എഡിറ്റര്‍
എഡിറ്റര്‍
വിശ്വാസവോട്ടെടുപ്പിന് തുടക്കം; പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു: രഹസ്യവോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല
എഡിറ്റര്‍
Saturday 18th February 2017 11:27am

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ പളനിസാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു. പളനി സ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു കഴിഞ്ഞു.

നിര്‍ണായക സമ്മേളനത്തിനായി എംഎല്‍എമാരെല്ലാം നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. സഭയില്‍ എം.എല്‍.എമാരെ തടവുപുള്ളികളാക്കിയെന്ന് ഡി.എം.കെ ആരോപിച്ചു. ആദ്യം ഒ.പി.എസ് വിഭാഗത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ഡി.എം.കെ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

രഹസ്യവോട്ടെടുപ്പ് വേണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. എം.എല്‍.എമാരുടെ തലയെണ്ണാനാണ് സ്പീക്കറുടെ തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആരോഗ്യകാരണങ്ങളാല്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി സഭയില്‍ എത്തിയില്ല.

അതേസമയം, വിശ്വാസവോട്ട് അടുക്കുന്തോറും കൊഴിഞ്ഞുപോകുന്ന എം.എല്‍.എമാരുടെ എണ്ണം കൂടുന്നതിന്റെ വേവലാതിയിലാണ് മുഖ്യമന്ത്രി പളനിസാമിയും സംഘവും.

ഇന്നുമാത്രം രണ്ട് എം.എല്‍.എമാര്‍ കൂടി പളനിസാമി ക്യാംപ് വിട്ടു. കോയമ്പത്തൂര്‍ നോര്‍ത്ത് എം.എല്‍.എ പി.ആര്‍.ജി. അരുണ്‍കുമാര്‍, കാങ്കയം എം.എല്‍.എ തനിയരശ് എന്നിവരാണ് പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചത്. 234 അംഗ സഭയില്‍ നിലവില്‍ പളനിസാമിക്ക് 121 പേരുടെ പിന്തുണയുണ്ടെന്നാണു സൂചന.

ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിട്ടുള്ള എംഎല്‍എമാര്‍ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കൂവത്തൂരിലെ റിസോര്‍ട്ടിലുണ്ടായിരുന്ന എ.ഐ.എ.ഡി.എംകെ എംഎല്‍എമാര്‍ നിയമസഭയിലെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ നോര്‍ത്ത് എം.എല്‍.എ അരുണ്‍ കുമാര്‍ ഒഴികെയുള്ള 122 എം.എല്‍.എമാരാണ് നിയമസഭയിലെത്തിയത്.

വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച അരുണ്‍കുമാര്‍ മണ്ഡലത്തിലേക്ക് പോയി. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനവും അരുണ്‍ കുമാര്‍ രാജിവെച്ചിട്ടുണ്ട്. കാങ്കയം എംഎല്‍എ തനിയരശും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡി.എം.കെ. നിലപാടു വ്യക്തമായതോടെ സര്‍ക്കാറിനെ എതിര്‍ക്കുന്ന എം.എല്‍.എ.മാരുടെ എണ്ണം 109 ആയി. 121 പേര്‍ ശശികലപക്ഷത്തുണ്ടെന്നാണു കരുതുന്നത്. 117 സാമാജികര്‍ അനുകൂലമായി വോട്ടുചെയ്താല്‍ വിശ്വാസപ്രമേയം പാസ്സാവും.

അതേസമയം, എട്ട് എം.എല്‍.എ.മാരെക്കൂടി പനീര്‍ശെല്‍വത്തിന് ഒപ്പംകൂട്ടാനായാല്‍ സര്‍ക്കാര്‍ നിലംപതിക്കും.

Advertisement