കോഴിക്കോട്: മൂന്നാറില്‍ ടാറ്റ അനധികൃതമായി അണക്കെട്ട് നിര്‍മ്മിച്ചത് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍. ചെങ്കുളം പദ്ധതിയിലേക്കുള്ള വെള്ളത്തിന്റെ ഉത്ഭവ സ്ഥാനത്താണ് ടാറ്റ അണക്കെട്ട് കെട്ടിയത്. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റയല്ല ആരായാലും കയ്യേറ്റം നടത്തിയാല്‍ നടപടെയടുക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

ഭൂമി കൈയേറ്റക്കാര്‍ക്കും അവരുടെ സഹായികള്‍ക്കും ജയില്‍ശിക്ഷ ഉറപ്പാക്കുന്ന നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നാര്‍ അടക്കം സംസ്ഥാനത്തെ എല്ലായിടത്തുംമുണ്ടായിട്ടുള്ള ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടും. ഭൂമാഫിയയെയും അവരുടെ സഹായികളെയും ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴും സഹായിക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കുകയില്ല. പിഴ ഈടാക്കുന്നതിന് പുറമെ ഇവര്‍ക്ക് ജയില്‍ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കുന്നത്.

കൈയേറ്റക്കാരോട് യാതൊരുവിധ ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ല. ഏത് വിധേനയും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുക തന്നെ ചെയ്യും. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ലാന്‍ഡ് ബാങ്ക് രൂപവത്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.