ബാംഗ്ലൂര്‍: സാമ്പത്തിക നഷ്ടത്തില്‍പ്പെട്ട് ചക്രശ്വാസം വലിക്കുന്ന കിംഗ്ഫിഷര്‍ എയറിനെ ഏറ്റെടുക്കാന്‍ ടാറ്റയും അംബാനിയും രംഗത്ത്. വായ്പാ പ്രതിസന്ധിയില്‍പ്പെട്ട് ഉലയുകയാണെങ്കിലും രാജ്യത്തെ മുന്‍നിര വിമാനക്കമ്പനികളിലൊന്നായ കിംഗ്ഫിഷര്‍ ഏറ്റെടുക്കുന്നത് പുതുതായി വിമാനക്കമ്പനി തുടങ്ങുന്നതിനെക്കാള്‍ മെച്ചമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കടബാധ്യത രൂക്ഷമായതോടെ ബജറ്റ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്താലാക്കുന്നതായി കമ്പനി ചെയര്‍മാന്‍ വിജയ മല്യ തന്നെയാണ് കഴിഞ്ഞമാസം അറിയിച്ചത്. കിംഗ്ഫിഷറിന് വായ്പ ലഭ്യമാക്കിയിട്ടുള്ള 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം, കമ്പനിയുടെ 23 ശതമാനം ഓഹരി കൈയാളുന്നുണ്ട്. ഓഹരി വില്‍പനയ്ക്ക് ഇവരുടെ കൂടി അനുമതി ആവശ്യമായി വരും.

Subscribe Us:

ആഭ്യന്തര വ്യോമയാന രംഗം വിദേശ കമ്പനികള്‍ക്ക് തുറന്നുകൊടുക്കാനായി കേന്ദ്രം ആലോചിക്കുകയാണ്. ഇതും കിംഗ്ഫിഷര്‍, ജെറ്റ് എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ക്ക് ഗുണം ചെയ്യും. എയര്‍ക്രാഫ്റ്റുകളുടെ എണ്ണത്തില്‍ മറ്റു പല കമ്പനികളെക്കാള്‍ മുന്നിലായ കിംഗ്ഫിഷറിന് അന്താരാഷ്ട്ര സര്‍വീസിനുള്ള ലൈസന്‍സുണ്ട്.

വ്യോമയാന മേഖലയില്‍ വര്‍ഷങ്ങളായി താത്പര്യമുള്ളവരാണ് ടാറ്റയും അംബാനിയും. 1932ല്‍ ജെ.ആര്‍.ഡി.ടാറ്റ ആരംഭിച്ച ടാറ്റാ എയര്‍ലൈന്‍സാണ് ദേശസാത്കരണത്തെ തുടര്‍ന്ന് 1948ല്‍ എയര്‍ ഇന്ത്യയായി മാറിയത്. പുതുതായി ലൈസന്‍സ് നേടിയെടുക്കുകയും വിമാനങ്ങള്‍ വാങ്ങുകയുമൊക്കെ ചെയ്യുന്നത് കാലതാമസമെടുക്കും. ഈ സാഹചര്യത്തില്‍ കിംഗ്ഫിഷര്‍ പോലുള്ള ഒരു കമ്പനിയെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ ഒട്ടേറെ ഗുണമുണ്ടെന്നാണ് ഇരു ഗ്രൂപ്പുകളും വിലയിരുന്നത്.