ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സുനില്‍ ഗംഗോപാധ്യായയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍. സുനില്‍ ഗംഗോപാധ്യായ തന്നെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തസ്‌ലീമയുടെ ആരോപണം.

Ads By Google

നോവല്‍ ‘ദ്വിക്ഷന്‍ഡിതോ’ യ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനും  തന്റെ നാടുകടത്തലിനും പിന്നില്‍ ഇയാളുണ്ടെന്നും തസ്‌ലീമ ആരോപിക്കുന്നു. അദ്ദേഹത്തെ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാക്കിയത് ലജ്ജാവഹമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് തസ്‌ലീമ ഇക്കാര്യം അറിയിച്ചത്.

തസ്‌ലീമയുടെ ട്വീറ്റ് സംബന്ധിച്ച് പ്രതികരിക്കാന്‍ ഗംഗോപാധ്യായ വിസമ്മതിച്ചു. ഇത്തരം കമന്റുകള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.

2007ല്‍ മുസ്‌ലീം വിഭാഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ നിന്നും തസ്‌ലീമയെ നാടുകടത്തിയത്. തസ്‌ലീമ ഇപ്പോള്‍ ദല്‍ഹിയില്‍ അജ്ഞാത കേന്ദ്രത്തില്‍ സര്‍ക്കാര്‍ സംരക്ഷണത്തോടെ കഴിയുകയാണ്. ഇവിടേക്ക് സന്ദര്‍ശകരെയൊന്നും അനുവദിക്കാറില്ല.

ബംഗാളിയിലെഴുതിയ ലജ്ജ എന്ന നോവലിലൂടെ മുസ്‌ലീം മതവികാരം മനപൂര്‍വ്വം വ്രണപ്പെടുത്തിയെന്നാരോപിച്ച് 1994ലാണ് തസ്‌ലീമയെ ബംഗ്ലാദേശില്‍ നിന്നും നാടുകടത്തിയത്.