എഡിറ്റര്‍
എഡിറ്റര്‍
നാം നിസ്സാരരെന്നറിയുക
എഡിറ്റര്‍
Sunday 2nd September 2012 7:36am

 

Taoyude Pusthakam

 

സ്പിരിച്വല്‍/ഷൗക്കത്ത്


അദ്ധ്യായം പന്ത്രണ്ട്‌

 

അപമാനത്തെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുക.

ദൗര്‍ഭാഗ്യത്തെ മനുഷ്യസഹജമെന്നറിഞ്ഞ് അംഗീകരിക്കുക.

നാം നിസ്സാരരെന്നറിയുക.

ലാഭനഷ്ടങ്ങളില്‍ വ്യാകുലപ്പെടാതിരിക്കുക.

ഇത് അപമാനത്തെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കല്‍.

‘ദൗര്‍ഭാഗ്യം മനുഷ്യസഹജം’ എന്നാലെന്ത്?

ശരീരമുള്ളതിനാലാണ് ദൗര്‍ഭാഗ്യം.

ശരീരമില്ലെങ്കില്‍ പിന്നെന്ത് ദൗര്‍ഭാഗ്യം?

വിനയത്തോടെ സമര്‍പ്പിക്കുക;

വിശ്വസ്തനായി എല്ലാറ്റിനേയും പരിപാലിക്കാനാകും.

സ്വന്തം ആത്മാവെന്നപോലെ ലോകത്തെ സ്നേഹിക്കുക;

സത്യസന്ധമായി എല്ലാറ്റിനേയും സംരക്ഷിക്കാനാകും.

ആസ്വാദന

ഗുരു നിത്യചൈതന്യയതി അദ്ദേഹത്തിന്റെ ആത്മകഥയില്‍ നടരാജഗുരുവുമായി പിണങ്ങി ഇറങ്ങിപ്പോകുന്ന പലസന്ദര്‍ഭങ്ങളും സത്യസന്ധതയോടെ വിവരിക്കുന്നുണ്ട്. ഈ വചനങ്ങള്‍ വായിച്ചപ്പോള്‍ ഉള്ളില്‍ നിറഞ്ഞുവന്നത് അതാണ്. ഒരിക്കല്‍ വര്‍ക്കല ഗുരുകുലത്തില്‍വെച്ച് പുസ്തകങ്ങളും വസ്ത്രങ്ങളും നിറച്ച സഞ്ചിയുമായി നിത്യ ഗുരുകുലം വിട്ട് പുറത്തിറങ്ങി. ആ പിണക്കത്തിന് പ്രധാന കാരണക്കാരനായ വ്യക്തിയോട് പോലീസിനെ വിളിക്കാന്‍ നടരാജഗുരു പറഞ്ഞു.

Ads By Google

നടരാജഗുരുവിന്റെ പുസ്തകങ്ങളെല്ലാം മോഷ്ടിച്ചാണ് നിത്യ പോകുന്നതെന്നാണ് നടരാജഗുരുവിന്റെ ആരോപണം. അതോടെ നിത്യന് കലി കയറി. സഞ്ചികളെല്ലാം നടരാജഗുരുവിന്റെ മുമ്പില്‍ വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു: ”ഇവിടെനിന്നും ഒരു സാധനവും എനിക്കാവശ്യമില്ല. ഇതാ, എല്ലാം എടുത്തുകൊള്ളൂ.” അപ്പോള്‍ നടരാജഗുരു പറഞ്ഞു: ”ശരി, ആ സഞ്ചികള്‍ അകത്തേക്കെടുക്കൂ.” നിത്യ ഗേറ്റ് കടന്നു പുറത്തേക്ക് നടന്നു. നടരാജഗുരു പിന്നാലെചെന്നു വിളിച്ചു പറഞ്ഞു: ”നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്. സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്.” ഗുരു തുടര്‍ന്നു: ”ഒരു സര്‍ക്കസ്സ് കൂടാരത്തില്‍നിന്നും ഒരു കടുവ തെരുവിലേക്ക് ഓടാന്‍ ശ്രമിച്ചാല്‍ സര്‍ക്കസ്സുകാരന്‍ അതനുവദിക്കുമോ? അതുകൊണ്ടു് നിങ്ങള്‍ കൂട്ടിലേക്കുതന്നെ തിരിച്ചു കയറുക.”

ഗുരുവിന്റെ തമാശയൊന്നും നിത്യനെ പിന്‍തിരിപ്പിച്ചില്ല. തെരുവിലേക്കിറങ്ങാന്‍ത്തന്നെ അദ്ദേഹം തീരുമാനിച്ചു. അതുകണ്ട് ഓടിവന്ന് ഗുരു നിത്യന്റെ കൈയില്‍ കയറിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു: ”നിങ്ങള്‍ പോകാന്‍തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിച്ചുകൊണ്ടുവേണം പോകാന്‍.” നിത്യ പറഞ്ഞു: ”ശരി.” ഗുരു നിത്യന്റെ കവിളില്‍ രണ്ടുപ്രാവശ്യം ആഞ്ഞടിച്ചു. ഒരു യഥാര്‍ത്ഥ ഭക്തനെപ്പോലെ നിത്യ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു അവിടെയും അടിച്ചു. എന്നിട്ടു് ഗംഭീരസ്വരത്തില്‍ പകുതി പ്രാര്‍ത്ഥനാപൂര്‍വ്വവും പകുതി അനുഗ്രഹപൂര്‍വ്വവും പറഞ്ഞു: ”ഞാനിപ്പോള്‍ നിങ്ങളെ അടിച്ചു വിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ അടിക്കുവാന്‍ ഇടവരാതിരിക്കട്ടെ.” അടിയുംവാങ്ങി നിത്യ മുമ്പോട്ടുതന്നെ നടന്നു.

നടരാജഗുരു നിത്യന്റെ കൈയില്‍ കടന്നുപിടിച്ചു. ആര്‍ദ്രമായ സ്വരത്തില്‍ തുടര്‍ന്നുപറഞ്ഞു: ”നിങ്ങളെവിടെപ്പോയാലും ഇതോര്‍ക്കുക: ‘ആലാപമാത്രമഖിലം!’ മറ്റൊരാളില്‍നിന്നും നമ്മള്‍ കേള്‍ക്കുന്നത്, എത്രയൊക്കെയായാലും, അന്തരിക്ഷത്തില്‍ മുഴകൂന്ന ഒരു സ്പന്ദനം മാത്രമാണ്. പുകഴ്ത്തലോ ഇകഴ്ത്തലോ ആയി അതു നമുക്കു തോന്നിയേക്കാം. എല്ലാ ദൈ്വതഭാവങ്ങളെയും മറികടക്കാനും, സമചിത്തത എപ്പോഴും നിലനിറുത്താനുമുള്ള കഴിവാണ് യഥാര്‍ത്ഥ ആത്മീയത.” ലാവോത്സു പറയുന്നു: ”അപമാനത്തെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുക.”

ഇതു പറയാനെളുപ്പമാണ്. പക്ഷേ, ഓരോ പ്രാവശ്യം അപമാനിതരാകുമ്പോഴും ദുരഭിമാനത്തിന്റെ മുള്‍മുനകൊണ്ട് ഹൃദയം വിങ്ങിനീറുന്ന അനുഭവമാണ് നമുക്ക്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം നിയന്ത്രണംവിട്ട് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ആ നീറ്റല്‍ എപ്പോഴെങ്കിലും ഉണര്‍ന്ന് വരാതിരിക്കില്ല. അതെവിടുന്നു വരുന്നു എന്നറിയണം. നാം നമുക്കു കല്പിച്ച് നല്കിയിട്ടുള്ള അമിതമായ പ്രാധാന്യം തന്നെയാണ് മുഖ്യപ്രശ്‌നം.

പണത്തെയും ജാതിയെയും പ്രശസ്തിയെയും അധികാരത്തെയുമൊക്കെ അടിസ്ഥാനമാക്കി എത്രയെത്ര അഭിമാനക്കോട്ടകളാണ് നമുക്കുള്ളില്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. അവയെല്ലാം ചെറിയൊരു കാറ്റടിച്ചാല്‍ തകര്‍ന്നുവീഴുന്ന കടലാസുകൊട്ടാരങ്ങളാണെന്ന കാര്യം നാം മറന്നുപോകുന്നു. കുറച്ചുനാള്‍ ജീവിച്ച് ചത്തുപോകേണ്ടവരാണെന്ന സത്യം ഒരിക്കലും നമ്മില്‍ വിളങ്ങൂന്നുമില്ല. നാം നമ്മുടെ നിസ്സാരത മനസ്സിലാക്കിയാലേ അഹന്തയുടെ ഭാരം ക്ഷയിക്കുകയുള്ളൂ. അഹന്തയുടെ ഭാരം കുറഞ്ഞാല്‍ മാത്രമെ ലാഭനഷ്ടങ്ങളില്‍ വ്യാകുലപ്പെടാതിരിക്കുകയുള്ളൂ.

ഒരിക്കല്‍ ഹുവൈസ് എന്ന സൂഫിയോട് ഒരാള്‍ ചോദിച്ചു: ”നിങ്ങള്‍ക്ക് പണമില്ല, പ്രശസ്തിയില്ല, അധികാരമില്ല. കിടക്കാന്‍ സ്വന്തമായി ഒരിടമില്ല. ഉടുക്കാന്‍ നല്ലൊരു വസ്ത്രം പോലുമില്ല. എനിക്കാണെങ്കില്‍ ഇതെല്ലാം ആവശ്യത്തില്‍ കൂടുതലുണ്ട്. എന്നിട്ടും ഒരു സമാധാനവുമില്ല. നിങ്ങളാകട്ടെ വളരെ ആഹ്ലാദത്തോടെ ആശങ്കകളേതുമില്ലാതെ കഴിയുന്നു. തെളിനീര്‍തടാകംപോലെ നിങ്ങളുടെ ഹൃദയം ശാന്തമായിരിക്കുന്നത് എനിക്ക് അനുഭവിക്കാനാവുന്നുണ്ട്. ഇതെങ്ങനെ കഴിയുന്നു?”

സൗമ്യമായി പുഞ്ചിരിച്ചുകൊണ്ടു് ഹുവൈസ് പറഞ്ഞു: ”സുഹൃത്തേ, രാത്രിയാവുമ്പോഴേക്കും ഇല്ലാതാകാവുന്നതാണ് ഈ ജീവിതമെന്നെനിക്കറിയാം. പിന്നെ ഞാനെന്തിന് ആശങ്കപ്പെടണം.”

”എപ്പോള്‍ വേണമെങ്കിലും മരിച്ചുപോകാവുന്നതാണെന്ന അറിവ് നിങ്ങള്‍ക്കു മാത്രമല്ല, ഞങ്ങള്‍ക്കുമുണ്ടല്ലോ? എന്നിട്ടും ഞങ്ങള്‍ക്കെന്താ സമാധാനമുണ്ടാകാത്തത്?” അയാള്‍ തുടര്‍ന്ന് ചോദിച്ചു.

ഹുവൈസ് പറഞ്ഞു: ”നിങ്ങള്‍ അതറിയുന്നു. എന്നാല്‍ ഞാനത് അനുഭവിക്കുന്നു.”

ഹുവൈസിന് ജീവിതത്തിന്റെ നിസ്സാരത വെറും അറിവ് മാത്രമായിരുന്നില്ല. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അനുഭവമായിരുന്നു. ആനുഭൂതികമായ അറിവ്. ആശകളുടെ ലോകങ്ങളില്‍ അദ്ദേഹത്തിന്റെ അന്തരംഗം വ്യാപരിച്ചില്ല. അതുകൊണ്ടുതന്നെ ആശങ്കകള്‍ അദ്ദേഹത്തെ സ്പര്‍ശിച്ചുമില്ല. ജീവിതത്തെ അതിന്റെ തനിമയില്‍ അനുഭവിച്ച് അരങ്ങൊഴിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ നമ്മളോ? നാം ധ്യാനിക്കുന്നുണ്ട്. പ്രാര്‍ത്ഥിക്കുന്നുണ്ട്. വായിക്കുന്നുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. ഗുരുക്കന്മാരെ സേവിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാകുന്നില്ല. ആശകള്‍ കുറഞ്ഞ് വരണം. ആവശ്യങ്ങള്‍ പരിമിതപ്പെടണം. ജീവിതം ലളിതമാകണം. എങ്കിലേ സ്വാസ്ഥ്യമുണ്ടാകൂ. അപമാനങ്ങളെ സമചിത്തതയോടെ സ്വീകരിക്കാനാവൂ.

ലാവോത്സു തുടര്‍ന്ന് പറയുന്നു: ”ദൗര്‍ഭാഗ്യത്തെ മനുഷ്യസഹജമെന്നറിഞ്ഞ് സ്വീകരിക്കുക.” ശരീരത്തില്‍ വര്‍ത്തിക്കുന്നിടത്തോളം ഉണ്ടായി, നിലനിന്ന്, ഇല്ലാതാകുന്ന വൈകാരികതകളുടെ ഏറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്. അതുകൊണ്ടാണ് തിതിക്ഷയെ പരമപ്രധാന സാധനയായി കരുതിപ്പോരുന്നത്. വെറും സഹനമല്ല തിതിക്ഷ. പ്രതികാരബുദ്ധികൂടാതെയും ചിന്താവിലാപങ്ങളില്ലാതെയുമുള്ള സഹനമാണത്. കടലില്‍ തിരമാലകള്‍ വന്നുംപോയുമിരിക്കുമെന്ന അറിവ് എത്ര സ്വാഭാവികമാണോ അതുപോലെയാണ് ശരീരമുള്ളിടത്തോളം സുഖദു:ഖാതികളും എന്നറിയുന്ന സാധകന്‍ ഇതിലൊന്നും വേവലാതിപ്പെടുകയോ കരഞ്ഞുവിളിക്കുകയോ ചെയ്യുന്നില്ല. വന്നുചേരുന്നതിനെയെല്ലാം പരാതിയില്ലാതെ സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. അതുകൊണ്ട് ലാവോത്സു പറയുന്നു: ”ശരീരമുള്ളതുകൊണ്ടാണ് ദൗര്‍ഭാഗ്യം വരുന്നത്. ശരീരമില്ലെങ്കില്‍ പിന്നെന്തു ദൗര്‍ഭാഗ്യം?”

മൂന്നുവിധമുള്ള ദുഃഖങ്ങളില്‍നിന്നും ശാന്തി ലഭിക്കണേ എന്ന് പണ്ടുള്ളവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഇത്യാദി പ്രകൃതിക്ഷോഭങ്ങളാല്‍ വന്നുചേരുന്ന അനിവാര്യമായ ദുരിതങ്ങള്‍. ജന്മസിദ്ധമായിട്ടുള്ള അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, മാറാരോഗങ്ങള്‍, തുടങ്ങി ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍. പിന്നെ നാം ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വരുത്തിവെക്കുന്ന ദു:ഖങ്ങള്‍. ഇതില്‍ ആദ്യംപറഞ്ഞ രണ്ടു ദൗര്‍ഭാഗ്യങ്ങളെ മറികടക്കുക ആര്‍ക്കും സാദ്ധ്യമല്ല. മൂന്നാമത് പറഞ്ഞ ദുഃഖങ്ങളില്‍നിന്നും ഒരു പരിധിവരെ മാത്രമെ നമുക്ക് രക്ഷ ലഭിക്കുന്നുമുള്ളൂ. ഈ മൂന്നുതരം ദൗര്‍ഭാഗ്യങ്ങളും ശരീരമുള്ളതിനാലാണ് അനുഭവിക്കേണ്ടി വരുന്നത്. അതെല്ലാം മനുഷ്യസഹജമെന്ന് അറിയണമെന്നാണ് ലാവോത്സു പറയുന്നത്.

ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും തന്റെ ഇച്ഛാനുസാരമല്ലെന്നറിയുമ്പോള്‍ മാത്രമെ ഹൃദയത്തെ സ്വയം സമര്‍പ്പിക്കാന്‍ കഴിയൂ. അമ്മയുടെ ഗര്‍ഭത്തില്‍ കഴിഞ്ഞ പത്തുമാസക്കാലത്തെ സ്മരിച്ച് നാരായണഗുരു എഴുതിയ വരികളാണ് ഓര്‍മ്മയില്‍ നിറയുന്നത്;

”ഗര്‍ഭത്തില്‍വെച്ച് ഭഗവാനടിയന്റെ പിണ്ഡം

എപ്പേരുമന്‍പൊടു വളര്‍ത്ത കൃപാലുവല്ലീ

കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടിട്ട

ര്‍പ്പിച്ചിടുന്നടിയനൊക്കെയുമകൂ ശംഭോ!”

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു മാംസപിണ്ഡമായി കിടന്നപ്പോള്‍ നാം ഇപ്പോള്‍ സുരക്ഷിതരായിരിക്കുന്നതിന് കാരണമെന്ന് വിശ്വസിക്കുന്ന ബന്ധുക്കളോ ബലമോ ധനമോ ഒന്നും ഉണ്ടായിരുന്നില്ല. അറിയാനാവാത്ത ഏതോ കാരുണ്യത്തിന്റെ ദയാവായ്പുകൊണ്ടാണ് നാം അവിടെ വളര്‍ന്നത്. അതേ കരുണ തന്നെയാണ് എപ്പോഴും നമ്മെ സംരക്ഷിക്കുന്നതെന്ന അറിവില്‍ നിറഞ്ഞിരുന്ന് എല്ലാം അവിടുത്തേക്കു സമര്‍പ്പിക്കുന്നുവെന്ന് നാരായണഗുരു പറയുന്നു. അതേ മനസ്സോടെ ലാവോത്സു പറയുന്നു;

”വിനയത്തോടെ സ്വയം സമര്‍പ്പിക്കുക; എങ്കില്‍,

വിശ്വസ്തനായി എല്ലാറ്റിനെയും പരിപാലിക്കാനാവും.”

അതെ, എങ്കില്‍ മാത്രമെ വിശ്വസ്തനായിരിക്കാന്‍ നമുക്കാവൂ. നമ്മില്‍ ‘നാം’ ശേഷിക്കുന്നിടത്തോളം നമ്മിലൊരിക്കലും സമര്‍പ്പണം സംഭവിക്കില്ല. നമുക്കാരെയും പരിപാലിക്കാനുമാവില്ല. നാം നമ്മുടേതല്ലെന്നും പ്രപഞ്ചത്തിലെ ഒരംശമാണെന്നറിയണം. കടലിലെ ഒരു തുള്ളി ജലം ആകെ കടലിന്റെ ഒരംശംമാത്രമാണെന്നും ഒപ്പം താന്‍ കടല്‍കൂടിയാണെന്നും തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന വിനയാന്വിതമായ ഒരു സമര്‍പ്പണമുണ്ട. അതു മഹത്വമാര്‍ന്ന വിനയമാണ്. അപ്പോള്‍ നാം നമ്മെ സ്നേഹിക്കും. വ്യഷ്ടിയായ നമ്മെയല്ല. സമഷ്ടിയായ നമ്മെ. സ്വയം സ്നേഹിക്കുകയെന്നു പറഞ്ഞാല്‍ അതു ലോകത്തെ സ്നേഹിക്കലാണെന്നും ലോകത്തെ സ്നേഹിക്കുകയെന്ന പറഞ്ഞാല്‍ നമ്മെ സ്നേഹിക്കലാണെന്നും നാമറിയും. ലാവോത്സു തുടര്‍ന്ന് പറയുന്നു;

സ്വന്തം ആത്മാവുപോലെ ലോകത്തെ സ്നേഹിക്കുക; എങ്കില്‍,

സത്യസന്ധമായി എല്ലാറ്റിനെയും സംരക്ഷിക്കാനാവും.

ഷൗക്കത്തിന്റെ ‘താവോയുടെ പുസ്തകം’ എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:

ആമുഖം : താവോയുടെ പുസ്തകം

അദ്ധ്യായം ഒന്ന്‌ :പറയാവുന്ന താവോ അനശ്വരമായ താവോയല്ല

അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്

അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും

അദ്യായം നാല്: താവോ ഒരു ഒഴിഞ്ഞ പാത്രം

അദ്യായം അഞ്ച്: ആകാശഭൂമികള്‍ നിഷ്പക്ഷമാണ്

അദ്യായം ആറ്‌: താഴ്‌വരത അനശ്വരം

ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും

കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍ കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളു

ജന്മംകൊടുത്ത് പരിപോഷിപ്പിക്കുക

ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണ്

മാത്സര്യവും വേട്ടയാടലും മനസ്സിനെ ഭ്രാന്തമാക്കുന്നു

Advertisement