കൊച്ചി: സര്‍ക്കാരിന്റെ പാട്ടക്കാരല്ല തങ്ങളെന്നു ടാറ്റ ഹൈക്കോടതിയില്‍. കണ്ണന്‍ ദേവന്‍ ഹില്‍സിലെ ബംഗ്ലാവുകള്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും ആക്കിയതില്‍ അപാകതയില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ടാറ്റ വ്യക്തമാക്കി.

കണ്ണന്‍ദേവന്‍ ഹില്‍സിലെ ബംഗ്ലാവുകള്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും ആക്കിയതിനെതിരേ സര്‍ക്കാര്‍ എടുത്ത നടപടിക്കെതിരെയാണു ടാറ്റ സത്യവാങ്മൂലം നല്‍കിയത്.

കണ്ണന്‍ദേവന്‍ ഹില്‍സില്‍ ഭൂപരിഷ്‌കരണ നിയമമില്ല. ഇതൊരു പാട്ട ഭൂമിയല്ലെന്നും സ്വന്തം ഭൂമിയാണെന്നും ടാറ്റ വ്യക്തമാക്കി. ഇവിടെ ഭൂപരിഷ്‌കരണത്തിനു പകരം കണ്ണന്‍ദേവന്‍ റിസംബ്ലന്‍സ് ആക്റ്റാണു നടപ്പാക്കിയിരിക്കുന്നത്. ബംഗ്ലാവുകള്‍ റിസോര്‍ട്ടുകളാക്കാന്‍ പഞ്ചായത്താണ് അനുമതി നല്‍കിയിരിക്കുന്നത്. പഞ്ചായത്തിനു മേല്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ടാറ്റ സത്യവാങ്മൂലത്തില്‍ പറയുന്നു.

ടാറ്റ കമ്പനിക്ക് മൂന്നാറിലെ ഭൂമിയുടെ കൈവശാവകാശംപോലും ഉന്നയിക്കാന്‍ അധികാരമില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിനുവേണ്ടി റവന്യൂ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ കമ്പനിയായ ടാറ്റ ഫിന്‍ലെ കെ.ഡി.എച്ച്.പി. കമ്പനിക്കു ഭൂമി കൈമാറിയ രേഖ അസാധുവാണെന്നും വിദേശ കമ്പനിക്ക് ഇന്ത്യയില്‍ ഭൂമി കൈവശംവയ്ക്കാന്‍ അധികാരമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെറ നിയമ വ്യവസ്ഥകള്‍ പ്രകാരം വിദേശ കമ്പനിക്ക് ഇന്ത്യയില്‍ തോട്ടങ്ങള്‍ നടത്താന്‍ അവകാശമില്ല.

കൂടാതെ റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെയാണു വിദേശകമ്പനി കെ.ഡി.എച്ച്.പിക്ക് തോട്ടങ്ങള്‍ കൈമാറിയത്. മുന്‍ ഉടമകളായ വിദേശ കമ്പനിയുമായി ഉണ്ടാക്കിയ കൈമാറ്റ ആധാരം നിയമപരമായി അസാധുവാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.