കൊല്‍ക്കത്ത: സിങ്കൂരില്‍ നിന്ന് നാനോ പദ്ധതിയുമായി പശ്ചിമ ബംഗാള്‍ വിട്ട ടാറ്റ പുതിയ പദ്ധതിയുമായി തിരികെ വരുന്നു. ബുദ്ധദേവ് ഭട്ടാചാര്യ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴാണ് ടാറ്റ തന്റെ നാനോ കാര്‍ പദ്ധതിയുമായി ബംഗാളിലെത്തുന്നത്. എന്നാല്‍ കര്‍ഷകരുടെ കടുത്ത ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഇന്ന് മമത സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറുമ്പോള്‍ ആ ചടങ്ങില്‍ ടാറ്റയും ടാറ്റാ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. കഴിഞ്ഞ കാലങ്ങളില്‍ ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കെതിരായി നടന്ന കര്‍ഷക സമരങ്ങള്‍ക്ക് കരുത്തുറ്റ നേതൃത്വം കൊടുത്തത് മമത ബാനര്‍ജിയായിരുന്നു.

ഇത്തവണ ടാറ്റ ബംഗാളിലെത്തുന്നത് രാജര്‍ഹട്ടില്‍ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കുക എന്ന ഒരു ചെറു പദ്ധതിയുമായാണ്. ഇത് മമതയുമായുള്ള പുതിയ ബന്ധങ്ങളുടെ തുടക്കമാണെന്ന് കരുതപ്പെടുന്നു. ഗുജറാത്തിലെ സാനന്ദിലാണ് ഇപ്പോള്‍ ടാറ്റ നാനോഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്.

ടാറ്റ പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കണമെന്നാണ് മമത കര്‍ഷക സമരകാലത്ത് വാദിച്ചിരുന്നത് . 997 ഏക്കറാണ് നാനോ പദ്ധതിക്കായി ബുദ്ധദേവ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്തിരുന്നത്. ഇതില്‍ 400 ഏക്കറോളം ഭൂമി വെറുതെ കിടക്കുകയാണ്. മമത ഈ ഭൂമി എന്തു ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ മമതക്ക് എളുപ്പം കഴിയുമെന്ന് കരുതാന്‍ പറ്റില്ല. മാത്രവുമല്ല പടിച്ചെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഭൂനിയമത്തില്‍ പറയുന്നുമില്ല.