എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമാണെന്ന സിഡി പ്രചരണവുമായി തമിഴ് തീവ്രവാദി സംഘടനകള്‍
എഡിറ്റര്‍
Saturday 5th January 2013 11:53am

തൊടുപുഴ: ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമാണെന്ന പ്രചാരണവുമായി തമിഴ് തീവ്രവാദി സംഘടനകള്‍ രംഗത്ത്.  ഈ ആശയം പ്രചരിപ്പിക്കുന്ന സിഡികള്‍ തോട്ടം തൊഴിലാളികള്‍ക്കിടെ വിതരണം ചെയ്യുന്നുണ്ട്.

Ads By Google

മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തമിഴര്‍ താമസിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണ് സിഡി പ്രചാരണം നടക്കുന്നത്. തമിഴര്‍കളം എന്ന സംഘടനയാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സിഡി തയാറാക്കിയിരിക്കുന്നത്.

തമിഴ് ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കേരളത്തില്‍ പോരാടണമെന്നും തീവ്രവാദ സംഘടനകള്‍ സിഡിയില്‍ ആഹ്വാനം ചെയ്യുന്നു.

കഴിഞ്ഞ മൂന്നുമാസമായി പീരുമേട്, വണ്ടിപ്പെരിയാര്‍, മൂന്നാര്‍ ഭാഗങ്ങളില്‍ ആണു സിഡി വിതരണം ചെയ്തു വരുന്നത്. തേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയും മൂന്നാറില്‍ വേരുകളുള്ള വിടുതലൈ ചിരുതെ എന്ന സംഘടനയുമാണ് പ്രചാരണത്തിന് പിന്നില്‍.

ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമായിരുന്നുവെന്നും മലയാളികള്‍ പിടിച്ചടക്കി ഇപ്പോള്‍ അത് നഷ്ടപ്പെട്ടതായും സിഡിയില്‍ പറയുന്നു. കേരളത്തില്‍ തമിഴര്‍ വേര്‍തിരിവ് നേരിടുന്നതായും രാജ്യത്ത് തമിഴര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് ഇടുക്കിയിലാണെന്നും സിഡിയില്‍ പറയുന്നു.

പലമേഖലകളിലും തമിഴര്‍ നശിക്കുകയാണ്. ഇടുക്കിയില്‍ കേരളീയര്‍ തമിഴരെ അടക്കി വാഴുകയും മോാശമായി കൈകാര്യം ചെയ്യുന്നു. ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടിയിട്ടും തമിഴര്‍ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോക്യുമെന്ററിയില്‍ പറയുന്നു. കേരളീയരില്‍ നിന്നു മോചിതരാകാന്‍ വേണ്ടി തമിഴര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവും ഡോക്യുമെന്ററിയില്‍ ഉണ്ട്.

മുല്ലപ്പെരിയാര്‍ സമരത്തിന്റെ ദൃശ്യങ്ങളും സിഡിയിലുണ്ട്. ഇടുക്കിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത തമിഴരുടെ ദൃശ്യങ്ങള്‍ കാട്ടി തമിഴര്‍ക്കെതിരേയുള്ള പ്രതിഷേധത്തില്‍ തമിഴര്‍ തന്നെ പങ്കെടുത്തതായി സിഡിയില്‍ പറയുന്നു.

തമിഴ്‌നാട് അതിര്‍ത്തികളില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ കാട്ടി ഇത്തരം തമിഴ് അനുകൂല പ്രതിഷേധങ്ങളുമായി രംഗത്തുവരാന്‍ കേരളത്തിലെ തമിഴര്‍ തയാറാകണമെന്ന ആഹ്വാനവും സിഡിയില്‍ നല്‍കുന്നുണ്ട്. തമിഴര്‍കളത്തിന്റെ സംസ്ഥാന പ്രസിഡന്റ് അന്‍പഴകന്റെ ആമുഖപ്രസംഗത്തോടെയാണ് സിഡിയിലെ ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്.

സിഡി കാണാന്‍ സാഹചര്യമില്ലാത്ത പത്തോ പന്ത്രണ്ടോ വീട്ടുകാരെ ഒരുമിച്ചു വിളിച്ച് ഇതു പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
ഏതാനും നാള്‍ മുന്‍പ് തേനിയിലാണ് സിഡിയുടെ പ്രകാശനം നടന്നത്.

ഇതിനുശേഷം അതിര്‍ത്തി പ്രദേശങ്ങളിലെ തമിഴ്ഗ്രാമങ്ങളില്‍ ആദ്യം സിഡി വിതരണം ചെയ്തു. പിന്നീട് ഇടുക്കിയില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ തമിഴ്‌വീടുകളിലെത്തിച്ചു. ടെലിവിഷനും വൈദ്യുതിയുമുള്ള വീടുകളില്‍ സൗജന്യമായിട്ടാണ് സിഡി നല്‍കിയത്.

Advertisement