കണ്ണൂര്‍: കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി കെ. സുധാകരന്‍ എം.പി. കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഇത് സംബന്ധിച്ച് തനിക്ക് ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

Ads By Google

അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പെട്രോളിയം മന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി പെട്രോളിയം മന്ത്രി ചര്‍ച്ച നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തുകയെത്രയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പ്രദേശത്ത് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും സന്ദര്‍ശനം നടത്തും.

അതിനിടെ, ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. പൊള്ളലേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന 12 പേരുടെ നില ഗുരുതരമാണ്. ഏഴ് പേര്‍ക്ക് 40% പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.