എഡിറ്റര്‍
എഡിറ്റര്‍
ഫോണ്‍ ചോര്‍ത്തല്‍: സാഹെബ് മോഡി തന്നെ, സ്ഥിരീകരണവുമായി യുവതിയുടെ പിതാവ്
എഡിറ്റര്‍
Sunday 17th November 2013 7:27am

narendra-modi

ന്യൂദല്‍ഹി: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ബംഗളൂരു സ്വദേശിനിയായ യുവതിയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ‘സാഹെബ്’ ഗുജറാത്ത് മുഖ്യമന്ത്രിയായ  നരേന്ദ്ര മോഡി തന്നെ. യുവതിയുടെ പിതാവാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്ന ഉടന്‍ തന്നെ പ്രതികരണവുമായി യുവതിയുടെ പിതാവ് രംഗത്തെത്തി. തന്റെ മകള്‍ അഹമ്മാദാബാദിലേയ്ക്ക് വന്നത് അമ്മയുടെ ശസ്ത്രക്രിയയായിരുന്നതിനാലാണ്.

രാത്രി വളരെ വൈകി ആശുപത്രിയില്‍ നിന്ന് സമീപത്തുള്ള ഹോട്ടലിലേയ്ക്ക് പോകുന്ന മകളുടെ സുരക്ഷ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അദ്ദേഹവുമായി ദീര്‍ഘകാലത്തെ കുടുംബബന്ധങ്ങളുള്ളതിനാലാണ് ഇത്തരമൊരു ആവശ്യം മുമ്പോട്ട് വച്ചതെന്നും പിതാവ് അവകാശപ്പെട്ടു.

മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പര്യങ്ങളോടെയാണ് സംഭവത്തെ സമീപിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘സാഹെബി’ന് യുവതിയുടെ കാര്യത്തില്‍ അമിതതാല്‍പര്യമുണ്ടെന്ന് പല സംഭാഷണങ്ങളിലും അമിത് ഷാ പറയുന്നുണ്ട്. ഇത് മോഡി തന്നെയാണെന്ന ആരോപണങ്ങള്‍ക്കാണ് ഇതോടെ സ്ഥിരീകരണമായത്.

2009-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ബംഗളൂരു സ്വദേശിനിയായ അവിവാഹിതയായ യുവതിയുടെ ഫോണ്‍ ചോര്‍ത്തിയതായാണ് വെളിപ്പെടുത്തല്‍. സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ, ക്രൈം ബ്രാഞ്ച്, എ.ടി.എസ് എന്നിവയ്ക്ക് വാക്കാലുള്ള ഉത്തരവാണ് നല്‍കിയത്. യാതൊരു നിയമ പിന്‍ബലവും ഇതിനുണ്ടായിരുന്നില്ല.

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എല്‍ സിംഗാളാണ് ഇത് സംബന്ധിച്ച രേഖകള്‍ സി.ബി.ഐയ്ക്ക് കൈമാറിയത്. 2009 ഓഗസ്റ്റില്‍ എ.ടി.എസിന്റെ ചുമതലയുണ്ടായിരുന്ന സിംഗാളിനാണ് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഷായും സിംഗാളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളടക്കം 267 ശബ്ദരേഖകളാണ് സി.ബി.ഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തുന്നതില്‍ ‘സാഹെബി’ന്റെ താല്‍പര്യത്തെ കുറിച്ച് നിരവധി രേഖകളില്‍ സൂചനയുണ്ട്.

ഇത്തരത്തിലുള്ള  ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്നും അമിത് ഷായുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനുസരിക്കേണ്ടി വന്നതെന്നും സിംഗാള്‍ പറയുന്നു.

ഭാവ് നഗര്‍ മുനിസിപ്പല്‍ കമ്മീഷണറായിരുന്ന പ്രദീപ് ശര്‍മ്മയുടെ വിവരങ്ങളും ചോര്‍ത്താന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നു.  യുവതിയുടെ സുഹൃത്താണ് ഐ.എ.എസ് ഓഫീസറായ ശര്‍മ്മ. പ്രദീപ് ശര്‍മ്മ പിന്നീട് ജയിലിലടയ്ക്കപ്പെട്ടു.

മോഡിയ്ക്ക് യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം പുറത്തറിയാതിരിക്കാനാണ് പ്രദീപ് ശര്‍മ്മയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.

യുവതിയുടെ സംഭാഷണങ്ങളും ദൈനംദിന പ്രവൃത്തികളും ഗുജറാത്ത് പൊലീസ് നിരീക്ഷിച്ചിരുന്നു. ഒരിക്കല്‍ അഹമ്മദാബാദില്‍ നിന്ന് വിമാനത്തില്‍ യാത്ര പുറപ്പെട്ടപ്പോള്‍ പൊലീസുകാരും ഒപ്പം കൂടി.

യുവതിയെ കൂടാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷിക്കപ്പെട്ടിരുന്നു.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്.

ഗുജറാത്ത് കൂട്ടക്കൊലയ്ക്കും വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ക്കും ശേഷമുള്ള പൗരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരി പറഞ്ഞു. പൊലീസ് സംവിധാനം ദുരുപയോഗപ്പെടുത്തിയതിനെക്കുറിച്ച് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

അതിനിടെ സംഭവത്തില്‍ മോഡിയെ പ്രതിരോധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് രംഗത്തെത്തി. ഇതെല്ലാം കോണ്‍ഗ്രസിന്റെ തന്ത്രങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു.

 

Advertisement