ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനെചൊല്ലി തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം. രഹസ്യബാലറ്റ് ആവശ്യപ്പെട്ടാണ് ഡി.എം.കെയും പനീര്‍ശെല്‍വം പക്ഷവും രംഗത്തെത്തിയത്. രഹസ്യബാലറ്റിനായി ഡി.എം.കെ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് നിഷേധിക്കുകയായിരുന്നു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്.

വോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും പ്രതിഷേധം.

പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവരും പനീര്‍സെല്‍വം വിഭാഗവും രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ആവശ്യങ്ങളും സ്പീക്കര്‍ തള്ളിക്കളഞ്ഞു. സഭാനടപടികളെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ പി.ധനപാല്‍ നിലപാടെടുത്തു.

തുടര്‍ന്ന് എം.എല്‍.എമാര്‍ മൈക്ക് വലിച്ചെറിയുകയും സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിയുകയുമായിരുന്നു. മീഡിയാ റൂമിലെ ശബ്ദസംവിധാനവും നീക്കം ചെയ്തിട്ടുണ്ട്.

നിയമസഭ 1 മണി വരെ നിര്‍ത്തിവെച്ചതായി ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് അസംബ്ലിക്കകത്തേക്ക് കയറിയിട്ടുണ്ടെന്നാണ് വിവരം. വിശ്വാസ വോട്ടെടുപ്പ് ഇതുവരെ തുടങ്ങാനായിട്ടില്ലെന്നാണ് അറിയുന്നത്.


Dont Miss കര്‍ഷക ആത്മഹത്യ സര്‍ക്കാര്‍ സബ്‌സിഡിക്ക് വേണ്ടി: ദാരിദ്ര്യം കൊണ്ടോ കടബാധ്യത കൊണ്ടോ അല്ല; ബി.ജെ.പി എം.എല്‍.എ


ബഹളം ശക്തമായതോടെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍, പനീര്‍സെല്‍വത്തിന് അനുമതി നല്‍കിയിരുന്നു. എം.എല്‍.എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ചെന്ന് ജനങ്ങളുമായി സംസാരിക്കണമെന്നും അതിനുശേഷം മാത്രമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടു. ജനങ്ങളുടെ നിലപാട് മനസിലാക്കാന്‍ എം.എല്‍.എമാര്‍ക്ക് അവസരം നല്‍കണം. അതിനുശേഷമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം നിര്‍ദേശിച്ചു.

വോട്ടെടുപ്പു തീര്‍ക്കാന്‍ എന്താണിത്ര തിടുക്കമെന്ന് എം.കെ സ്റ്റാലിനും ചോദിച്ചു. ജനാധിപത്യം സംരക്ഷിക്കപ്പെട്ടേ തീരൂ. ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസാമി സര്‍ക്കാരിന് ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന ഇരുവരുടെയും ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ സഭ വീണ്ടും ബഹളത്തില്‍ മുങ്ങുകയായിരുന്നു.