ന്യൂദല്‍ഹി: യോഗഗുരു ബാബ രാംദേവിന്റെ ട്രസ്റ്റുകള്‍ക്കെതിരായ നികുതി വെട്ടിപ്പ് കേസില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. നേരത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങള്‍ക്കെതിരെ സേവന-ഐ.ടി ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണം നടത്തിയിരുന്നു.

Ads By Google

ആദ്യ അന്വേഷണത്തില്‍ തന്നെ നികുതി വെട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നത്. രാംദേവിന്റെ ട്രസ്റ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ നടത്തുന്നതിനുള്ള ചിലവ്, അതിന്റെ ഉറവിടം, സ്‌പോണ്‍സര്‍മാര്‍ എന്നീ കാര്യങ്ങളും അന്വേഷിക്കും.

രാംദേവിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റുകള്‍ക്കെതിരെ അടുത്തിടെ സേവന നികുതി, വാണിജ്യ നികുതി ഡിപ്പാര്‍ട്ട്‌മെന്റുകളും ധനകാര്യമന്ത്രാലയവും നോട്ടീസയച്ചിരുന്നു. ഈ ട്രസ്റ്റുകളുടെ നികുതി ബാധ്യത എത്രയുണ്ടെന്നത് സംബന്ധിച്ച് കേന്ദ്ര സാമ്പത്തിക ഇന്റലിജന്‍സ് ബ്യൂറോയും കേന്ദ്ര എക്‌സൈസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റും കണക്കെടുപ്പ് നടത്തുന്നുണ്ട്.

അതിനിടെ, 58കോടിയുടെ ആയുര്‍വേദ മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് രാംദേവിന്റെ ട്രസ്റ്റിനെതിരെ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റും നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ട്രസ്റ്റിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് രാംദേവിന്റെ വക്താവ് എസ്.കെ തിജാരവാല പറഞ്ഞു. തങ്ങള്‍ വ്യവസായ സ്ഥാപനമല്ല നടത്തുന്നത്. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കും. തങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ല. സേവന നികുതിയില്‍ നിന്നും യോഗ ക്യാമ്പുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.