ന്യൂദല്‍ഹി: ആഗസ്റ്റില്‍ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ 3 ശതമാനം കുറവ് രേഖപ്പെടുത്തി. ചെറുകാറായ നാനോയുടെ വില്‍പ്പനയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.  ആഗസ്റ്റില്‍ 64,078 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റാ മോട്ടോര്‍സ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 65,954 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.

കമ്പനിയുടെ ഏറ്റവും പുതിയ വാഗ്ദാനമായ ടാറ്റാ നാനോയുടെ വില്‍പ്പനയില്‍ 85 ശതമാനം കുറവാണ ് രേഖപ്പെടുത്തിയത്. 1,202 യൂണിറ്റ് നാനോ കാറാണ ആഗസ്റ്റില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വില്‍
പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്‍ഡികോ ഫാമിലിയുടെ വില്‍പ്പനയില്‍ 24 ശതമാനം കുറവുണ്ടായപ്പോള്‍ സുമോയുടെയും ആര്യയുടെയും വില്‍പ്പനയില്‍ 15 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ആഗസ്റ്റില്‍ അഭ്യന്തര വിപണിയില്‍ 43,045 കൊമേഴ്‌സ്യല്‍ വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. തൊട്ട് മുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ ഇത് 35,585 യൂണിറ്റായിരുന്നു. 20.96 ശതമാനം വര്‍ധനവാണുണ്ടായത്.

അതേസമയം കമ്പനിയുടെ കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. കയറ്റുമതിയില്‍ 18.48 ശതമാനം കുറവാണുണ്ടായത്. ആഗസ്റ്റില്‍ 4,204 വാഹനങ്ങള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ തവണയിത് 5,157 യൂണിറ്റായുരുന്നു.