മൂന്നാര്‍ : മൂന്നാറില്‍ ടാറ്റ നിയമലംഘനം നടത്തിയത് കണ്ടെത്തിയതായി മന്ത്രിസഭാ ഉപസമിതി. കോടികള്‍ ചെലവഴിച്ച് ടാറ്റ ഡാം പണിതതിന്റെ ഉദ്ദേശം പരിശോധിക്കണമെന്നും ഡാം പ്രദേശം സന്ദര്‍ശിച്ചശേഷം ഉപസിമിതി അംഗങ്ങള്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

വൈദ്യുതി പദ്ധതികളിലേക്കുള്ള നീരൊഴുക്ക് ഡാം നിര്‍മ്മിച്ചതിലൂടെ ടാറ്റ തടസപ്പെടുത്തിയിരിക്കയാണ്. ടാറ്റ പാട്ടവ്യവസ്ഥ ലംഘിച്ചതിനെക്കുറിച്ച് അന്വേഷിക്കും. മൂന്നാറിലെ അനധികൃത ഡാമുകള്‍ പൊളിച്ച് നീക്കും. ടാറ്റയുടെ ഡാം പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ രണ്ട് പട്ടയമേളകള്‍ കൂടി നടത്തുമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. മൂന്നാറിലെ കയ്യേറ്റ മേഖലകള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയ കാര്യങ്ങളെക്കുറിച്ച് ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് വെക്കും.

പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മന്ത്രിസഭക്ക് സമര്‍പ്പിക്കും. മൂന്നാറില്‍ യു ഡി എഫ് ഭരണകാലത്താണ് കൂടുതല്‍ കയ്യേറ്റങ്ങളും നടന്നിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കയ്യേറ്റസ്ഥലങ്ങള്‍ പരിശോധിക്കുന്നതിന് മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍നിന്നും രാവിലെ പുറപ്പെട്ട സംഘം ലക്ഷ്മി എസ്‌റ്റേറ്റിലെ വിവിധ കയ്യേറ്റസ്ഥലങ്ങളാണ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ടാറ്റയുടെ ചെക് ഡാമും സന്ദര്‍ശിച്ചു.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍ , കെ.പി. രാജേന്ദ്രന്‍ , ബിനോയ് വിശ്വം. എം. വിജയകുമാര്‍ , എന്‍.കെ പ്രേമചന്ദ്രന്‍ , എ.കെ. ബാലന്‍ എന്നിവരാണ് ഉപസമിതി സംഘത്തിലുള്ളത്.