എഡിറ്റര്‍
എഡിറ്റര്‍
ചളിയൂറുന്നതുവരെ ശാന്തമായി കാത്തിരിക്കുവര്‍
എഡിറ്റര്‍
Saturday 26th January 2013 12:38am

ജീവിതത്തെ മുന്‍വിധികള്‍കൊണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് താവോയെ മനസ്സിലാക്കാന്‍ പ്രയാസമാണ്. അത് പ്രണയം പോലെയാണ്. അനുഭവിച്ച ശേഷമാണ് നാമതറിയുക. എന്തുകൊണ്ട് പ്രേമിച്ചു എന്നു ചോദിച്ചാല്‍ ഒരു പ്രണയിനിക്കും ഇന്നതുകൊണ്ടാണ് പ്രേമിച്ചതെന്നു പറയാനാവില്ല.


tao


ദര്‍ശനം /ഷൗക്കത്ത്


Shoukathപതിനഞ്ച്

പൗരാണിക ഗുരുക്കന്മാര്‍ സൂക്ഷ്മതയുള്ളവരും ഗൂഢാത്മാക്കളും

ഗംഭീരരും പ്രതികരിക്കുന്നവരുമായിരുന്നു.

അവരുടെ അറിവിന്റെ ആഴം അളക്കാനാവാത്തതാണ്.

അവരുടെ രൂപഭാവാദികളെ വര്‍ണ്ണിക്കാന്‍ മാത്രമെ നമുക്കാകൂ.

തണുണുത്തുറഞ്ഞ അരുവി മുറിച്ചു കടക്കുന്നവരെപ്പോലെ ശ്രദ്ധാലുക്കള്‍.

അപകടം മണത്തവരെപ്പോലെ ജാഗരൂകര്‍.

അതിഥിയെപ്പോലെ മാന്യര്‍.

ഉരുകുന്ന മഞ്ഞുപോലെ വഴക്കമുള്ളവര്‍.

കൊത്തുവേല ചെയ്യാത്ത തടിക്കഷണംപോലെ ലാളിത്യമാര്‍ന്നവര്‍.

ഗുഹപോലെ പൊള്ളയായവര്‍.

കലങ്ങിയ ജലാശയംപോലെ നിഗൂഢര്‍.

ചളിയൂറുന്നതുവരെ ശാന്തമായി കാത്തിരിക്കുവാനാര്‍ക്കാകും?

കര്‍മ്മനിരതമാകേണ്ട നിമിഷംവരെ നിശ്ചലരായി തുടരാനാര്‍ക്കാകും?

താവോയെ അറിയുന്നവര്‍ പൂര്‍ണ്ണത തേടുകയില്ല.

മാറ്റത്തിനായി ആഗ്രഹിക്കുകയുമില്ല.പൗരാണിക ഗുരുക്കന്മാര്‍ കാഴ്ചയിലും പ്രവൃത്തിയിലും വാക്കുകളിലും ചിന്തകളിലും അസാധാരണത്വം നിറഞ്ഞവരോ ആന്തരികതയില്‍ മൂല്യം കുറഞ്ഞവരോ ആയിരുന്നില്ല. അവര്‍ സൂക്ഷ്മതയുള്ളവരായിരുന്നു.

ജീവിതത്തിലെ ബാഹ്യമായ പ്രതലങ്ങളില്‍ വ്യവഹരിക്കുന്നവരായിരുന്നില്ല. അവരുടെ ശ്രദ്ധ ആന്തരിക സ്വച്ഛതയിലായിരുന്നു. ആളും തരവും നോക്കി പ്രതികരിക്കുന്നവരായിരുന്നില്ല അവര്‍. മന്‍സൂര്‍ ഹല്ലാജിനെയും ജോണ്‍ ഓഫ് ആര്‍ക്കിനെയും ഓര്‍ക്കുക. സോക്രട്ടീസിനെ കാണുക. അക്ക മഹാദേവിയെയും മീരയെയും റാബിയയെയും അറിയുക.

Ads By Google

ആത്മാവിന്റെ ആഴങ്ങളില്‍ അനുഭവിച്ച സത്യം എവിടെയും വിളിച്ചു പറയാന്‍ അവര്‍ മടിച്ചില്ല. അവരുടെ ശ്രദ്ധ സ്വച്ഛമായ ജീവധാരയിലായിരുന്നു. മരണം അവര്‍ക്ക് ഭയക്കേണ്ടതായ അനുഭവല്ല. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത മരണത്തെ എന്തിനു ഭയക്കണം എന്നാണ് സോക്രട്ടീസ് ചോദിച്ചത്.

സത്യത്തോടു ചേര്‍ന്നു നില്‍ക്കുക എന്നതിനേക്കാള്‍ സത്യം തന്നെയായി മാറിയവരായിരുന്നു അവര്‍. അതുകൊണ്ടാണ് അവരുടെ പ്രതികരണങ്ങള്‍ നമ്മെ ഇന്നും ഇത്രമാത്രം ഉള്‍പുളകിതരാക്കുന്നത്. ജീവിതത്തിന്റെ തനിമയെ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായിരിക്കുന്നത്.

പ്രശസ്തിയുടെയും പണത്തിന്റെയും അധികാരത്തിന്റെയും സുഖലോലുപതയുടെയും വാതായനങ്ങള്‍ രഹസ്യമായി അന്വേഷിക്കുന്നവര്‍ക്ക് ഇവര്‍ അജ്ഞാതരാണ്. ഗൂഢാത്മകമായ പൊരുളിന്റെ സാരള്യത്തേക്കാള്‍ വാഗ്വിലാസങ്ങളുടെ മായാപ്രപഞ്ചമാണ് ജീവിക്കുന്നുവെന്ന തോന്നല്‍ അവര്‍ക്കു നല്കുന്നത്. ചുറ്റും ആളുകള്‍ കൂടിയില്ലെങ്കില്‍ നഷ്ടപ്പെട്ടു പോകുന്ന ആത്മാനുഭൂതിയാണ് അവരുടെ ആത്മീയത.

ജീവിതത്തെ മുന്‍വിധികള്‍കൊണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് താവോയെ മനസ്സിലാക്കാന്‍ പ്രയാസമാണ്. അത് പ്രണയം പോലെയാണ്. അനുഭവിച്ച ശേഷമാണ് നാമതറിയുക. എന്തുകൊണ്ട് പ്രേമിച്ചു എന്നു ചോദിച്ചാല്‍ ഒരു പ്രണയിനിക്കും ഇന്നതുകൊണ്ടാണ് പ്രേമിച്ചതെന്നു പറയാനാവില്ല.

എല്ലാ കാരണങ്ങള്‍ക്കുമപ്പുറം കാരണാന്തരമായ ചിലതുണ്ട്. താവോയോടു ചേര്‍ന്നിരിക്കുക മാത്രമാണ് ഏകവഴി. അങ്ങനെയുള്ളവരാണ് ഗുരുക്കന്മാര്‍.

അതിസങ്കീര്‍ണ്ണവും ദുര്‍ബലവുമായ ബുദ്ധികൊണ്ട് അവരെ അളക്കാമെന്നു കരുതരുത്. എല്ലാ ബുദ്ധിയും ദുര്‍ബലമായിത്തീരുന്ന പ്രണയലോകം പോലെ നിഗൂഢമായൊരു പ്രപഞ്ചമാണ് ഗുരുക്കന്മാരെയും വലയം ചെയ്തു നില്‍ക്കുന്നത്. ചില ഉപമകളിലൂടെ അല്ലെങ്കില്‍ വര്‍ണ്ണനകളിലൂടെ അവരുടെ ആന്തരികതയിലേക്ക് വെളിച്ചം വീശാനായേക്കാം.

തണുത്തുറഞ്ഞ അരുവി മുറിച്ചു കടക്കുന്നവരെപ്പോലെ ശ്രദ്ധാലുക്കളാണവര്‍. തണുത്തുറഞ്ഞ അരുവി അലസമായി മുറിച്ചു കടക്കാനാവില്ല. അതിന് അതീവജാഗ്രത ആവശ്യമാണ്. ശ്രദ്ധ അല്പമൊന്നു തെറ്റിയാല്‍ കാലുതെന്നി അഗാധതയില്‍ നിപതിച്ചേക്കും.

അത്തരം യാത്രകളില്‍ പ്രാണന്‍ എത്രമാത്രം നിശ്ചലമായിരിക്കുമെന്നു അനുഭവിച്ചുതന്നെ അറിയണം. മൗനാത്മകമായ ഒരന്തരംഗം സ്വാഭാവികമായി സജീവമാകും. പ്രാണന്റെ നിശ്ചലതയില്‍ ചിന്തകളെല്ലാം ഒഴുകി മറയും. ശരീരം തന്നെ ശ്രദ്ധയായി മാറുന്ന അനുഗ്രഹീത നിമിഷമാണത്. ജീവിക്കുന്ന ഓരോ നിമിഷവും ശ്രദ്ധാന്വിതമായ തപസ്സുണ്ടെങ്കിലേ സമാധാനത്തില്‍ നിന്നും വഴുതിവീഴാതെ ഒഴുകാനാകൂ.

അടുത്ത പേജില്‍ തുടരുന്നു

Advertisement