ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ജനാധിപത്യമൂല്യങ്ങള്‍ക്കേറ്റ കളങ്കവും മര്യാദകേടുമാണെന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മറ്റി അംഗവും ജമ്മുകാശ്മീര്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുമായ യൂസഫ് തരിഗാമി. അഫ്‌സലിന്റെ വധശിക്ഷ നടപ്പാക്കിയ ദിവസം നിയമം അതിന്റെ ധര്‍മ്മം നിറവേറ്റി എന്ന സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിക്കൊണ്ടാണ് സി.പി.ഐ.എം നേതാവ് രംഗത്തെത്തിയത്.

Ads By Google

ജനാധിപത്യ വ്യവസ്ഥിതിക്കേറ്റ തീരാകളങ്കമാണ് അഫ്‌സലിന്റെ വധശിക്ഷ. വധശിക്ഷയോടെ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തിന് ഭൗതിക ശരീരവും അഫ്‌സല്‍ ഉപയോഗിച്ച വസ്തുക്കളും എത്രയും നേരത്തെ വിട്ടുനല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു.

Subscribe Us:

”അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ അങ്ങേയറ്റത്തെ മര്യാദകേടാണ്. ശിക്ഷ നടപ്പാക്കിയതിലൂടെ ന്യൂദല്‍ഹിയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടിരിക്കുകയാണ്. അഫ്‌സലിന്റെ കാര്യത്തില്‍ ജനാധിപത്യത്തിന്റെ പ്രാഥമിക മാന്യത പോലും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ജമ്മുകാശ്മീരിനെ രാഷ്ട്രീയമായി വിവിധ ശാഖകളായി വഴിപിരിക്കുന്നതിലേക്കാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമനടപടികള്‍ കൊണ്ടേത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മുകാശ്മീരിനോട് ന്യൂദല്‍ഹി തുടര്‍ച്ചയായി നീതിനിഷേധം തുടരുകയാണ്. ജമ്മുകാശ്മീരിലെ ജനങ്ങളുടെ പൊതുവായ അഭിപ്രായത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്നും വിരുദ്ധമായ വഴിയിലൂടെയാണ് കാര്യങ്ങള്‍ എല്ലായ്‌പ്പോഴും പരിഹരിക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ വധശിക്ഷയിലൂടെ അഫസല്‍ ഗുരുവിനെ കുറിച്ചുള്ള ജനങ്ങളുടെ ധാരണ രൂഢമൂലമാക്കുന്നതിനാണ് ഇടയാക്കിയിട്ടുള്ളത്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുടുബത്തെ അറിയിക്കാതിരുന്നതും ഭൗതികശരീരം നിശബ്ദമായി മറവ് ചെയ്തതും അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി. അതുകൊണ്ട് തന്നെ അവസാന കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മൃദദേഹം എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറേണ്ടതുണ്ടെന്നും തരിഗാമി അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ വധശിക്ഷക്കെതിരാണ്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് വധശിക്ഷ നടപ്പാക്കിയതിലൂടെ സമാധാനശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നും അത് പുനസ്ഥാപിക്കാന്‍ വലിയ ശ്രമങ്ങളും മുതല്‍മുടക്കും വേണമെന്നു തന്നെയാണ്.

കാശ്മീരികളെ പ്രത്യേകിച്ച് പുതിയ തലമുറകളില്‍ പെട്ടവരെ കൊന്നുടുക്കുന്നതിന് തിടുക്കം കൂട്ടുന്നു എന്നാണ് അഫ്‌സലിന്റെ വധശിക്ഷ തിരക്കുപിടിച്ച് നടപ്പാക്കിയതിലൂടെ മനസ്സിലാകുന്നത്. രാജ്യത്തിന്റെ നേതൃത്വത്തിലുള്ളവര്‍ നിര്‍ബന്ധമായും കാശ്മീരിനു വേണ്ടി പുതിയ നയപരിപാടികള്‍ ആസൂത്രണം ചെയ്യുകയും മനുഷ്യജീവനപഹരിക്കുന്ന കാര്യങ്ങള്‍ കുറച്ചുകൊണ്ടുവരികയും വേണം”. തരിഗാമി പറഞ്ഞു.

രാജ്യത്തുയര്‍ന്നു വന്നിട്ടുള്ള വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത്, ഈ എപ്പിസോഡ് ജമ്മൂ കശ്മീരും മറ്റുള്ള സംസ്ഥാനങ്ങളും തമ്മിലുള്ള വിശ്വാസരാഹിത്യത്തിനു മാത്രമേ എണ്ണ പകരൂ എന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.