ന്യൂദല്‍ഹി: സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ നിര്‍മാണശാലയ്ക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള മമതാ ബാനര്‍ജി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതയില്‍ ഹരജി സമര്‍പ്പിച്ചു. ഭൂമി പതിച്ചുനല്‍കുന്നത് തടയണമെന്ന ഹര്‍ജി തള്ളിയ കോല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെയാണ് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചത്.

നാനോ കാര്‍ഫാക്ടറി നിര്‍മ്മാണത്തിനായി 2008 ല്‍ ഇടതുസര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി  പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 997 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന സിംഗൂര്‍ ലാന്റ് ബില്‍ മമത കൊണ്ടുവരികയും ചെയ്തു. ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ള സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍ ജൂണ്‍ 14 നാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പാസാക്കിയത്. ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഭൂമി തിരിച്ചുനല്‍കാനായിരുന്നു തീരുമാനം. ഈ നടപടി സ്‌റ്റേ ചെയ്യണമെന്ന ടാറ്റയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.