Categories

തരുണ്‍ തേജ്പാല്‍ ഗോവ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

tarun

ഗോവ: ലൈംഗികാപവാദക്കേസില്‍ കുറ്റാരോപിതനായ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ ഗോവ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

മുന്‍കൂര്‍ജാമ്യത്തിനായി ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ തേജ്പാല്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. ഇന്ന് ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കാനിരിക്കെയാണ് പിന്മാറ്റം.

ഉചിതമായ പരിഹാരമാര്‍ഗം തേടി ഉചിതമായ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

നിയമപ്രകാരമുള്ള എല്ലാ നടപടികളും അടിയന്തരമായി സ്വീകരിച്ചുവരികയാണെന്ന് ഗോവ ഡി.ഐ.ജി. ഒ.പി. മിശ്ര പറഞ്ഞു.

ഇന്ന് രാവിലെ തേജ്പാലിന്റെ  വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പുലര്‍ച്ചെ ആറിനാണ് ഗോവ ക്രൈംബ്രാഞ്ച് ന്യൂദല്‍ഹിയിലെ തേജ്പലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ പൊലീസിന് തേജ്പാലിനെ കണ്ടെത്താനായില്ല.

ഇന്നലെ രാത്രി മുതല്‍ തേജ്പാലിന്റെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്.

വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിനുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് തേജ്പാലിനെ അറസ്റ്റ് ചെയ്യുന്നതനായി പൊലിസ് വസതി റെയ്ഡ് ചെയ്തത്.

വസതിയില്‍ തേജ്പാലിന്റെ കുടുംബം പൊലീസുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തേജ്പാലിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ദല്‍ഹി മാധ്യമങ്ങല്‍ ആരോപിക്കുന്നു.

നവംബര്‍ ആദ്യവാരം പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ യുവപത്രപ്രവര്‍ത്തകയെ തരുണ്‍ തേജ്പാല്‍ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

Tagged with: |