എഡിറ്റര്‍
എഡിറ്റര്‍
തേജ്പാലിന് രാജ്യം വിടാനാവില്ല: ഗോവ പോലീസ്
എഡിറ്റര്‍
Tuesday 26th November 2013 8:11pm

tharun-thejpal

ഗോവ:  സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കൂട്ടിലായ തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ഗോവ പോലീസ്.

തേജ്പാല്‍ രാജ്യം വിടാനുള്ള നീക്കത്തെ തടയാന്‍ ഇമ്മിഗ്രേഷന്‍ ചെക്‌പോസ്റ്റ് അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സീനിയര്‍ ഗോവ പോലീസ് ഓഫീസര്‍ ഒ.പി മിശ്ര പറഞ്ഞു.

അതേസമയം പീഡനത്തിനിരയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി ഗോവന്‍ പോലീസ് ഇന്ന് രേഖപ്പെടുത്തി. പെണ്‍കുട്ടി ഇ-മെയിലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും മൊഴിയും തമ്മില്‍ ചേര്‍ച്ചയുണ്ടെന്നും പോലീസ് പറഞ്ഞു.

ഈ മാസം ആദ്യം മാഗസിന്‍ സംഘടിപ്പിച്ച ഇവന്റിന് വേണ്ടി ഹോട്ടലില്‍ താമസിക്കവേ ലിഫ്ടിനുള്ളില്‍ വച്ച് തേജ്പാല്‍  ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

കഴിഞ്ഞയാഴ്ച്ച പെണ്‍കുട്ടി മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിക്ക് അയച്ച മെയില്‍ പുറത്തായതിനെത്തുടര്‍ന്നാണ് പോലീസ് തേജ്പാലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ബി.ജെ.പി നേതാക്കള്‍ക്ക് തന്നോടുള്ള പകയുടെ ബാക്കിപത്രമാണ് ഈ അന്വേഷണം എന്ന് തേജ്പാല്‍ ആരോപിച്ചു.

ഇന്നലെ തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യം വിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തേജ്പാലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ദില്ലി കോടതിയില്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും

തേജ്പാലിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക ഇന്നലെ തെഹല്‍ക്കയില്‍ നിന്നും ജോലി രാജി വച്ചിരുന്നു. തെഹല്‍ക്കയില്‍ തനിക്കിനി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് രാജി നല്‍കിയത്.

Advertisement