ന്യൂദല്‍ഹി: ഒറ്റ നിര്‍മ്മാണ ശാലയില്‍ നിന്നും ഒരു ലക്ഷം വാണിജ്യ വാഹനങ്ങള്‍ വിറ്റഴിച്ചുവെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതായി ടാറ്റാ മോട്ടോര്‍സ് അവകാശപ്പെട്ടു. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് തങ്ങളെന്നും ടാറ്റ കൊമേഴ്‌സ്യല്‍ വാഹനവിഭാഗം പ്രസിഡന്റ് രവി പിഷാരഡി വ്യക്തമാക്കി.

ടാറ്റാ ട്രക്കുകള്‍ക്കാണ് ഏറ്റവുമധികം ഡിമാന്റെന്നും രവി പിഷാരഡി പറഞ്ഞു. രാജ്യത്തെ റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടാല്‍ വില്‍പ്പന ഇനിയും കൂടുമെന്നും അടുത്ത സാമ്പത്തികവര്‍ഷത്തോടെ 10 മുതല്‍ 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ ജംഷഡ്പൂരിലെ പ്ലാന്റില്‍നിന്നും രണ്ടുമോഡലുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഈവര്‍ഷം തന്നെ പുതിയ രണ്ടുമോഡലുകള്‍കൂടി പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.