എഡിറ്റര്‍
എഡിറ്റര്‍
മാത്സര്യവും വേട്ടയാടലും മനസ്സിനെ ഭ്രാന്തമാക്കുന്നു
എഡിറ്റര്‍
Saturday 25th August 2012 1:00am

 കുറച്ചുനാള്‍ ഈ ഭൂമിയില്‍ ജീവിച്ച് ഒഴിഞ്ഞു പോകേണ്ടവരാണ് നാം. ജീവിതം കഴിയുന്നത്ര സമാധാനത്തോടെ അനുഭവിച്ച് തീര്‍ക്കണമെങ്കില്‍ നമ്മെ ആവരണം ചെയ്തിരിക്കുന്ന അബദ്ധധാരണകളില്‍നിന്നും ബോധത്തെ മുക്തമാക്കണം.

Taoyude Pusthakam

 

സ്പിരിച്വല്‍/ഷൗക്കത്ത്


അദ്ധ്യായം പതിനൊന്ന്

വര്‍ണ്ണങ്ങള്‍ കണ്ണിനെ അന്ധമാക്കുന്നു.

സ്വരങ്ങള്‍ കാതിനെ ബധിരമാക്കുന്നു.

രസങ്ങള്‍ രുചിയെ വിരസമാക്കുന്നു.

മാത്സര്യവും വേട്ടയാടലും മനസ്സിനെ ഭ്രാന്തമാക്കുന്നു.

അമൂല്യമായവ ഒരുവനെ വഴിതെറ്റിക്കുന്നു.

അതിനാല്‍ ജ്ഞാനി, ഒന്നിലും ഭ്രമിക്കാതെ,

സഹജാവബോധത്തോടൊത്തു് ഒഴുകുന്നു.

 

ആസ്വാദനം

സമാധാനമാണ് ഏവരുടെയും ജീവിതലക്ഷ്യം. എല്ലാ അന്വേഷണങ്ങളും സമാധാനത്തിനുവേണ്ടിയുള്ളതാണ്. എന്നാല്‍ നാം അന്വേഷിക്കുന്നതും കണ്ടെത്തുന്നതുമായ വഴികള്‍ സമാധാനം പ്രദാനം ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ അധികം പേരും ഇല്ലായെന്നേ ഉത്തരം പറയൂ. പണം, പ്രശസ്തി, അധികാരം ഇവയിലാണ് നമ്മുടെ അന്വേഷണങ്ങള്‍ അധികവും വ്യാപരിക്കുന്നത്. അതെല്ലാം സമാധാനത്തേക്കാളധികം ആധിയും വ്യാധിയുമാണ് സമ്മാനിച്ചിട്ടുള്ളത്. അനുഭവങ്ങളില്‍നിന്ന് നാം ഒന്നും പഠിക്കുന്നില്ല. പലരും സഞ്ചരിച്ച വഴിയിലൂടെ നമ്മളും സഞ്ചരിക്കുന്നു. അസ്വാസ്ഥ്യമുണ്ടാക്കുന്ന വഴികളിലൂടെയാണ് സമാധാനം അന്വേഷിക്കുന്നത്. വിവേകവും ബുദ്ധിയും ഹിതകരമായി ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ ദാരുണഫലമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

Ads By Google

കുറച്ചുനാള്‍ ഈ ഭൂമിയില്‍ ജീവിച്ച് ഒഴിഞ്ഞു പോകേണ്ടവരാണ് നാം. ജീവിതം കഴിയുന്നത്ര സമാധാനത്തോടെ അനുഭവിച്ച് തീര്‍ക്കണമെങ്കില്‍ നമ്മെ ആവരണം ചെയ്തിരിക്കുന്ന അബദ്ധധാരണകളില്‍നിന്നും ബോധത്തെ മുക്തമാക്കണം. ആഗ്രഹങ്ങള്‍ക്കുമേല്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിച്ച് അനാവശ്യങ്ങളെ അത്യാവശ്യങ്ങളാക്കിമാറ്റി അതിന്റെ നിറവേറലിനുവേണ്ടി ശാരീരികവും മാനസികവുമായ ഊര്‍ജ്ജംമുഴുവന്‍ വിനിയോഗിച്ച് ഭ്രാന്തമാക്കേണ്ടതല്ല ജീവിതമെന്നറിയണം. മറിച്ച് ജീവിതത്തെ സുഗമമാക്കാന്‍വേണ്ട ആവശ്യങ്ങളും അതു നിറവേറ്റുവാനുള്ള ലളിതമായ വഴികളുമാണ് നാം അന്വേഷിക്കേണ്ടതെന്ന വിവേകം ആര്‍ജ്ജിക്കണം. ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല ജീവിതം, ജീവിതത്തിനുവേണ്ടിയാണ് ആവശ്യങ്ങളെന്ന് ഉണര്‍ന്നറിയണം.

പ്രപഞ്ചത്തെ അതിന്റെ എല്ലാ സൗകുമാര്യതയോടെയും അനുഭവിക്കാനുള്ള വാതായനങ്ങളാണ് ഇന്ദ്രിയങ്ങള്‍. ആ വാതായനങ്ങളെ വിവേകപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ എല്ലാ ചപ്പുംചവറുകളും ഉള്ളില്‍കയറി ആന്തരിക വിശുദ്ധി കലുഷമായിത്തീരും. ബാഹ്യലോകത്തു വ്യവഹരിക്കുന്ന ഇന്ദ്രിയങ്ങള്‍ നമ്മുടെ സ്വാഭാവികശീലമായ അലഞ്ഞുതിരിയലുകളില്‍ വ്യഗ്രതപൂണ്ട് ഉഴറിയോടുമ്പോള്‍ അവയെ നിവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുകയാണ് ലാവോത്സു. ഉണര്‍വ്വുണ്ടാക്കുന്ന ലോകങ്ങളില്‍നിന്നും ഊര്‍ജ്ജംസ്വീകരിച്ച് ആന്തരികമായ മൗനത്തിലേക്ക് അലിഞ്ഞമരാന്‍ ഇന്ദ്രിയങ്ങളെ അനുവദിക്കണം.

ഇന്ദ്രിയങ്ങള്‍ അപകടകാരികളാണെന്നല്ല മറിച്ച് ഇന്ദ്രിയങ്ങളെ അപകടകരമായ രീതിയില്‍ സഞ്ചരിപ്പിക്കരുതെന്നാണ് നാം അറിയേണ്ടത്.

ബോധത്തെ ആലസ്യത്തില്‍നിന്നും ഉണര്‍ത്താനുതകുന്ന പ്രസന്നവും ഊര്‍ജ്ജസ്വലവുമായ ലോകങ്ങളിലാവണം ഇന്ദ്രിയങ്ങളെ വ്യാപരിപ്പിക്കേണ്ടത്. അല്ലാതെ ബോധത്തെ അന്ധതയിലേക്ക് നയിക്കുന്ന കാഴ്ചകളിലും, ഹൃദയത്തെ കലുഷമാക്കുന്ന ഭാഷണങ്ങളിലും, ആരോഗ്യത്തെ ഹനിക്കുന്ന സ്പര്‍ശനങ്ങളിലും, നിത്യരോഗത്തിലേക്ക് തള്ളിവിടുന്ന രുചികളിലും അകപ്പെട്ടു പോകരുതെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. ഇന്ദ്രിയങ്ങള്‍ അപകടകാരികളാണെന്നല്ല മറിച്ച് ഇന്ദ്രിയങ്ങളെ അപകടകരമായ രീതിയില്‍ സഞ്ചരിപ്പിക്കരുതെന്നാണ് നാം അറിയേണ്ടത്.

മാത്സര്യത്തിന്റെ ലോകമാണ് മനസ്സിന്റേത്. വേറൊന്നുമായി നമ്മെ താരതമ്യംചെയ്ത് നാം കുറഞ്ഞവരോ കൂടിയവരോ ആണെന്ന് ആദ്യമേ ധരിക്കുന്നു. ആ ധാരണയില്‍നിന്നാണ് അതിക്രമിക്കാനും അതിക്രമിക്കാതിരിക്കാനും വേണ്ടിയുള്ള കോപ്പുകള്‍ മനസ്സ് മെനഞ്ഞുകൂട്ടുന്നത്. എന്നെപ്പോലെ ഞാനേയുള്ളൂവെന്നും എനിക്ക് ഞാനായിമാത്രമെ ജീവിക്കാനാകൂ എന്നുമറിഞ്ഞാലേ താരതമ്യങ്ങളില്‍നിന്നും, തത്ഫലമായുണ്ടാകുന്ന മാത്സര്യങ്ങളില്‍നിന്നും മുക്തരാകൂ. ഭൗതികആത്മീയലോകങ്ങളില്‍ മാത്സര്യം സജീവമായിരിക്കുന്നതിന് കാരണം ‘ആയിരിക്കുന്നതി’ല്‍ നിറഞ്ഞിരിക്കാനാവാതെ ‘ആയിത്തീരുവാന്‍’ തത്രപ്പെടുന്നതുകൊണ്ടാണ്. മാത്സര്യത്തിന്റെ ലോകത്തില്‍ ഓരോ വിജയവും ശക്തമായ തോല്‍വിക്കുള്ള കാരണമായി ഭവിക്കുമെന്നറിയണം. എങ്കില്‍മാത്രമെ ഈ നീരാളിപ്പിടുത്തത്തില്‍നിന്നും മുക്തരാകാന്‍ നമുക്ക് കഴിയുകയുള്ളൂ.

എപ്പോഴും ‘അക്കരെയാണ് പച്ച’ എന്ന ബോധമാണല്ലോ നമ്മെ നയിക്കുന്നത്. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്ന ചൊല്ല് എത്ര ആവര്‍ത്തിച്ചാലും മുറ്റത്തെ മുല്ലയുടെ മണവും സൗന്ദര്യവും അനുഭവിക്കാനും ആദരിക്കാനും നമുക്കാവുന്നില്ല.

ജീവിതത്തെ നയിക്കുന്ന രണ്ടുതരത്തിലുള്ള ആകര്‍ഷണങ്ങളുണ്ട്. ഒന്ന് പ്രിയം. മറ്റൊന്ന് ഹിതം. പ്രിയത്തിന്റെ അല്ലെങ്കില്‍ ഇഷ്ടത്തിന്റെ ലോകം സുഖകരമായിരിക്കുന്നതോടൊപ്പം അപകടകരംകൂടിയാണ്. ആ ആകര്‍ഷണം നമ്മെ വെളിച്ചത്തിലേക്കല്ല കൊണ്ടുപോകുക. മറിച്ച്, ഇരുളിലേക്കാണ്. രത്‌നക്കല്ല് അമൂല്യമെന്ന് തോന്നുന്നത് അതിന്റെ ദൗര്‍ലഭ്യംകൊണ്ടുമാത്രമാണ്. നാം കല്പിക്കുന്ന മൂല്യമാണ് അതിനെ ആകര്‍ഷകമാക്കുന്നത്. തോട്ടത്തില്‍ വിരിഞ്ഞുനില്ക്കുന്ന മനോഹരമായ പൂക്കള്‍ രത്‌നംപോലെ അമൂല്യമായി തോന്നാത്തത് അത് പ്രാപ്യമായി അടുത്തുള്ളതിനാലാണ്.

എപ്പോഴും ‘അക്കരെയാണ് പച്ച’ എന്ന ബോധമാണല്ലോ നമ്മെ നയിക്കുന്നത്. ‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ല’ എന്ന ചൊല്ല് എത്ര ആവര്‍ത്തിച്ചാലും മുറ്റത്തെ മുല്ലയുടെ മണവും സൗന്ദര്യവും അനുഭവിക്കാനും ആദരിക്കാനും നമുക്കാവുന്നില്ല. രത്‌നവും സ്വര്‍ണ്ണവും സ്വന്തമാക്കിയിട്ടും എന്താണ് ലഭിച്ചതെന്ന് ചോദിച്ചാല്‍ അടുത്ത രത്‌നത്തിനായി പരക്കംപായാനുള്ള വ്യഗ്രത വര്‍ദ്ധിച്ചുവെന്ന് മാത്രമെ ഉത്തരം പറയാനാവൂ. ലക്ഷാധിപതി കോടിക്കുവേണ്ടി ശ്രമിക്കുന്നു. കോടിയുള്ളവന്‍ അതിനെ ഇരട്ടിപ്പിക്കാന്‍ ശ്രമിക്കുന്നു. കിട്ടുംതോറും ദാരിദ്ര്യം കൂടിക്കൂടിവരുന്നതാണ് പ്രിയത്തിന്റെ ലോകമെന്ന് തിരിച്ചറിയുന്നില്ല. തൊട്ടടുത്ത് നമ്മോടു ചേര്‍ന്നിരിക്കുന്ന സമ്പന്നമായ ലോകത്തെ അവഗണിച്ച് ദാരിദ്ര്യത്തിലേക്ക് കൊണ്ടുപോകുന്ന ധനത്തിന്റെയും ‘അമൂല്യത’യുടെയും പിന്നാലെ പായുന്നതാണ് പ്രിയത്തിന്റെ ലോകം.

എന്നാല്‍ ഹിതത്തിന്റെ ലോകം വിവേകപൂര്‍ണ്ണമാണ്. ഒരിക്കല്‍ നടരാജഗുരു ഗുരുനിത്യയോടു പറഞ്ഞു: ”നിത്യാ. ഗുരുകുലത്തില്‍ ആവശ്യത്തില്‍കൂടുതല്‍ ഒന്നും ഉണ്ടാകരുത്.” വിദേശത്തും സ്വദേശത്തും നിരന്തരം യാത്രചെയ്തിരുന്ന നിത്യന്‍ ആ ഉപദേശം തന്റെ ജീവിതാവസാനംവരെ അനുസരിച്ചു. അതുകൊണ്ട് സ്നേഹിതര്‍ ദാനംനല്കിയ ഭൂമിയല്ലാതെ ലക്ഷങ്ങളോ കോടികളോ ഒന്നും ഗുരുകുലത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് സമാധാനത്തോടെ അദ്ദേഹത്തിനു ജീവിക്കാന്‍ കഴിഞ്ഞു. ആര്‍ക്കും എപ്പോഴും കയറിവരാവുന്ന ഒരിടമായി ഗുരുകുലം മാറിയത് ആ ഇല്ലായ്മകൊണ്ടാണ്.

മറ്റുള്ളവരെ ആകര്‍ഷിക്കുന്നതോ നമുക്ക് ആകര്‍ഷണം തോന്നുന്നതോ ആയ യാതൊന്നും ഗുരുകുലത്തില്‍ സൂക്ഷിച്ചതുമില്ല. ഹൃദയത്തെ സമ്പന്നമാക്കുന്ന അറിവിന്റെ ഖനികള്‍ മാത്രമെ ഗുരുക്കന്മാര്‍ സമ്പാദിക്കാറുള്ളൂ. ആവശ്യങ്ങള്‍ ഇല്ലാതാകുന്ന ഹൃദയത്തിലേ സമാധാനമുണ്ടാകൂ എന്ന് അവര്‍ക്കു നന്നായറിയാമായിരുന്നു. ആവശ്യങ്ങള്‍ കുറയുമ്പോള്‍ സമാധാനം നിറഞ്ഞുവരുമെന്ന് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതാണ് ഹിതത്തിന്റെ വഴി. അതുകൊണ്ട് ലാവോത്സു പറയുന്നു: ”മാത്സര്യവും വേട്ടയാടലും മനസ്സിനെ ഭ്രാന്തമാക്കുന്നു. അമൂല്യവസ്തുക്കള്‍ ഒരുവനെ വഴിതെറ്റിക്കുന്നു.”

ഹൃദയം നമ്മോടു സദാ ഹിതത്തിന്റെ വഴി മന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ നാമനുസരിക്കുന്നത് മനസ്സിന്റെ ജല്പനങ്ങളെയാണ്. അതുകൊണ്ടാണ് നാമിത്രയും അസ്വസ്ഥരാകുന്നത്. ജ്ഞാനികളാകട്ടെ അവരുടെ ഹൃദയസ്പന്ദനത്തെ മാത്രമെ മാനിക്കുന്നുള്ളൂ. അതിനനുസരിച്ചാണ് അവരുടെ ജീവിതം ഒഴുകുന്നത്. ആ ഒഴുക്കില്‍ എന്തു സംഭവിച്ചാലും, അതു സുഖം നല്കുന്നതായാലും ദുഃഖം നല്കുന്നതായാലും പരാതിയേതുമില്ലാതെ അവര്‍ സ്വീകരിക്കുന്നു. വഴിയില്‍ വീണുകിട്ടുന്നത് മാത്രമെ അവര്‍ സ്വീകരിക്കുന്നുള്ളൂ. അതു ഹിതകരമായിരിക്കുമെന്ന് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കരയിലിരുന്ന് നദീപ്രവാഹത്തെ കണ്ടുകൊണ്ടിരിക്കുന്നതുപോലെയാണ് ജ്ഞാനികള്‍ ജീവിതത്തെ അനുഭവിക്കുന്നത്. ലാവോത്സു പറയുന്നു; ”ജ്ഞാനി ഒന്നിലും ഭ്രമിക്കാതെ സഹജാവബോധത്തോടൊത്ത് ഒഴുകുന്നു.”

ഷൗക്കത്തിന്റെ ‘താവോയുടെ പുസ്തകം’ എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:

ആമുഖം : താവോയുടെ പുസ്തകം

അദ്ധ്യായം ഒന്ന്‌ :പറയാവുന്ന താവോ അനശ്വരമായ താവോയല്ല

അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്

അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും

അദ്യായം നാല്: താവോ ഒരു ഒഴിഞ്ഞ പാത്രം

അദ്യായം അഞ്ച്: ആകാശഭൂമികള്‍ നിഷ്പക്ഷമാണ്

അദ്യായം ആറ്‌: താഴ്‌വരത അനശ്വരം

ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും

കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍ കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളു

ജന്മംകൊടുത്ത് പരിപോഷിപ്പിക്കുക

ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണ്

Advertisement