സ്വര്‍ണാഭരണങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി ഒഴിവാക്കുമെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ രണ്ട് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തിയത്. അധിക നികുതി ഏര്‍പ്പെടുത്തിയതിലൂടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങുമ്പോള്‍ 100 രൂപവരെ അധികം കൊടുക്കേണ്ട ബാധ്യത ഉണ്ടായി. ഇത് കള്ളക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ആരോപണമുണ്ടായിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്രോതസില്‍ നികുതി ഈടാക്കുന്ന പരിധി(ടി.സി.എസ്) രണ്ടു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തി. എന്നാല്‍, ബുള്ള്യന്‍ ടി.സി.എസ് പരിധി രണ്ടു ലക്ഷം തന്നെയായി തുടരും. സ്വര്‍ണ നാണയങ്ങളോ പത്തു ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങളോ ഇതില്‍ ഉള്‍പ്പെടില്ല.

സ്വര്‍ണാഭരണങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഗ്രാമിനു 100 രൂപ വരെ ഉയരുമെന്നു വ്യക്തമാക്കിയ വ്യാപാരികള്‍ രാജ്യത്തുടനീളം രണ്ടാഴ്ചക്കാലം പ്രതിഷേധ സമരം സംഘടിപ്പിച്ചു. തുടര്‍ന്നു ധന മന്ത്രാലയം തീരുമാനം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഓഹരി നിക്ഷേപകരുടെ സമ്മര്‍ദത്തിനൊടുവില്‍, നികുതി ചോര്‍ച്ച തടയുന്ന ഗാര്‍ (ജനറല്‍ ആന്റി അവോയ്ഡന്‍സ്) ചട്ടങ്ങള്‍ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്കു നീട്ടിവയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, വൊഡാഫോണ്‍ നികുതിത്തര്‍ക്കത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും മന്ത്രി. ലോക്‌സഭയില്‍ ധനകാര്യ ബില്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Malayalam news

Kerala news in English