ന്യൂദല്‍ഹി: ശ്രീലങ്കയ്ക്ക് പുറമേ ടാറ്റാ നാനോ കാര്‍ ഇനി നേപ്പാളിലും ലഭ്യമാവും. ഞായറാഴ്ചയാണ് നാനോ കാറിന്റെ കയറ്റുമതി നേപ്പാളിലേക്കും വ്യാപിപ്പിച്ചതായി ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയത്.

7.98 ലക്ഷം രൂപ(5.01 ലക്ഷം ഇന്ത്യന്‍ രൂപ)യായിരിക്കും നേപ്പാളില്‍ കാറിന്റെ വില. ടാറ്റയുടെ അംഗീകൃത വിതരണക്കാരായ സിപ്രഡി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നേപ്പാളിലെ നാനോ കാറിന്റെ വിതരണക്കാര്‍.

‘നാനോ കാര്‍ നേപ്പാളില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. നേപ്പാളുകാര്‍ക്ക് ഏറ്റവും അനുയോജ്യമായ കാറാണ് നാനോ. അതുകൊണ്ടു തന്നെ നേപ്പാളികളുടെ ഹൃദയം കീഴടക്കാന്‍ നാനോക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’-ടാറ്റ മോട്ടോര്‍സിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ്സ് മേധാവി ജോണി ഉമ്മന്‍ പറഞ്ഞു.

കഴിഞ്ഞ 36 വര്‍ഷമായി നേപ്പാളില്‍ ടാറ്റാ ഗ്രൂപ്പിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്. നേപ്പാളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ടാറ്റയുടെ യാത്രാവാഹനങ്ങളാണ്.