മുംബൈ: ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പ് സിഇഒ യും മാനേജിങ് ഡയറക്ടറുമായ കാള്‍ പീറ്റര്‍ ഫോസ്റ്റര്‍ തല്‍സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഫോസ്റ്റര്‍ സ്ഥാനമൊഴിഞ്ഞതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ നോണ്‍ എക്‌സിക്യൂട്ടീവ് അംഗമായി അദ്ദേഹം തുടരും.

ജനറല്‍ മോട്ടോര്‍സിന്റെ യൂറോപ്യന്‍ മേധാവിയായിരുന്ന ഫോസ്റ്റര്‍ 2010 ഫെബ്രുവരിയിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചീഫ് ഓഫീസറായി ചുമതലയേറ്റത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബഌൂവിലും ഉയര്‍ന്ന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഫോസ്റ്റര്‍.

അഭ്യന്തരവിപണിയിലും രാജ്യാന്തര വിപണിയിലും ടാറ്റായുടെ വാഹനവില്‍പനയില്‍ ഗണ്യമായ കുറവ് ഉണ്ടായിക്കൊണ്ടിരിക്കെയാണ് ഫോസ്റ്ററിന്റെ പിരിഞ്ഞ് പോക്ക്. കമ്പനിക്ക് ചെയ്ത സേവനങ്ങളുടെ പേരില്‍ ഫോസ്റ്ററോട് ബഹുമാനമുണ്ടെന്നും ടാറ്റ ഗ്രൂപ്പ് സിഇഒ യും മാനേജിങ് ഡയറക്ടറുമായിരിക്കെ കമ്പനിയുടെ വിജയത്തിനായി ഫോസ്റ്റര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും ചെയര്‍മാന്‍ രത്തന്‍ ടാറ്റ പ്രതികരിച്ചു.