മുംബൈ: ആഡംബര കാര്‍ വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടാറ്റ. ടാറ്റയുടെ ബ്രിട്ടീഷ് ആഡംബര കാറുകളായ ജഗ്വറിനും, ലാന്റ് റോവറിനും കമ്പോള സാഹചര്യങ്ങള്‍ അനുകൂലമായതായാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലേക്ക് വന്നതിനുശേഷം ഇപ്പോഴാണ് കാറുകളുടെ വിപണി അനുകൂലമായി വന്നിട്ടുള്ളത്.

244000 ആഡംബര കാറുകളാണ് ആഗേള തലത്തില്‍ ടാറ്റാമോട്ടോര്‍സ് വിറ്റിട്ടുള്ളതെന്ന് കഴിഞ്ഞയാഴ്ച കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇത് 80 ശതമാനത്തില്‍ കൂടുതലാണ്. ജഗ്വര്‍ ലാന്റ് റോവേഴ്‌സ് (ജെ.എല്‍.ആര്‍) യൂണിറ്റിന്റെ വാര്‍ഷിക ലാഭത്തില്‍ വലിയൊരു സംഭാവനയായിരുന്നു ഇതെന്നും കമ്പനി വിലയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ലാന്റ് റോവേഴ്‌സ് നിര്‍മ്മിക്കുന്ന ടാറ്റയുടെ ഇന്ത്യന്‍ ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡില്‍ നിന്നും ടാറ്റ ഈ കാറുകളുടെ ഉടമസ്ഥത സ്വന്തമാക്കുകയായിരുന്നു. നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ ജെ.എല്‍.ആറില്‍ ടാറ്റക്ക് മൂന്ന് ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കേണ്ടിവന്നിട്ടുള്ളത്.