ചെന്നൈ: അണികളോട് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഡി.എം.കെ ആഹ്വാനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് എം.കെ സ്റ്റാലിന്റെ ആഹ്വാനം. ഗവര്‍ണറുടെ തീരുമാനം ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്ന് സ്റ്റാലിന്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്.

അണ്ണാ ഡി.എം.കെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ വീണ്ടും രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു.


Dont Miss ‘ആരു കരുത്തന്‍’ ഇരുപക്ഷവും തെളിയിക്കട്ടെയെന്ന് ഗവര്‍ണര്‍ 


മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ നിയമസഭാതലത്തില്‍ കോംപോസിറ്റ് വോട്ടിങ് അഥവാ സമഗ്ര വോട്ടിങ്ങിനുള്ള സാധ്യതയാണ് കൂടുതല്‍. വിഷയത്തില്‍ ഇന്നു തന്നെ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

124 പേരുടെ പിന്തുണയുണ്ടെന്ന അവകാശവാദം പളനിസാമി ആവര്‍ത്തിച്ചു. എന്നാല്‍, എംഎല്‍മാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ല.

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെ വേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം. മുഖ്യമന്ത്രി നിയമനത്തിന് അവകാശ വാദമുന്നയിച്ച പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.