ന്യൂദല്‍ഹി: ചരക്കു സേവന നികുതി നിയമം സംബന്ധിച്ച് രൂപീകൃതമായ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാന്‍ എസ്. ദത്ത് മജുംദാര്‍ പറഞ്ഞു. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2012 ഏപ്രിലോടെപുതിയ നികുതി സമ്പ്രദായം പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമിക്കുന്നത്. അതിനു മുമ്പ് സംസ്ഥാനങ്ങളുമായി സമവായത്തിലെത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കില്‍ അത് പിന്നീടു വരുന്ന ജൂണിലേക്കോ ജൂലൈയിലേക്കോ മാറ്റിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിയമം നേരത്തെ 2010 ഏപ്രിലിലും 2011 ഏപ്രിലിലും നടപ്പില്‍ വരുത്താന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്ന് നടപ്പില്‍ വരുത്താന്‍ കഴിയാതെ വരികയായിരുന്നു. പുതിയ നിയമം കേന്ദ്രത്തിന് അമിതാധികാരം നല്‍കുന്നുവെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആക്ഷേപം.

എക്‌സൈസ്, സേവന നികുതികള്‍, വാറ്റ് അടക്കമുള്ള വിവിധ ചുങ്കങ്ങള്‍ എന്നിവ ഒന്നിച്ച് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി. 16 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലായിരിക്കും ചരക്ക് സേവന നികുതി. തുടക്കത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം എന്നിവയെ ഇതില്‍ നിന്നൊഴിവാക്കും.