പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ മുന്‍ മന്ത്രിയെ വെട്ടിക്കൊലപ്പെടുത്തി. എ.ഐ.ഡി.എം.കെ മന്ത്രിയായിരുന്നു എ.ആര്‍ വെങ്കിടാചലത്തെയാണ് കൊലപ്പെടുത്തിയത്. പ്രകോപിതരായ ജനക്കൂട്ടം പോലീസ് ജീപ്പും ബസും കത്തിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കയാണ്.

ഇന്നലെ അര്‍ധരാത്രിയോടെ മന്ത്രിയുടെ വീട്ടിലെത്തിയ മുഖംമൂടി സംഘമാണ് കൊലപാതകം നടത്തിയത്. കാറിലെത്തിയ സംഘം മന്ത്രിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ മന്ത്രിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

2001ല്‍ ജയലളിത മന്ത്രി സഭയില്‍ ടൂറിസം മന്ത്രിയായിരുന്നു വെങ്കിടാചലം. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ അളഗിരിയുടെ ശക്തികേന്ദ്രമായ ചെന്നൈയില്‍ എ.ഐ.എ.ഡി.എം.കെ തിങ്കളാഴ്ച റാലി നടത്താനിരിക്കെയാണ് കൊലപാതകമുണ്ടായിരിക്കുന്നത്.

സംഭവത്തെ ജയലളിത ശക്തമായ അപലപിച്ചു. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച മികച്ച നേതാവായിരുന്നു വെങ്കിടാചലം എന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ പറഞ്ഞു.

ചെന്നൈയിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുത്താല്‍ കൊലപ്പെടുത്തുമെന്ന് ജയലളിതക്ക് നേരത്തെ പല തവണ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ജയ ടിവിയുടെ ഓഫീസിലാണ് കത്ത് ലഭിച്ചത്. ഇതെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ തമിഴ്‌നാട് അഭ്യന്തരമന്ത്രിയെക്കണ്ടിരുന്നു. ഇതിനിടെയാണ് പാര്‍ട്ടി നേതാവിന്റെ കൊലപാതകമുണ്ടായിരിക്കുന്നത്. കൊലപാതകം തമിഴ്‌നാട് രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കുമെന്നാണ് കരുതുന്നത്.