ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ച കമ്പനിയായ യൂനിടെക്കിന് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി 2007ല്‍ നല്‍കിയ സാമ്പത്തികസഹായം വിവാദമാകുന്നു. വായ്പ അനുവദിക്കുന്നതില്‍ നീര റാഡിയക്കും പങ്കുണ്ടെന്നും സൂചനയുണ്ട്.

1600 കോടിരൂപയായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ‘ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ്’ 2007ല്‍ യുനിടെക്കിന് നല്‍കിയത്. ഈതുക 2G സ്‌പെക്ട്രം ലഭിക്കാനായാണ് കമ്പനി ചിലവഴിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. ഈ സാമ്പത്തികകൈമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സ്‌പെക്ട്രം കുംഭകോണത്തിലെ വിവാദനായികയായ നീര റാഡിയ ആണെന്ന് സൂചനയുണ്ട്.

സാമ്പത്തിക കൈമാറ്റത്തില്‍ ടാറ്റാഗ്രൂപ്പിന് നേരിട്ട് പങ്കുണ്ടോ എന്ന് അന്വേഷണ ഏജന്‍സി പരിശോധിച്ചേക്കും. അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ ചോദ്യംചെയ്യലില്‍ ഇക്കാര്യത്തെക്കുറിച്ചും നീര റാഡിയ ചില വിവരങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.