എഡിറ്റര്‍
എഡിറ്റര്‍
സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും
എഡിറ്റര്‍
Sunday 27th May 2012 1:58pm

സന്തോഷം ആരില്‍നിന്നും ഒന്നില്‍നിന്നും ലഭിക്കുന്നതല്ല. അത് അവനവന്റെ ഹൃദയത്തില്‍ വിരിഞ്ഞു വരേണ്ടതാണ്. ഇതു കാലാകാലങ്ങളായി അനുഭവിച്ചവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണു്. നമ്മുക്കും അറിയാവുന്നതാണ്. എന്നിട്ടും നാമെല്ലാം പുറമേ തന്നെയാണു് അന്വേഷിക്കുന്നത്.

Taoyude Pusthakam

അദ്യായം മൂന്ന്

 

സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും.

ധനം കൂട്ടിവയ്ക്കാതിരുന്നാല്‍ മോഷണമൊഴിവാകും.

കാമ്യവസ്തുക്കളെ അവഗണിച്ചാല്‍ ഹൃദയകാലുഷ്യമകലും.

അതിനാല്‍ ജ്ഞാനികള്‍,

ആഗ്രഹങ്ങളെ ദുര്‍ബലമാക്കുന്നു; ശരീരത്തെ ബലപ്പെടുത്തുന്നു.

ഹൃദയത്തെ ശൂന്യമാക്കി ഉദരം നിറയ്ക്കുന്നു.

അറിവും ആഗ്രഹങ്ങളും ഒഴിഞ്ഞവരുടെ ജീവിതത്തില്‍

ഒരാളും ഇടപെടാന്‍ ശ്രമിക്കുകയില്ല.

ഒന്നും ചെയ്യാതിരുന്നാല്‍ എല്ലാം വഴിയേ ശരിയായിവരും.

 

ആസ്വാദനം

ജീവിതത്തെ കലുഷമാക്കുന്ന നിയമങ്ങള്‍കൊണ്ടും ചിന്തകള്‍കൊണ്ടും വലകള്‍നെയ്ത് അതിലേക്ക് സ്വയം എടുത്തുചാടി രക്ഷിക്കണേയെന്നു വാവിട്ടു നിലവിളിച്ചുകൊണ്ടിരിക്കുന്ന വിവേകശൂന്യരായ മനുഷ്യരാണ് നാം. എത്ര കണ്ടാലും കൊണ്ടാലും നമ്മുടെ തലയില്‍ വെളിവുണ്ടാവുകയില്ല. അതുകൊണ്ടുതന്നെയാണു് നാം വെളിച്ചംതേടി വീണ്ടുംവീണ്ടും ലാവോത്സുവിനെപ്പോലുള്ളവരുടെ അടുത്തെത്തുന്നതു്. പഴയവര്‍ പറഞ്ഞതുതന്നെയാണു് പിന്നീടു വന്നവരും ആവര്‍ത്തിക്കുന്നതു്. പഴയവീഞ്ഞു് പുതിയ കുപ്പിയില്‍ ലഭിക്കുന്നുവെന്നേയുള്ളൂ.

മിടുക്കരാവണം! ഒന്നാമനാവണം! ഇതാണ് എന്നും നമ്മുടെ മന്ത്രം. കള്ളക്കടത്തുകാരനായാലും ഗാന്ധിയനായാലും ഈ വിഷയത്തില്‍ തര്‍ക്കമില്ല. ശരിയായ ഗാന്ധിയന്‍ താനാണെന്ന് ഒരാള്‍. എന്നേക്കാള്‍ ഉയര്‍ന്ന തലത്തിലെത്തിയവരില്ലെന്ന് പറയാതെ പറയുന്ന വിശുദ്ധര്‍! ഗുരുക്കന്മാര്‍! താനാണ് ഏറ്റവും വലിയ കോടീശ്വരന്‍ എന്നൊരുവന്‍! അങ്ങനെയങ്ങനെ ആത്മീയനും ഭൗതികനും ഒന്നാമനാവാന്‍ ശ്രമിക്കുന്നു. ഒന്നാമനാവുന്നതിലൂടെ സമാധാനമുണ്ടാകുമെന്നു ധരിക്കുന്നു. അല്ലെങ്കില്‍ സമാധാനത്തിലും ശാന്തിയിലും ആണെന്ന് അഭിനയിക്കുന്നു.

മാത്സര്യത്തെ ജീവിതവ്രതമാക്കിയവരാണു നാം. ജീവിതം അര്‍ത്ഥവത്തായിത്തീരുന്നത് വിജയങ്ങളില്‍നിന്നും വിജയങ്ങളിലേക്ക് അടിവെച്ചടിവെച്ചു മുന്നേറുമ്പോഴാണെന്ന് കാലാകാലങ്ങളായി നാം ധരിച്ചു വെച്ചിട്ടുമുണ്ട്. കുറച്ചുപേര്‍ മാത്രമെ ആ ധാരണയിലേക്ക് സംശയത്തോടെയെങ്കിലും ഒന്നു കണ്ണുചുളിച്ചു നോക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. അങ്ങനെ നോക്കിയവരില്‍നിന്നാണ് തികച്ചും വ്യത്യസ്തമായ ജീവിതവീക്ഷണങ്ങള്‍ നമുക്ക് വീണുകിട്ടിയത്. കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും എത്ര ശരിയെന്നു നാം ആശ്ചര്യപ്പെടുമ്പോഴും ജീവിതയാഥാര്‍ത്ഥ്യത്തിലേക്കു വരുമ്പോഴൊക്കെ വീണ്ടും നാംപോലുമറിയാതെ ജീവിതം ആ മാത്സര്യത്തിന്റെ ഒഴുക്കിലേക്കുതന്നെ തെന്നിവീണുപോവുകയാണ് പതിവ്.

മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി ഗുണഗണങ്ങളെ വിധിക്കുന്ന മനോഭാവത്തില്‍നിന്നാണ് മാത്സര്യത്തിന്റെ വിഷബാധയുണ്ടാകുന്നത്. ബോധത്തെ അഹന്തയില്‍നിന്നും വിടര്‍ത്താനായി രൂപപ്പെട്ട കലാസാഹിത്യസംഗീതാദികള്‍പോലും ഇന്ന് മാത്സര്യത്തിന്റെ ഏറ്റവും വലിയ കൂത്തരങ്ങായി മാറിയിരിക്കുന്നു. എന്തുകൊണ്ടിങ്ങനെ? ഈ ഇത്തിരിക്കാലജീവിതം ഇങ്ങനെ മല്ലടിച്ചു തീര്‍ക്കാനുള്ളതാണോ?

മാങ്ങയാണോ തേങ്ങയാണോ നല്ലത്? പനിനീര്‍പ്പൂവോ ജമന്തിയോ മനോഹരം? ആകാശമോ സാഗരമോ വിശാലം? പൂച്ചക്കുഞ്ഞിലോ നായക്കുഞ്ഞിലോ അരുമത്തം? ആര്യവേപ്പിനോ തുളസിക്കോ ഔഷധവീര്യം? എന്നൊക്കെ ഒരാള്‍ നമ്മോടു ചോദിച്ചാല്‍ എന്തൊരു മണ്ടന്‍ചോദ്യം എന്നു നാം ആശ്ചര്യപ്പെടും. എന്നാല്‍ അവനോ ഇവനോ മിടുക്കന്‍? അവളോ ഇവളോ മിടുക്കി എന്നു ചോദിച്ചാല്‍ അതില്‍ യാതൊരു അസംബന്ധവും നമുക്ക് കാണാനാവുന്നുമില്ല.

ഐന്‍സ്റ്റീന് നല്ല ചമ്മന്തി അരക്കാനാവില്ല. ബെയ്‌ഥോവന് വാന്‍ഗോഗിനെപ്പോലെ വരയ്ക്കാനാവില്ല. ഇവര്‍ക്കാര്‍ക്കും നല്ലൊരു കൃഷിക്കാരനാവാനാവില്ല. നീന്താനറിയില്ലെങ്കില്‍ മുഴുവന്‍ ജീവിതവും ആപ്പിലായിപ്പോയെന്നു പറഞ്ഞ വഞ്ചിക്കാരന്റെ കഥയും നമുക്കറിയാം. എല്ലാം തികഞ്ഞവരായി ആരുമില്ല. ഗുണമില്ലാത്തവരായും ആരുമില്ല. ഓരോരുത്തരും അവരവരുടെ ലോകങ്ങളില്‍ മിടുക്കരാണ്. മറ്റു ലോകങ്ങളില്‍ അജ്ഞരുമാണ്.

ഒരാള്‍ മിടുക്കനാവുന്നത് എപ്പോഴാണ്. മിടുക്കിന് നാം അനേകം മാനദണ്ഡങ്ങള്‍ കല്‍പിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞന്‍ മിടുക്കനാണ്. എന്‍ജിനീയര്‍ മിടുക്കനാണ്. കവി മിടുക്കനാണ്. ഡോക്ടര്‍ മിടുക്കനാണ്. റാങ്കൂകാര്‍ മിടുക്കരാണ്. ഓട്ടക്കാരന്‍ മിടുക്കനാണ്. അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി മാനദണ്ഡങ്ങള്‍. എന്നാല്‍ ഒരു നല്ല അമ്മയോ? നല്ല തെങ്ങുകയറ്റക്കാരന്‍? ഒന്നും ചെയ്യാതെ സന്തോഷത്തോടെ ഇരിക്കുന്നവന്‍? തൂപ്പുകാരന്‍? ചുമ്മാ കുളിമുറിയില്‍മാത്രം പാട്ടുപാടുന്നവര്‍? നന്നായി കല്ലു കളിക്കുന്നവര്‍? ലഗോരി കളിക്കുന്നവന്‍? പുഴയൊഴുകുന്നതുംനോക്കി ചുമ്മാ ഇരുന്ന് കണ്ണുനീര്‍ പൊഴിക്കുന്നവള്‍? കാടിന്റെ കുളിരില്‍ സ്വയംമറന്ന് രോമാഞ്ചം കൊള്ളുന്നവര്‍? ഇവരൊന്നും മിടുക്കരല്ലേ? പ്രതിഭാധനരല്ലേ?

മിടുക്കിന്റെ അംശമില്ലാത്ത ഒരാളെയെങ്കിലും കാണാനാവുമോ? ഇല്ല. മിടുക്കിന് നാം കൊടുത്തിട്ടുള്ള മാനദണ്ഡങ്ങളെല്ലാം മാറ്റിവെച്ചിട്ട് മുന്‍വിധികളേതുമില്ലാതെ, മറ്റൊന്നുമായും താരതമ്യപ്പെടുത്താതെ, എല്ലാറ്റിനേയും അതതിന്റെ സ്വാഭാവികതയില്‍ കാണാനാവുമെങ്കില്‍ എല്ലാം ഒരു പൂന്തോട്ടത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പൂക്കള്‍പോലെ മനോഹരങ്ങളാണെന്ന് കാണാന്‍കഴിയും. അങ്ങനെ ഒരു കാഴ്ചയിലേക്കു നമ്മെ നയിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ലാവോത്സു ഈ മന്ത്രങ്ങള്‍ എഴുതിയിട്ടുള്ളത്.

‘സ്തുതിക്കാതിരുന്നാല്‍ മാത്സര്യം ഇല്ലാതാകും.

ധനം കൂട്ടിവെയ്ക്കാതിരുന്നാല്‍ മോഷണം ഒഴിവാകും.

കാമ്യവസ്തുക്കള്‍ അവഗണിച്ചാല്‍ ഹൃദയകാലുഷ്യമകലും.”

രമണമഹര്‍ഷിയുടെ ജീവിതത്തില്‍നിന്നുള്ള ഒരു സന്ദര്‍ഭമാണു് ഓര്‍മ്മയില്‍ നിറയുന്നത്. ഒരാള്‍ രമണമഹര്‍ഷിക്ക് ചന്ദനത്തിന്റെ ഒരു വടി സമ്മാനിച്ചു. മഹര്‍ഷി അതുവാങ്ങി ഒന്നുഴിഞ്ഞിട്ട് കുറച്ചുനേരം അടുത്തുവെച്ചു. പിന്നെ അതെടുത്ത് ആ ധനവാനുതന്നെ തിരിച്ചു കൊടുത്തിട്ടു പറഞ്ഞു: ‘ഇതിവിടെവെച്ചാല്‍ ആരെങ്കിലും എടുത്തുകൊണ്ടുപോകും. മറ്റുള്ളവര്‍ക്കു സ്വന്തമാക്കാന്‍ തോന്നുന്നതൊന്നും ഞാനിവിടെ സൂക്ഷിക്കാറില്ല.”

സ്വന്തമാക്കുന്നതോടെ നഷ്ടപ്പെടുന്നതാണ് സൗന്ദര്യം. സ്വന്തമാക്കാനുള്ള ത്വരയാണ് അസ്വസ്ഥത. ഇഷ്ടപ്പെട്ട വസ്തുക്കള്‍ സ്വന്തമാക്കിയപ്പോഴൊക്കെ ആ ഇത്തിരിനേരത്തെ സന്തോഷത്തിനുമപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നത് നമ്മുടെയൊക്കെ അനുഭവമാണ്. എന്നിട്ടും ഇഷ്ടപ്പെട്ടതൊക്കെ സ്വന്തമാക്കുന്നതിനായി ജീവിതംതന്നെ നാം ഉഴിഞ്ഞു വെച്ചിരിക്കുന്നു. കൊതിയുടെ ലോകങ്ങള്‍ കൂടുന്നതിനനുസരിച്ച് ഹൃദയകാലുഷ്യവും കൂടുകയേയുള്ളൂ. ഇതൊക്കെ നമുക്കറിയാവുന്നതാണ്. പക്ഷെ ഒന്നും ഒഴിയുന്നില്ല. വീണ്ടുംവീണ്ടും ഈ ദുര കൂടുന്നതേയുള്ളൂ.

സന്തോഷം ആരില്‍നിന്നും ഒന്നില്‍നിന്നും ലഭിക്കുന്നതല്ല. അത് അവനവന്റെ ഹൃദയത്തില്‍ വിരിഞ്ഞു വരേണ്ടതാണ്. ഇതു കാലാകാലങ്ങളായി അനുഭവിച്ചവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണു്. നമ്മുക്കും അറിയാവുന്നതാണ്. എന്നിട്ടും നാമെല്ലാം പുറമേ തന്നെയാണു് അന്വേഷിക്കുന്നത്. കുറെസമയം കണ്ണടച്ചും അല്ലാതെയുമൊക്കെ നാം അകമേയ്ക്കു തിരിയുന്നവരാണെങ്കിലും പുറമേയുള്ള ഇളക്കങ്ങളെല്ലാം നമ്മെ അസ്വസ്ഥരാക്കാറുണ്ട്. ആന്തരീകം എന്നപോലെത്തന്നെ ബാഹ്യമായ നഷ്ടങ്ങളിലും ലാഭങ്ങളിലും നാം സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ഇതില്‍നിന്ന് അത്ര പെട്ടെന്നൊന്നും രക്ഷപ്പെടാന്‍ നമുക്കാവില്ല. അതിനു നമ്മില്‍ ചില പരിവര്‍ത്തനങ്ങള്‍ സംഭവിച്ചേ മതിയാവൂ. ചില തിരിച്ചറിവുകള്‍ സംഭവിച്ചേ മതിയാവൂ. മാത്സര്യത്തിന്റെ ലോകത്തുനിന്നും ഹൃദയകാലുഷ്യത്തിന്റെ ലോകത്തുനിന്നും ഉണര്‍ന്നു് സഹജനിലയെ അനുഭവിക്കണമെങ്കില്‍ ഉള്ളില്‍ ഒഴിവുണ്ടാകണം. ആ സാധനയുടെ ലോകമാണ് ലാവോത്സു തുടര്‍ന്നു പറയുന്നത്.

അതിനാല്‍ ജ്ഞാനികള്‍,

ആഗ്രഹങ്ങളെ ദുര്‍ബലമാക്കുന്നു; എന്നാല്‍ ശരീരത്തെ ബലപ്പെടുത്തുന്നു.

ഹൃദയത്തെ ശൂന്യമാക്കുന്നു; എന്നാല്‍ ഉദരം നിറയ്ക്കുന്നു.

അറിവും ആഗ്രഹങ്ങളും ഒഴിഞ്ഞിരിക്കുന്നവരുടെ ജീവിതത്തില്‍ ആരും ഇടപെടാന്‍ ശ്രമിക്കുകയില്ല.”

ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി ശരീരത്തെയും ആത്മാവിനെയും സദാ ബലികൊടുത്തുകൊണ്ടിരിക്കുന്നവരാണ നാം. ആഗ്രഹങ്ങള്‍! പ്രതീക്ഷകള്‍! ചിന്തകള്‍! എന്നിവകൊണ്ടു നിറഞ്ഞുകവിഞ്ഞ മനസ്സുമായി പരക്കംപായുന്ന നാം എന്തിനീ വെപ്രാളം എന്നു അപൂര്‍വ്വമായിമാത്രമേ ചോദിക്കുന്നുള്ളൂ. ഒരാഗ്രഹം സഫലീകരിക്കുമ്പോള്‍ അതില്‍നിന്നും ഒരായിരം ആഗ്രഹങ്ങള്‍ ഉണര്‍ന്നുവരും. അതു പിന്നെ അവിരാമമായി തുടരും. അതാണ് ആഗ്രഹത്തിന്റെ സ്വഭാവം. ആഗ്രഹത്തിന്റെ ആഴത്തില്‍ ഒളിഞ്ഞിരിക്കുന്ന ഈ ചതി അറിയാവുന്നവരാണ് ജ്ഞാനികള്‍. അതിനാല്‍, ആഗ്രഹങ്ങള്‍ അതു ഇഹത്തിനുവേണ്ടിയായാലും പരത്തിനുവേണ്ടിയായാലും നമ്മെ സഹജനിലയില്‍നിന്നും അകറ്റുന്നതാണെന്നറിഞ്ഞ് അതിനെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആഗ്രഹങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള തപസ്സ് ശരീരത്തെ അവഗണിച്ചുകൊണ്ടാവരുതെന്നു് അവര്‍ താക്കീതുനല്കുന്നു.

നമ്മുടെ തപസ്സങ്കല്പങ്ങളിലധികവും ശരീരപീഢയെ അറിഞ്ഞോ അറിയാതെയോ മാനിക്കുന്നവയാണ്. ശരീരത്തെയും ഹൃദയത്തെയും പീഢിപ്പിക്കുന്നത് ആത്മോന്നതിയ്ക്ക് ഭൂഷണമല്ല. എന്നാല്‍ ലോകത്തുണ്ടായിട്ടുള്ള ഒട്ടുമിക്ക മതങ്ങളുടെയും ദര്‍ശനങ്ങളുടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് വിഷാദംബാധിച്ച ബോധവും ശരീരത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ധാരണകളുമാണ്. തനിക്കു മുമ്പുണ്ടായതും പിന്നീടു തുടര്‍ന്നു കൊണ്ടേയിരിക്കുന്നതുമായ ഈ ധാരണയെ തിരുത്തുകയായിരുന്നു രണ്ടായിരത്തിയഞ്ഞൂറു വര്‍ഷംമുമ്പു് ലാവോത്സു ചെയ്തത്. അദ്ദേഹം പറഞ്ഞു: ആഗ്രഹങ്ങളെ ദുര്‍ബലമാക്കുക; എന്നാല്‍ ശരീരത്തെ ബലപ്പെടുത്തുക.

ഇവിടെ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും അതിന്റെ ഫലമായി ആഗ്രഹങ്ങള്‍ ക്ഷീണിക്കുകയും ചെയ്യുന്ന സാധനകളാണ് ഏറെയുമുള്ളത്. ശരീരത്തെ ബലപ്പെടുത്തി ആഗ്രഹങ്ങളെ, ഇച്ഛകളെ കൂടുതല്‍ ശക്തമാക്കുന്ന രീതികളും കുറവല്ല. ഹഠയോഗികളില്‍ സാധാരണയായി കണ്ടുവരുന്ന സിദ്ധിക്കായുള്ള ആഗ്രഹം ഇതിനുദാഹരണമാണ്. ശരീരത്തിന്റെ സുസ്ഥിതിക്കായി യോഗാഭ്യാസവും പ്രാണായാമവും നമുക്കു ലഭിച്ചിട്ടുണ്ടെങ്കിലും അതു അഭ്യസിക്കുന്നവരില്‍നിന്നും സ്നേഹോഷ്മളതയേക്കാള്‍ പരുഷമായ പ്രതികരണങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. ശരീരത്തെ ശക്തവും വഴക്കമുള്ളതും ആക്കുന്നത് ആഗ്രഹങ്ങളെ ദുര്‍ബലപ്പെടുത്താനായിരിക്കണം എന്നു ലാവോത്സു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഹൃദയത്തെ ശൂന്യമാക്കുക, ലാവോത്സു തുടര്‍ന്നു പറയുന്നു. നാം ജീവിക്കുന്നത് ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കാനാണ്. എന്നാല്‍ ഏതു നിറവും ഇത്തിരിനേരം കഴിഞ്ഞാല്‍ ഒഴിഞ്ഞുപോകും. ആനന്ദത്തിന്റെ ആ അഭാവം നമ്മെ കൂടുതല്‍ അസ്വസ്ഥരാക്കും. അതിനാല്‍ നിറവിനുവേണ്ടിയല്ലാതെ ഒഴിവിനുവേണ്ടിയായിരിക്കണം ജീവിതം എന്നു് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. നിറവുകളൊന്നും നമ്മെ അയവുള്ളവരാക്കില്ല. ഒഴിവിലേ അയവുണ്ടാകൂ. ഒഴിഞ്ഞവന്‍ എന്നും ഒഴിഞ്ഞവനായിരിക്കും. എന്നാല്‍ നിറഞ്ഞവന്‍ കുറവനുഭവിക്കേണ്ടിവരും. നിറവില്‍ അഹന്തയുണ്ടാവും. ഒഴിവില്‍ വിനയമേ നിറയൂ. അതിനാല്‍ കാറ്റുപിടുത്തങ്ങള്‍ വേണ്ട. ഗൗരവം വേണ്ട. എല്ലാ കാറ്റും അഴിച്ചു കളഞ്ഞേക്കാം. എല്ലാ ഗൗരവങ്ങളെയും അയച്ചു വിട്ടേക്കാം. അപ്പോള്‍ നാം സാധാരണത്വം അറിയും. അസാധാരണത്വങ്ങളെല്ലാം ഒഴുകിമറയും.

ധ്യാനം ശീലിക്കുന്നവര്‍ക്കു ലഭിക്കാവുന്ന വലിയൊരു ഉപദേശമാണിത്. ശബ്ദകോലാഹലങ്ങളില്‍നിന്നും ഒഴിഞ്ഞ് ശാന്തമായൊരിടത്ത് ധ്യാനത്തിനായിരിക്കുന്ന ഒരാള്‍ ഉള്ളില്‍ ശാന്തിമയമായ ആനന്ദത്തെയും കാത്താണിരിക്കുക. അല്പം കഴിയുമ്പോള്‍ ഉള്ളിലേക്ക് ആനന്ദത്തിന്റെ മാധുര്യം വന്നുനിറഞ്ഞുതുടകൂം. ആ നിറവില്‍ നാം ആഹ്ലാദിക്കും. അതു വരാന്‍ വൈകിയാല്‍ ഉള്ളില്‍ നിരാശ വന്നുനിറയും. വരികയും പോവുകയും ചെയ്യുന്നതെല്ലാം അതു ആനന്ദമായാല്‍പോലും നിരാശയ്ക്കുള്ള വളമാണ്. അതിനാല്‍ വന്നുപോകുന്ന അനുഭവങ്ങളെ പിടിച്ചുവയ്ക്കാന്‍ ശ്രമിക്കാതെ, വെറുതെ ഇരിക്കുക. ആനന്ദത്തിന്‍മേലുള്ള പിടി വിടുന്നിടത്തുനിന്നാണ് ഒഴിവിലേക്കുള്ള യാത്ര ആരംഭിക്കുക. എവിടെയും പിടിക്കാതെ, ഒന്നിനുംവേണ്ടിയല്ലാതെ ചുമ്മാ ഇരിക്കാന്‍ തയ്യാറായവന് മെല്ലെമെല്ലെ തന്റെ തനിമയിലേക്കു് ഒഴുകിയെത്താനാവും. ഒന്നും ചെയ്യാതിരുന്നാല്‍ എല്ലാം വഴിയേ ശരിയായി വരും. എന്നാല്‍ ഈ യാത്രയില്‍ ശരീരത്തെ വിസ്മരിക്കുക സ്വാഭാവികമാണ്. ലാവോത്സു അതിനനുവദിക്കുകയില്ല. അദ്ദേഹം പറയുന്നു; ഉദരത്തിനു വേണ്ടത് കൊടുക്കാന്‍ മറക്കരുത്. ജീസസ് പറഞ്ഞതുപോലെ; സീസറിനുള്ളത് സീസറിന്. ദൈവത്തിനുള്ളത് ദൈവത്തിന്.

ഇതിനിടയില്‍ ചില വികൃതികള്‍ നമ്മിലുണരാന്‍ സാദ്ധ്യതയുണ്ട്. അറിവിന്റെ ലോകത്ത് അഭിരമിക്കാനുള്ള മോഹം അത്ര നല്ലതല്ലെന്നാണ് ലാവോത്സു പറയുന്നത്. പണ്ട് നമ്മുടെ ഉപനിഷത് ഋഷിയും ഇതോര്‍മ്മിപ്പിച്ചിട്ടുണ്ട്: ‘അവിദ്യയെ ഉപാസിക്കുന്നവര്‍ അന്ധതമസ്സിലും, വിദ്യയെ ഉപാസിക്കുന്നവര്‍ അതേക്കാള്‍ കൂരിരുട്ടിലും വീണുപോകുന്നു.” അറിവിന്റെയും അറിവുള്ളവരുടെയും പ്രഭാവങ്ങളില്‍നിന്നും ബോധത്തെ നിവര്‍ത്തിപ്പിക്കണമെന്ന് അദ്ദേഹം നമ്മെ ഉപദേശിക്കുന്നു. അദ്ദേഹം പറയുന്നു; ‘അറിവും ആഗ്രഹങ്ങളും ഒഴിഞ്ഞിരിക്കുന്നവരുടെ ജീവിതത്തില്‍ ആരും ഇടപെടാന്‍ ശ്രമിക്കുകയില്ല”.

നിങ്ങള്‍ താവോയില്‍ സഞ്ചരിക്കുന്നവരാണെങ്കില്‍ പ്രയോജനരഹിതമായ മരത്തെപ്പോലെയാവുക എന്ന് ലാവോത്സു ശിഷ്യരോടു പറഞ്ഞത് നാം ആമുഖത്തില്‍ വായിക്കുകയുണ്ടായി. അതിലേക്കു വിരല്‍ചൂണ്ടുന്ന ഒരു വചനമാണിത്. അറിവ് ഒരനുഗ്രമാണ്. അതുപോലെത്തന്നെ ശാപവും. അറിവിന്റെ ഉണര്‍വ്വുണ്ടാവുന്നവരില്‍ ആദ്യമുണരുക അത് ആരെങ്കിലുമായി പങ്കൂവയ്ക്കണമെന്ന ആഗ്രഹമാണു്. തികച്ചും അനുഗൃഹീതമായ ഒരു സത്കര്‍മ്മം. എന്നാല്‍ ആ ആഗ്രഹം നമ്മെ മെല്ലെമെല്ലെ അധികാരത്തിന്റെ സുഖം അനുഭവിപ്പിച്ചു തുടകൂം. പ്രശസ്തിയുടെ മായാപ്രപഞ്ചത്തിലേക്ക് അറിവു പകരാനുള്ള വെമ്പല്‍ നമ്മെ കൊണ്ടുപോകുന്നത് നാം അറിയുകയേയില്ല. അഹന്തയുടെ വിനാശത്തിനുവേണ്ടി സംഭവിച്ച അറിവ് അഹന്തയുടെ വിജൃംഭണത്തിനുള്ള വളമാവുകയാണ്. അതറിഞ്ഞു വരുമ്പോഴേക്കും നാം സ്വാതന്ത്ര്യത്തില്‍നിന്നും ഒരുപാടു അകന്നുപോയിരിക്കും. എല്ലാവരിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. എന്നാല്‍ പലരിലും ഇതാണ് സംഭവിച്ചിട്ടുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ടു് ചെറിയൊരു ജാഗ്രത ധ്യാനാത്മകജീവിതം നയിക്കുന്നവരില്‍ ഉണ്ടായിരിക്കണമെന്ന് ലാവോത്സു ഓര്‍മ്മിപ്പിക്കുകയാണ്.

അറിവിന്റെ വിളയാടല്‍ അതോടെ അവസാനിക്കുന്നില്ല. നാം ആര്‍ക്കാണോ അറിവു പകരാന്‍ തുനിഞ്ഞത് അവര്‍ നാംപോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കും. അവര്‍ പറയുന്ന പോലെയോ അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന പോലെയോ നാം ജീവിക്കേണ്ടി വരും. അതോടെ നമ്മുടെ യാത്ര അവസാനിക്കും. പിന്നെ നിന്നിടത്തുനിന്ന് വട്ടംകറങ്ങല്‍ മാത്രമെ സംഭവിക്കുകയുള്ളൂ. ഇതൊക്കെ അറിയാവുന്നതുകൊണ്ട് ലാവോത്സു പറയുന്നു: ‘അറിവും ആഗ്രഹങ്ങളും ഒഴിഞ്ഞിരിക്കുന്നവരുടെ ജീവിതത്തില്‍ ആരും ഇടപെടാന്‍ ശ്രമിക്കുകയില്ല.”

Advertisement