ഇടുക്കി: ടാറ്റ മൂന്നാറില്‍ കെട്ടിയ തടയണകള്‍ നിയമ വിരുദ്ധമാണെന്നും അത് പൊളിച്ച് നീക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടുമെന്നും സി പി ഐ എം. കൈയ്യേറ്റക്കാരേയും കുടിയേറ്റക്കാരേയും രണ്ടായി കാണണമെന്നാണ് പാര്‍ട്ടി നിലപാട്. മൂന്നാര്‍ സന്ദര്‍ശിക്കുന്ന സി പി ഐ എം സംഘത്തില്‍പ്പെട്ട ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കയ്യേറ്റത്തിനെതിരെ സി പി ഐ എം നിലപാട് ശക്തമാക്കാനാണ് മൂന്നാറിലെത്തിയത്. മൂന്നാറിലെ കര്‍ഷകര്‍ക്ക് സമാധാനപരമായി ഉറങ്ങാന്‍ സര്‍ക്കാര്‍ സാഹചര്യമുണ്ടാക്കണം. 1977ന് മുന്‍പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള ഊര്‍ജ്ജിമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഭൂമിയില്‍ താമസിക്കുന്നവരില്‍ നിന്ന് ടാറ്റ കമ്പനി പണം ഈടാക്കുന്നുണ്ടെങ്കില്‍ അത് തടയണം.

മൂന്നാറിലെ സ്ഥിതിഗതികളെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി. സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരാണ് മൂന്നാര്‍ സന്ദര്‍ശനം നടത്തുന്നത്.