Categories

തരുണ്‍ തേജ്പാല്‍ കേസ്: പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ഷോമ ചൗധരി

Shoma-Chaudhury

ന്യൂദല്‍ഹി: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള അന്വേഷണത്തില്‍ സഹകരിക്കുമെന്ന് മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി.

രണ്ടാഴ്ച്ച മുമ്പ് തെഹല്‍ക്കയുടെ ഗോവയില്‍ വെച്ച് നടന്ന പാര്‍ട്ടിക്കിടെ യുവ മാധ്യമപ്രവര്‍ത്തകയെ തേജ്പാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ഇതിനെ തുടര്‍ന്ന് ഗോവ പോലീസ് തേജ്പാലിനെതിരെ കേസെടുത്തിരുന്നു.

തരുണ്‍ തേജ്പാലിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. സംഭവത്തെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പോലീസുമായി സഹകരിക്കാന്‍ സ്ഥാപനം തയ്യാറാണെന്നും ഷോമ ചൗധരി വ്യക്തമാക്കി.

പീഡനത്തിനിരയായ പെണ്‍കുട്ടി ഔദ്യോഗികമായി പോലീസില്‍ പരാതി നല്‍കാതെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് തെഹല്‍കയുടെ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി പറഞ്ഞതായി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്.

മാനഭംഗശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഗോവ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്.

തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിവല്‍ എന്ന സാഹിത്യ സാംസ്‌കാരിക പരിപാടിക്കിടെ ലിഫ്ടില്‍ വച്ച് രണ്ട് തവണ തരുണ്‍ തേജ്പാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമപ്രവര്‍ത്തക ഷോമ ചൗധരിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വന്നത്.

തരുണ്‍ തേജ്പാലിന്റെ മകളുടെ സുഹൃത്തും ഉറ്റസുഹൃത്തായ പത്രപ്രവര്‍ത്തകന്റെ മകളുമാണ് പരാതിക്കാരിയായ യുവതി.

Tagged with: