മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായ ടാറ്റ അതിന്റെ പുതിയ മേധാവിയെ തീരുമാനിക്കാനാവാതെ കുഴയുന്നു. രത്തന്‍ ടാറ്റയ്ക്ക് പിന്‍ഗാമിയെ കണ്ടെത്താനായി കഴിഞ്ഞ എട്ടുമാസമായി തുടങ്ങിയ ചര്‍ച്ച എങ്ങുമെത്താതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

2010 ആഗസ്റ്റിലായിരുന്നു പുതിയ ചെയര്‍മാനെ കണ്ടെത്താനായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിനായി ഒരു ഹൈ-പ്രൊഫൈല്‍ സമിതിതന്നെ രൂപീകരിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ തലപ്പത്തേക്ക് ആളെ കണ്ടെത്തുന്നതില്‍ സമിതിയിലെ അംഗങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 75 വയസു തികയുന്ന രത്തന്‍ ടാറ്റ വരുന്ന ഡിസംബറോടെ സ്ഥാനമൊഴിയും.

തന്റെ പിന്‍ഗാമിയായി ഇന്ത്യക്കാരനോ വിദേശിയോ എത്തുന്നതില്‍ യാതൊരു പരാതിയുമില്ലെന്ന് രത്തന്‍ ടാറ്റാ നേരത്തേ വ്യക്തമാക്കിയിരുന്നു. 140 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ ഇതുവരെയുണ്ടായിരുന്ന അഞ്ച് ചെയര്‍മാന്‍മാരില്‍ നാലുപേരും ടാറ്റാ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. നവറോജി സകലത്ത്‌വാല മാത്രമാണ് ടാറ്റാ കുടുംബത്തിനു പുറത്തുനിന്നുമെത്തി കമ്പനിയുടെ മേധാവിയായത്.

അതിനിടെ കാലാവധി അവസാനിക്കുമെങ്കിലും രത്തന്‍ ടാറ്റതന്നെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്നും ഗ്രൂപ്പിലെ മുതിര്‍ന്ന ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്