കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍തെരുവ് ടാങ്കര്‍ ദുരന്തത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആയൂര്‍ തേവന്നൂര്‍ സാഫല്യത്തില്‍ പി കെ അഭിലാഷ് (25) ആണ് മരിച്ചത്. ഇതോടെ മരണം എട്ടായി.

പ്രഭാകരന്‍പിള്ളയുടെയും സുമതിയമ്മയുടെയും മകനാണ് അഭിലാഷ്. അവിവാഹിതനാണ്. പുത്തന്‍തെരുവില്‍ പ്രവര്‍ത്തിക്കുന്ന വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കാഷ്യൂ ഫാക്ടറിക്കടുത്തുള്ള ലോഡ്ജിലായിരുന്നു അഭിലാഷും 12 ജീവനക്കാരും താമസിച്ചത്. അപകടമുണ്ടായ ഡിസംബര്‍ 31ന് പുലര്‍ച്ചെ പൊട്ടിത്തെറി ശബ്ദംകേട്ട് ഉണര്‍ന്ന അഭിലാഷ് സഹപ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തി ഓടിരക്ഷപ്പെടാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് അപകട സ്ഥലത്തേക്ക് പോയ അഭിലാഷിന് നേരെ തീഗോളം പാഞ്ഞടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടമുണ്ടായ ദിവസം നാലുപേരും അടുത്ത ദിവസം മൂന്നുപേരും മരിച്ചിരുന്നു. മരിച്ച എല്ലാവരും രക്ഷാപ്രവര്‍ത്തകരാണ്.