്കേടുകള്‍ മാത്രമായി അതിനെ കാണാനാണ് എനിക്കിഷ്ടം.

മലയാള മനോരമ കമ്പനിയുടെ പുറമ്പോക്കില്‍, ഒരു കൂലിപ്പണിക്കാരനു കിട്ടുന്ന ശമ്പളം പോലും ലഭിക്കാതെയാണ് ഞാന്‍ പത്തുവര്‍ഷം ജോലി ചെയ്തത്. പത്രത്തിന്റെ ചീഫ് എഡിറ്ററായ കെ.എം.മാത്യു ജീവനക്കാരുടെ സുഖദുഃഖങ്ങളില്‍ ഒപ്പമുണ്ടായിരുന്നയാളാണെന്നും ജീവനക്കാര്‍ക്ക് വേണ്ടതെല്ലാം വാരിക്കോരി നല്‍കിയിരുന്നുവെന്നും പറയുമ്പോള്‍ കമ്പനിയുടെ പുറമ്പോക്കില്‍ ‘ജീവനക്കാ’രല്ലാതെ ജോലിചെയ്യേണ്ടി വന്ന, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകള്‍, ഞാനുള്‍പ്പെടെ ചിരിക്കുകയാണു ചെയ്യേണ്ടത്.

പക്ഷേ, കെ.എം.മാത്യുവെന്ന ആ മനുഷ്യനെ ഞാന്‍ സ്നേഹിക്കുന്നു, ആദരിക്കുന്നു. അദ്ദേഹത്തിന്റെ ഉള്ളില്‍ വലിയൊരു മനുഷ്യസ്നേഹിയുണ്ടായിരുന്നുവെന്നു മനസ്സിലാക്കുന്നതിനാല്‍ മാത്രമാണത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്നു വന്ന ചില അനുസ്മരണക്കുറിപ്പുകളോടും മറ്റുമനുബന്ധിച്ച് കേട്ട ഭര്‍ത്സനങ്ങളില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. കാരണം മനോരമയ്ക്ക് ഒരു പോളിസിയുണ്ടായിരുന്നു. എന്തുസംഭവിച്ചാലും അതു മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല.

പത്രപ്രവര്‍ത്തനം കച്ചവടമാക്കപ്പെട്ട കാലത്ത് മറ്റേതു പത്രവും ചെയ്യുന്നതുപോലുള്ള പക്ഷംചേരല്‍ മാത്രമേ മനോരമയും ചെയ്തിട്ടുള്ളുവെന്ന് എനിക്കുറപ്പുണ്ട്. നുണയുടെ തോത് മറ്റു പല പത്രങ്ങളേയും അപേക്ഷിച്ച് മനോരമയില്‍ കുറവാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

പത്തുവര്‍ഷക്കാലത്തെ മനോരമ ജീവിതത്തിനിടയില്‍ രണ്ടു തവണയേ ഞാന്‍ മാത്തുക്കുട്ടിച്ചായനെന്ന കെ.എം.മാത്യുവിനെ കണ്ടിട്ടുള്ളു. കോട്ടയത്തെ മനോരമ ഹെഡ് ഓഫീസില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ നിന്ന് എഡിറ്റോറിയലിലേക്കു കടക്കണമെങ്കില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ചെറിയൊരു ഇടനാഴി മുറിച്ചു കടക്കണം. ആ വഴി തികച്ചും അശ്രദ്ധമായി മുറിച്ചു കടക്കുമ്പോഴാണ് ഒരു കാര്‍ എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ബ്രേക്കിട്ടത്.

അതിന്റെ പിന്‍സീറ്റില്‍ എന്നെ നോക്കി നിറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന കെ.എം.മാത്യുവിനെയാണ് ഞാനാദ്യം കണ്ടത്. പിന്നെ കണ്ടത് ഞങ്ങള്‍ ആറു പ്രാദേശിക ലേഖകര്‍ക്കായി മാത്രം കോട്ടയത്തു നടത്തിയ ഒരു മാസത്തെ പ്രത്യേക പരിശീലനത്തിന്റെ ആദ്യ സെഷനിലായിരുന്നു. അന്ന് അദ്ദേഹം ഞങ്ങളോട് കമ്പനിയുടെ അച്ചടക്കത്തേപ്പറ്റിയും പോളിസിയേപ്പറ്റിയും ഊന്നിപ്പറയുകയാണു ചെയ്തത്.

മനോരമയില്‍ ഞാന്‍ ജോലിക്കു കയറി ഒന്നു രണ്ടു വര്‍ഷത്തിനുശേഷമാണ്. തികച്ചും തുച്ഛമായ തുകയാണ് പ്രതിമാസ അലവന്‍സ്. ഒരു റിബലാകാന്‍ മോഹിച്ചു നടന്ന ഞാന്‍ ഒരു ദിവസം മാത്തുക്കുട്ടിച്ചായന് ഒരു കത്തയച്ചു. കിട്ടുന്ന പണത്തിന്റെ അപര്യാപ്തതയെപ്പറ്റിയും ഞാനുള്‍പ്പെടുന്ന പ്രാദേശിക ലേഖകരുടെ സാമ്പത്തിക വിഷമതകളെപ്പറ്റിയുമായിരുന്നു ആ കത്ത്.

കവറിനു പുറത്ത് വ്യക്തിപരമെന്നു രേഖപ്പെടുത്തി അയച്ച കത്ത് അദ്ദേഹത്തിന്റെ കൈവശം തന്നെയാണോ കിട്ടിയതെന്നറിയില്ല. പക്ഷെ, നാലഞ്ചു ദിവസത്തിനകം ജില്ലാ ബ്യൂറോയില്‍ നിന്നു വിളി വന്നു. ഇനിയിതാവര്‍ത്തിച്ചാല്‍ പണിയുണ്ടാകില്ലെന്നായിരുന്നു മുന്നറിയിപ്പ്. പിന്നെ, കോട്ടയത്തു വിളിപ്പിച്ച് കത്തയച്ചതിന്റെ പേരില്‍ ന്യൂസ് എഡിറ്ററില്‍ നിന്ന് ശകാരവും ലഭിച്ചു. പക്ഷെ, തൊട്ടടുത്ത മാസം ഞാനുള്‍പ്പെടെ എല്ലാവര്‍ക്കും അലവന്‍സ് 50 ശതമാനം വര്‍ധിപ്പിച്ചുതന്നു.

പിന്നെ, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മനോരമയുടെ കട്ടപ്പന ബ്യൂറോയില്‍ ഞാന്‍ ജോലിനോക്കുമ്പോഴാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് ജോസഫ് ഗ്രൂപ്പിലേക്കു ചുവടുമാറിയ ഒരു പഞ്ചായത്ത് പ്രസിഡന്റിന് എതിരെ നിലപാടെടുക്കാതിരുന്നതിന്റെ പേരില്‍ എനിക്കെതിരെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), ബി.ജെ.പി, മുസ്ളീം ലീഗ് തുടങ്ങി വിവിധ രാഷ്ട്രീയകക്ഷികളുടെ ജില്ലാനേതാക്കളുള്‍പ്പെടെ ഇരുപതുപേര്‍ ചേര്‍ന്ന് ചീഫ് എഡിറ്റര്‍ക്ക് നേരിട്ട് പേരില്‍ പരാതി അയച്ചു.

എന്നോട് വിശദീകരണം ചോദിച്ചു. കമ്പനി എന്റെ വിശദീകരണത്തില്‍ തൃപ്തരായിരുന്നു. ആ പരാതിക്കാര്‍ക്ക് മാത്തുക്കുട്ടിച്ചായന്റെ ലെറ്റര്‍പാഡിലാണു മറുപടി ലഭിച്ചത്. തെറ്റിദ്ധാരണയുടെ പേരില്‍ പരാതിയയച്ചതിന് അവരില്‍ പലരും പിന്നീടെന്നോട് ക്ഷമ ചോദിക്കുകയായിരുന്നു. കേവലം പ്രാദേശികലേഖകന്‍ മാത്രമായ എന്നെ അന്ന് കമ്പനി സംരക്ഷിച്ചതും അവര്‍ക്ക് മാത്തുക്കുട്ടിച്ചായന്‍ തന്നെ കത്തയച്ചതുമോര്‍ക്കുമ്പോള്‍ ഇപ്പോഴും അത്ഭുതം വിട്ടുമാറിയിട്ടില്ല.

സമൂഹത്തില്‍ ഒട്ടേറെ ആളുകള്‍ അച്ചായന്റെ മരണത്തില്‍ കണ്ണീരണിയുന്നുണ്ട്. അദ്ദേഹം നേരിട്ടും അല്ലാതെയും നടപ്പാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിച്ചവരാണവര്‍

മൂന്നു വര്‍ഷം മുമ്പാണ് ഞാന്‍ മനോരമ വിട്ടത്. പക്ഷെ, ഇന്നും എനിക്ക് മാനസ്സികമായ ഒരടുപ്പം മനോരമയോടുണ്ട്. ഇടുക്കിയില്‍ പലപ്പോഴും സി.പി.എമ്മിനനുകൂലമായ വാര്‍ത്ത നല്‍കിയിരുന്ന എന്നോട് ഒരിക്കലും അതിന്റെ പേരില്‍ മേലുദ്യോഗസ്ഥര്‍ കലഹിച്ചിട്ടില്ല. കോണ്‍ഗ്രസുകാരില്‍ പലരും എന്നോട് ഇതിന്റെ പേരില്‍ വിരോധം വച്ചുപുലര്‍ത്തുകയും കമ്പനിയില്‍ പരാതിപ്പെടുകയും ചെയ്തെങ്കിലും അതേപ്പറ്റി എന്നോട് ഒരു ചോദ്യം പോലുമുണ്ടായതുമില്ല. അതുകൊണ്ടുതന്നെ ഞാന്‍ മനോരമയില്‍ നുഴഞ്ഞുകയറിയ കോണ്‍ഗ്രസ് വിരുദ്ധനാണെന്ന് അന്നു പലരും പ്രചരിപ്പിച്ചു. ചില നിലപാടുകളുടെ പേരില്‍ ഒന്നിലധികം പള്ളീലച്ചന്‍മാര്‍ എനിക്കെതിരെ കോട്ടയത്തിനു പരാതി അയച്ചു. എന്നിട്ടും ഒട്ടും ബലമില്ലാത്ത പ്രാദേശിക ലേഖകന്റെ കസേരയില്‍ ഞാന്‍ പത്തു വര്‍ഷം തുടര്‍ന്നു.

ഇടുക്കി ജില്ലയില്‍ പലതുള്ളിയും സുകൃതകേരളവുമുള്‍പ്പെടെ പല പരിപാടികളുടെയും സംഘാടനവും ഓഫീസിന്റെ വിപുലീകരണവും നവീകരണവും ഉള്‍പ്പെടെയുള്ള ചുമതലകളും കമ്പനി എന്നെയാണ് ഏല്‍പിച്ചത്. അച്ചായന്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കു പകര്‍ന്നുകൊടുത്ത പോളിസിയുടെ ശക്തിയാണതെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനുശേഷം ജോലി ചെയ്ത പത്രസ്ഥാപനത്തിലെ സ്റാഫ് റിപ്പോര്‍ട്ടറുടെ പദവിയേക്കാള്‍ പല മടങ്ങ് ഭേദമായിരുന്നു മനോരമയിലെ പ്രാദേശിക പത്രപ്രവര്‍ത്തനമെന്ന് പിന്നെ പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.

ഇതെന്റെ വ്യക്തിപരമായ കാര്യം. പക്ഷെ, സമൂഹത്തില്‍ ഒട്ടേറെ ആളുകള്‍ അച്ചായന്റെ മരണത്തില്‍ കണ്ണീരണിയുന്നുണ്ട്. അദ്ദേഹം നേരിട്ടും അല്ലാതെയും നടപ്പാക്കിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഗുണഫലമനുഭവിച്ചവരാണവര്‍.

2004 ഡിസംബറിലാണ്. കട്ടപ്പനയിലെ മനോരമ ഓഫീസിലേക്ക് ഒരു കുടുംബം കടന്നു വരുന്നത്. മറ്റൊരു പത്രത്തിന്റെ ലേഖകനാണ് അവരെ എന്റെ അടുക്കലേക്കയച്ചത്. ആ കുടുംബത്തിലെ മൂത്ത പെണ്‍കുട്ടിക്ക് – ആശമോള്‍- 12 വയസ്സ് കഴിഞ്ഞു. പക്ഷെ, ഏഴു വയസ്സിന്റെ വളര്‍ച്ചയേയുള്ളു. ‘ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം’ ആണ് രോഗം. പതിമൂന്നു വയസ്സ് തികയും മുമ്പ് ചികില്‍സ തുടങ്ങിയില്ലെങ്കില്‍ കുട്ടിയുടെ അസ്ഥികള്‍ക്കു ബലക്ഷയം സംഭവിക്കാം. ചികില്‍സക്കാകട്ടെ തുടക്കത്തില്‍തന്നെ പ്രതിമാസം 25000 രൂപയിലധികം വേണം. പിന്നെ ഇതു കൂടും. അങ്ങിനെ അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഹോര്‍മോണ്‍ ചികില്‍സ നടത്തണം. കൂലിപ്പണിക്കാരായ അവര്‍ക്ക് അതിനുള്ള വരുമാനമില്ല. സഹായിക്കണം – അതായിരുന്നു അഭ്യര്‍ഥന.

വൃക്കരോഗവും, ഹൃദ്രോഗവുമുള്‍പ്പെടെ പല രോഗങ്ങളും ബാധിച്ച് ചികില്‍സക്കു ഗതിയില്ലാത്ത അനവധി പേര്‍ ഇതുപോലെ സഹായം തേടി വരാറുണ്ട്. അവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് അര്‍ഹരായവര്‍ക്ക് 10,000 രൂപ വീതം മനോരമ സഹായം നല്‍കാറുണ്ട്. ചികില്‍സാസഹായമഭ്യര്‍ഥിച്ച് പത്രത്തില്‍ വാര്‍ത്ത കൊടുക്കില്ലെങ്കിലും വെബ് സൈറ്റിലെ കരുണതേടി എന്ന പംക്തിയില്‍ അവര്‍ക്കു പരിഗണന കിട്ടും. സഹായം തേടിയെത്തുന്നവരുടെ കദന കഥ ഈ പംക്തിയില്‍ പ്രസിദ്ധീകരിച്ച് ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമേകാന്‍ മനോരമയിലൂടെ എനിക്കു സാധിച്ചിരുന്നു. അതില്‍ ഒമ്പതു മാസം പ്രായമുള്ള കുട്ടി മുതല്‍ മധ്യവയസ്കര്‍ വരെ ഉണ്ടായിരുന്നു. പക്ഷെ, അവര്‍ക്കൊക്കെ ഒന്നോ രണ്ടോ ലക്ഷം രൂപ മതിയായിരുന്നു ചികില്‍സ്ക്ക്.

ആശമോളുടെ ചികില്‍സക്ക് അഞ്ചു വര്‍ഷം കൊണ്ട് ഇരുപതു ലക്ഷത്തോളം രൂപ ചെലവുവരും. ആ തുക ഒന്നിച്ചു കണ്ടെത്തേണ്ടതില്ലെന്നതാണ് ഏക ആശ്വാസം. ഞാന്‍ ആ കുടുംബത്തെ രണ്ടും കല്‍പിച്ച് അച്ചായന്റെ അടുത്തേക്കു പറഞ്ഞുവിടാന്‍ തീരുമാനിച്ചു. കുട്ടികളുടെ വേദനയ്ക്കു പരിഹാരം കാണാന്‍ ആര്‍ദ്രമായ ഒരു മനസ്സ് അച്ചായനുണ്ടെന്ന് എനിക്കെപ്പോഴൊക്കെയോ തോന്നിയിരുന്നുവെന്നതാണ് സത്യം.

മനോരമ കോട്ടയം ബ്യൂറോയിലെ ടോണി ജോസുമായി ബന്ധപ്പെട്ട് അവര്‍ക്ക് അച്ചായനെ കാണാന്‍ ഏര്‍പ്പാടു ചെയ്തു വരുമ്പോഴാണ് സുനാമി ദുരന്തം സംഭവിക്കുന്നത്. സുനാമി ബാധിതരെ സഹായിക്കാന്‍ മനോരമ പദ്ധതി പ്രഖ്യാപിക്കുന്നതും അപ്പോഴാണ്. അച്ചായനെ കാണാന്‍ കോട്ടയത്തെത്തിയ ആശയുടെ കുടുംബത്തിന് നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്.

സുനാമിബാധിതര്‍ക്കായി സഹായ പദ്ധതി പ്രഖ്യാപിച്ചതിനാല്‍ വീണ്ടുമൊരു പണപ്പിരിവിനു നിര്‍വ്വാഹമില്ലെന്നും മനോരമയുടെ ഫണ്ടില്‍ നിന്ന് രോഗബാധിതര്‍ക്കു നല്‍കുന്ന 10000 രൂപ നല്‍കാമെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് ടോണിയുടെ മുന്‍കയ്യില്‍ ആശയുടെ കഥ കരുണതേടി എന്ന പംക്തിയില്‍ നല്‍കി. ഒന്നു രണ്ടു മാസത്തെ ചികില്‍സക്കുള്ള പണം അതിലൂടെ ലഭിച്ചു. രണ്ടും കല്‍പിച്ച് ആശയുടെ മാതാപിതാക്കള്‍ ചികില്‍സ തുടങ്ങി.

ഒന്നൊന്നര മാസത്തിനനുശേഷം കോട്ടയത്തു നിന്ന് ന്യൂസ് എഡിറ്റര്‍ ക്രിസ് തോമസ് എന്നെ വിളിച്ചു. ആശയുടെ രോഗവിവരവും ചികില്‍സാച്ചെലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം അതു ചെയ്യാനുമായിരുന്നു നിര്‍ദ്ദേശം. ഞാനതു ചെയ്തു. ഒരാഴ്ചയോളം പത്രത്തിലുടനീളം പരതിയെങ്കിലും ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു കാണാതെവന്നപ്പോള്‍ പ്രതീക്ഷകളത്രയും അസ്തമിച്ചു. പക്ഷെ, ഒരാഴ്ചക്കുശേഷം ഒരു ദിവസം മനോരമയുടെ എല്ലാ എഡിഷനുകളിലും ഒന്നാം പേജില്‍ ആശയുടെ കഥ അച്ചടിച്ചു വന്നു.

എന്തിന്റെയൊക്കെ പേരില്‍ മാത്തുക്കുട്ടി- ച്ചായനെതിരെ ആരൊക്കെ ഭര്‍ത്സിച്ചാലും  ശബ്ദമില്ലാത്ത അനവധി ജീവിതങ്ങള്‍ അച്ചായന്റെ മരണത്തില്‍ ഉള്ളുനൊന്ത് വിലപിക്കുന്നുണ്ട്.

പിന്നെ, ആശയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും അവര്‍ അച്ചായനോടാണു കടപ്പാടു പറയുന്നത്. മനോരമയിലെ വാര്‍ത്ത കണ്ട് സഹായിച്ച ഓരോരുത്തരോടും അവര്‍ കൃത്യമായ ബന്ധം പുലര്‍ത്തി. ആറു വര്‍ഷത്തിനുശേഷം 19 വയസ്സുള്ള പെണ്‍കുട്ടിയുടെ ആരോഗ്യവും ചടുലതയുമായി ആശമോള്‍ ഇപ്പോള്‍ ബിരുദത്തിനു പഠിക്കുന്നു. മനോരമയിലെ വാര്‍ത്ത വഴി ലഭിച്ച 18 ലക്ഷം രൂപയുടെ മരുന്നാണ് ആ കുട്ടിയുടെ ശരീരത്തിലുള്ള ഓരോ അണുവിലും തുടിച്ചു നില്‍ക്കുന്നത്. അവളുടെ വിദ്യാഭ്യാസകാര്യത്തില്‍പോലും ആ വാര്‍ത്ത ഏറെ പ്രയോജനം ചെയ്തു. മനോരമ വാര്‍ത്തയിലൂടെ പരിചയപ്പെട്ട് ആശയെ നിരന്തരം സഹായിച്ചുപോന്ന ഒരു കുടുംബം കഴിഞ്ഞ മാസമാണ് ആശമോള്‍ക്കു പഠിക്കാന്‍ ഒരു ലാപ്ടോപ്പ് സമ്മാനിച്ചത്.

കഴിഞ്ഞ വിഷുവിന് ആശമോളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവര്‍ എന്നോടു പറഞ്ഞിരുന്നു, മോളേയും കൂട്ടി അച്ചായനെ പോയി കാണണമെന്ന്. ഇവളെ ഇത്രയുമാക്കിയത് അദ്ദേഹമാണെന്ന്. പക്ഷെ, അവരുടെ ആഗ്രഹം നടന്നില്ല. അച്ചായന്റെ മൃതദേഹം കാണാന്‍ അവര്‍ കോട്ടയത്തിനു പോയില്ല. മരണമറിഞ്ഞു വിളിച്ചപ്പോള്‍, ‘ആ തിരക്കിനു നടുവില്‍ മരിച്ചു കിടക്കുന്ന അച്ചായനെ കാണാന്‍ വയ്യ സര്‍, അദ്ദേഹം ഞങ്ങളുടെ മനസ്സില്‍ എന്നുമുണ്ടല്ലോ…’ എന്നായിരുന്നു ആശയുടെ അച്ഛന്‍ പറഞ്ഞത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ബാലജനസംഖ്യത്തിന്റെ ഹൃദയപൂര്‍വ്വം പരിപാടിയിലൂടെ ഹൃദയതാളം തിരിച്ചുകിട്ടിയ അനവധി കുരുന്നുകള്‍ നമുക്കിടയില്‍ വളരുന്നുണ്ട്. കരുണതേടി എന്ന പംക്തിയിലൂടെ ജീവിതം തിരിച്ചുകിട്ടിയ പലരും അച്ചായന്റെ മരണത്തില്‍ ദുഃഖിക്കുന്നുണ്ടാകാം. സഹായഹസ്തങ്ങള്‍ക്കു വഴിതെളിച്ചത് മനോരയിലെ റിപ്പോര്‍ട്ടര്‍മാരാണെങ്കില്‍ അതിനൊരു ഇടമുണ്ടാക്കിയത് കെ.എം.മാത്യുവെന്ന മഹാമനുഷ്യന്റെ നല്ല മനസ്സായിരുന്നു. (പില്‍ക്കാലത്ത് ഞാന്‍ ജോലി ചെയ്ത പത്രത്തിന്റെ ഓഫീസിലും വരുമായിരുന്നു ഇതുപോലെ ചികില്‍സാ സഹായം ചോദിച്ച് പലരും. രോഗികളെപ്പറ്റി വാര്‍ത്ത കൊടുക്കാനാകില്ലെന്നു പറഞ്ഞ് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ അവരെ പറഞ്ഞുവിടുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആരും കാണാതെ പുറത്തിറങ്ങിച്ചെന്ന് അവരെ ഞാന്‍ മനോരമയിലേക്കു പറഞ്ഞുവിടുന്നത് പതിവായിരുന്നു.)

എന്തിന്റെയൊക്കെ പേരില്‍ മാത്തുക്കുട്ടിച്ചായനെതിരെ ആരൊക്കെ ഭര്‍ത്സിച്ചാലും ആശയുടെ കുടുംബത്തെപ്പോലെ ശബ്ദമില്ലാത്ത അനവധി ജീവിതങ്ങള്‍ അച്ചായന്റെ മരണത്തില്‍ ഉള്ളുനൊന്ത് വിലപിക്കുന്നുണ്ട്. ഓരോ നിമിഷവും അവര്‍ ചൊരിഞ്ഞ പ്രാര്‍ഥനകളാണ് ആരേയും ബുദ്ധിമുട്ടിക്കാതെ, ഒരു നിമിഷംപോലും രോഗക്കിടക്കയില്‍ കിടക്കാതെ സ്വച്ഛന്ദമൃത്യു വരിക്കാന്‍ അദ്ദേഹത്തിനു തുണയായതെന്നു ഞാന്‍ കരുതുന്നു.

വര: ജയരാജ് ടിജി

Advertisement