എഡിറ്റര്‍
എഡിറ്റര്‍
താവോ ഒരു ഒഴിഞ്ഞ പാത്രം
എഡിറ്റര്‍
Friday 22nd June 2012 2:03pm

Taoyude Pusthakam

സ്പിരിച്വല്‍/ഷൗക്കത്ത്

അദ്യായം നാല്

 

താവോ ഒരു ഒഴിഞ്ഞ പാത്രം;

ഉപയോഗിക്കപ്പെട്ടാലും ഒഴിഞ്ഞ പാത്രം.

എണ്ണമറ്റ സൃഷ്ടികളുടെ ആഴമറ്റ പ്രഭവസ്ഥാനം.

അത് മൂര്‍ച്ചകളെ മയപ്പെടുത്തുന്നു.

കെട്ടുകളെ അഴിച്ചുകളയുന്നു.

കണ്ണഞ്ചിക്കുന്ന പ്രഭയെ സൗമ്യമാക്കുന്നു.

മണ്ണോടലിഞ്ഞു നില്‍ക്കുന്നു.

അതിനിഗൂഢവും എന്നാല്‍ നിത്യസാന്നിദ്ധ്യവുമാണത്.

എങ്ങുനിന്നാണ് വന്നതെന്നറിയില്ല;

ദൈവങ്ങള്‍ക്കെല്ലാം പിതാമഹന്‍.

ആസ്വാദനം

താവോ ഒരു ഒഴിഞ്ഞ പാത്രമാണ്. അതെ, ആകാശംപോലെ, താഴ്‌വരപോലെ ശൂന്യം. അറിഞ്ഞവരെല്ലാം കൂടുതലും ഉപമകളിലൂടെയാണ് സംസാരിച്ചിട്ടുള്ളത്. സത്യം സത്യമായി വെളിപ്പെടുത്താനാവാത്തതിനാല്‍ അതിന്റെ നേരിയ രുചിയനുഭവിപ്പിക്കാന്‍ നമുക്കു പരിചിതമായവയെ ഉപമയായി സ്വീകരിച്ച് ആനുഭൂതികമായ ലോകത്തിലേക്ക് വിരല്‍ ചൂണ്ടുകയാണവര്‍.

എവിടെയാണ് ആകാശം എന്നു ചോദിച്ചാല്‍, നാം വസിക്കുന്ന ഭൂമി ഉള്‍പ്പടെ എല്ലാ ഗ്രഹങ്ങളും കോടാനുകോടി നക്ഷത്രങ്ങളാല്‍ നിറഞ്ഞ ഗാലക്‌സികളും എല്ലാം ആകാശത്തിലാണ് ഒഴുകി നീങ്ങുന്നതെന്ന സത്യം മറന്നുകൊണ്ട് നാം മുകളിലോട്ട് വിരല്‍ ചൂണ്ടും. മുകളിലും താഴെയും ഇടത്തും വലത്തും ഒക്കെയായി ആകാശം ഒഴിഞ്ഞു കിടക്കുകയാണ്. ആ ആകാശത്തില്‍നിന്നാണ്, ആ ഒഴിവില്‍നിന്നാണ്, ഇക്കാണുന്നതെല്ലാം ഉണ്ടായി വന്നത്. ആ ആകാശത്തിലാണ് എല്ലാം നിലനില്‍ക്കുന്നത്. ആ ആകാശത്തില്‍തന്നെയാണ് എല്ലാം അലിഞ്ഞുചേരുന്നത്. അനന്തകോടി സൃഷ്ടികള്‍ പ്രഭവിച്ചു വന്നിട്ടും എന്നും ഒഴിഞ്ഞുതന്നെ കിടക്കുന്ന ആകാശത്തിനോടല്ലാതെ വേറെ എന്തിനോടാണ് താവോയെ ഉപമിക്കാനാവുക! ആകാശംതന്നെയാണ് ഒഴിഞ്ഞ പാത്രം. ഒഴിഞ്ഞതെന്തും ആകാശത്തനോടുപമിക്കാം. ആകാശത്തെ താവോയോടും..

 

യുക്തിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത നിഗൂഢമായ പ്രതിഭാസമാണ് ആകാശം. അതിരുകളുള്ളതു മാത്രമേ യുക്തിക്കു വഴകൂകയുള്ളൂ. യുക്തി അറ്റുപോകുന്ന നിമിഷങ്ങളില്‍മാത്രമേ ആകാശത്തിന്റെ സ്വരൂപം വെളിപ്പെട്ടു കിട്ടുകയുള്ളൂ. അതിര്‍വരമ്പുകളുടെ ലോകങ്ങളില്‍ വ്യാപരിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണജീവിയായ മനുഷ്യന് താവോയുടെ തെളിമ അനുഭവിക്കണമെങ്കില്‍ ചിലതെല്ലാം ഒഴിവാകേണ്ടതുണ്ട്. യാതൊരിടത്തെത്തിയാലാണോ തടസ്സങ്ങളെല്ലാം ഒഴിഞ്ഞുപോവുക, ആ ഇടത്തിലേക്കു സഞ്ചരിച്ചേ മതിയാവൂ.

താവോയുടെ ഹൃദയത്തിലേക്കു പ്രവേശിക്കാനായാല്‍പിന്നെ എല്ലാം അതിന്റെ വഴിക്കു സംഭവിച്ചോളും. നമ്മില്‍ രൂഢമൂലമായിക്കിടക്കുന്ന എല്ലാ മറകളെയും അതു തുടച്ചു മാറ്റും. ജീവിതത്തെ അതു വീണ്ടെടുത്തു തരും. ലാവോത്സു പറയുന്നു:

അത് മൂര്‍ച്ചകളെല്ലാം മയപ്പെടുത്തുന്നു.

കെട്ടുകളെല്ലാം അഴിച്ചു കളയുന്നു.

കണ്ണഞ്ചിക്കുന്ന പ്രഭയെ മൃദുവാക്കുന്നു.

മണ്ണോടലിഞ്ഞു നില്‍ക്കുന്നു.

നിറവുകളോടാണ് നമുക്കു എന്നും പ്രിയം. ഭൗതികവും ആത്മീയവുമായ നിറവുകള്‍ക്കൊണ്ട് വീര്‍പ്പുമുട്ടി കഴിയുന്നവരാണ് നാം. അതിനാല്‍ ഇനി നിറവുകളെ വിട്ട് ഒഴിവിനായി വഴങ്ങിക്കൊടുക്കാനാണ് താവോ പറയുന്നത്. ജീവന്റെ സ്വാഭാവികമായ ഒഴുക്കിനു തടസ്സമായി നില്‍ക്കുന്ന എല്ലാ സങ്കീര്‍ണ്ണതകളെയും സൂക്ഷ്മമായറിഞ്ഞ് അറുത്തുകളയാന്‍ ലാവോത്സു ആവശ്യപ്പെടുന്നു. താന്‍ പാതി ദൈവം പാതി എന്നു പറയുന്നതുപോലെ, താവോയ്ക്കു പ്രവേശിക്കാനുതകുംവിധം നമ്മുടെ അന്തര്‍ലോകങ്ങളെ വിശാലമാക്കാന്‍വേണ്ടി ചെയ്യാനാവുന്നതെല്ലാം നാം ചെയ്‌തേ മതിയാവൂ. അങ്ങനെ ഒരു പാഠംകൂടി നാം ഇതില്‍നിന്നും വായിച്ചെടുക്കണം.

മൂര്‍ച്ചകളെയെല്ലാം താവോ മയപ്പെടുത്തുന്നു എന്നു വായിക്കുമ്പോള്‍ മൂര്‍ച്ചകളെല്ലാം നാം മൃദുവാക്കണം എന്ന നിര്‍ദ്ദേശവുംകൂടി അതിലുണ്ടെന്ന് നാം അറിയണം. അതെ, നമ്മുടെ വ്യക്തിത്വത്തില്‍ കടന്നുകൂടിയിട്ടുള്ള മൂര്‍ച്ചകള്‍ അനേകമാണ്. നമ്മുടെ വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവൃത്തികൊണ്ടും എത്ര പേരാണ് നോവനുഭവിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ നമ്മെ നോവിപ്പിച്ച കഥകള്‍ മാത്രമെ നമുക്കു പറയാനുള്ളൂ. മറ്റുള്ളവര്‍ നമ്മോടു എങ്ങനെ പെരുമാറണമെന്നു നാം ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ നാം മറ്റുള്ളവരോടും പെരുമാറുക എന്ന ക്രിസ്തുവിന്റെ വചനംതന്നെയാണ് ഇവിടെ മറ്റൊരു തരത്തില്‍ പറയുന്നത്. എല്ലാവരും അപരനെ കുറ്റപ്പെടുത്തുന്നു. എന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന് വിലപിക്കുന്നു. എന്നാല്‍ മറ്റുള്ളവരെ ഞാന്‍ മനസ്സിലാക്കട്ടെ എന്ന് ആരും ചിന്തിക്കുന്നില്ല. അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്നുകൂടി സുഖം നല്‍കുന്നതായിരിക്കണം എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായി അയാളുടെ വ്യക്തിത്വത്തിലെ മൂര്‍ച്ചകളെല്ലാം മൃദുവായിത്തീരും.

ലാവോത്സു പറയുന്നു; സുഹൃത്തുക്കളെ, വിഭാഗീയതയുടെ കെട്ടുകളില്‍ നിന്നു മുക്തരാവുക. മനുഷ്യനുള്‍പ്പടെ, സര്‍വ്വ ജീവജാലങ്ങളും ഒരു പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധതരം പൂക്കളാണന്നറിഞ്ഞ് ആഹ്ലാദിക്കുക. എങ്കില്‍ മെല്ലെമെല്ലെ നിങ്ങളെ അലോസരപ്പെടുത്തുന്ന കെട്ടുകളെല്ലാം അയഞ്ഞയഞ്ഞ്

‘കെട്ടുകളെയെല്ലാം അഴിച്ചു കളയുക.’ ഞാന്‍ ശരിയും മറ്റുള്ളവരെല്ലാം തെറ്റും എന്ന യുക്തിയിലാണ് എല്ലാ മതങ്ങളും ദര്‍ശനങ്ങളും അടിയുറച്ചു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണു് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനാവാതെ അതിന്റെ വക്താക്കള്‍ക്കും അനുയായികള്‍ക്കും ശ്വാസംമുട്ടി കഴിയേണ്ടി വരുന്നത്. വൈവിധ്യങ്ങളാലും വൈചിത്ര്യങ്ങളാലും വര്‍ണ്ണശബളമായ ഒരു പ്രപഞ്ചത്തില്‍ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ കെട്ടപ്പെട്ടു കഴിയുന്ന മനുഷ്യരോട് ലാവോത്സു പറയുന്നു; സുഹൃത്തുക്കളെ, വിഭാഗീയതയുടെ കെട്ടുകളില്‍ നിന്നു മുക്തരാവുക. മനുഷ്യനുള്‍പ്പടെ, സര്‍വ്വ ജീവജാലങ്ങളും ഒരു പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധതരം പൂക്കളാണന്നറിഞ്ഞ് ആഹ്ലാദിക്കുക. എങ്കില്‍ മെല്ലെമെല്ലെ നിങ്ങളെ അലോസരപ്പെടുത്തുന്ന കെട്ടുകളെല്ലാം അയഞ്ഞയഞ്ഞ് ഊര്‍ന്നുവീണുകൊള്ളും. കാമക്രോധലോഭമോഹമദമാത്സര്യാതികളെല്ലാം നമ്മില്‍ രൂഢമൂലമായി കിടക്കുന്ന ഊര്‍ജ്ജസംഭരണിയില്‍നിന്നും ഉണര്‍ന്നുവരുന്ന ഊര്‍ജ്ജപ്രവാഹങ്ങളാണെങ്കിലും അതെല്ലാം വിവേകപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ സ്വതന്ത്രജീവിതത്തെ കൂച്ചുവിലങ്ങിടുന്ന ചങ്ങലകളായി മാറിയേക്കുമെന്ന സൂക്ഷ്മാര്‍ത്ഥംകൂടി നാം ഇവിടെ വായിച്ചെടുക്കണം.

‘തിളക്കങ്ങളില്‍നിന്ന് മുക്തരാവുക’. പ്രശസ്തി, അധികാരം, സമ്പത്തു്, അങ്ങനെയങ്ങനെ അനേകം തിളക്കങ്ങളില്‍ അഭിരമിക്കുന്നതില്‍ ഏറെ തല്‍പരരാണു നാം. എന്നാല്‍ അതൊന്നും ആര്‍ക്കും ഒരിക്കലും സമാധാനമോ ശാന്തിയോ നല്‍കിയിട്ടില്ലെന്നു ഏവര്‍ക്കും അറിയാം. രമണമഹര്‍ഷി, നാരായണഗുരു, ശ്രീരാമകൃഷ്ണപരമഹംസര്‍, സെന്റ് ഫ്രാന്‍സിസ്, കബീര്‍, ലാവോത്സു തുടങ്ങിയ മഹാത്മാക്കളുടെ ജീവിതത്തിലേക്കു നോക്കുക. അവര്‍ പരസ്യപ്രചരണങ്ങളിലൂടെ സ്വയം പ്രദര്‍ശിപ്പിച്ചില്ലെന്നു മാത്രമല്ല സ്വന്തം നിഴല്‍പോലും അവശേഷിപ്പിക്കാതെ കടന്നുപോകുകയാണുണ്ടായത്. എന്നാല്‍ നമ്മുടെ പുതിയകാല ഗുരുവര്യന്മാരോ?!

മണ്ണില്‍ത്തൊട്ടു ജീവിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് അതിശയോക്തിയുടെ ലോകങ്ങളില്‍നിന്നു മുക്തരായി യാഥാര്‍ത്ഥ്യബോധത്തോടെ കഴിയുക എന്നതാണ്. ആത്മീയത എന്നും അതിശയോക്തികള്‍ക്കു മഹത്വവും പ്രാധാന്യംകൊടുത്താണു് വികസിച്ചിട്ടുള്ളത്. മണ്ണില്‍ കാലുറപ്പിച്ചുനിന്ന് വിണ്ണിനെ പുല്കുന്ന വഴിയാണ് ലാവോത്സുവിന്റേത്. അദ്ദേഹം ആരിലും മഹത്ത്വം കാണുന്നില്ല. ആരിലും അധമത്ത്വവും കാണുന്നില്ല. അങ്ങനെ ഒരു കാഴ്ച നമുക്കു കിട്ടണമെങ്കില്‍ പരമ്പരാഗതമായി നമ്മില്‍ പറ്റിച്ചേര്‍ന്നിട്ടുള്ള അതിശയോക്തികളും അതിന്റെ ഭാഗമായി വന്നുചേര്‍ന്ന വിധേയത്വവും അറ്റുവീണേ മതിയാവൂ. താവോയിലായ ആളുകളുടെ ജീവിതത്തെ നിരീക്ഷിച്ചാല്‍ അവരെല്ലാം എത്ര സൗമ്യവും ലളിതവും സാധാരണവുമായ ജീവിതമാണു് നയിച്ചിട്ടുള്ളതെന്നു കാണാന്‍ കഴിയും.

നിഗൂഢവും എന്നാല്‍ നിത്യവര്‍ത്തമാനവുമാണ് താവോ. നമുക്കു പിടിതരാതെ നിഗൂഢമായിരിക്കുന്ന ആകാശംതന്നെയാണ് മനസ്സിലാക്കാവുന്ന തരത്തില്‍ സൃഷ്ടികളായി വിരിഞ്ഞുനില്‍ക്കുന്നതെന്ന സത്യം ഉണര്‍ന്നറിയുമ്പോള്‍ നിഗൂഢം, എന്നാല്‍ നിത്യവര്‍ത്തമാനം എന്നല്ലാതെ എന്താണ് പറയാനാവുക! എന്നാല്‍ ഈ ആകാശവും അതില്‍ വിരിഞ്ഞ സൃഷ്ടിജാലങ്ങളും എന്തില്‍നിന്ന് ഉണ്ടായിവന്നു എന്നുചോദിച്ചാല്‍ ലാവോത്സുവിനു ഒരുത്തരമേയുള്ളൂ; ‘എങ്ങുനിന്നാണ് വന്നതെന്നറിയില്ല.

അത് ദൈവങ്ങള്‍ക്കെല്ലാം പിതാമഹന്‍.’

 

ഷൗക്കത്തിന്റെ ‘താവോയുടെ പുസ്തകം’ എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:

ആമുഖം : താവോയുടെ പുസ്തകം

അദ്ധ്യായം ഒന്ന്‌ :പറയാവുന്ന താവോ അനശ്വരമായ താവോയല്ല

അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്

അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും


Advertisement