ചെന്നൈ: മുല്ലപ്പെരിയാറിലെ വെള്ളം ഊറ്റാന്‍ വര്‍ഷങ്ങളായി ഊറ്റിക്കൊടുക്കാന്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കുമായി തമിഴ്‌നാട് നല്‍കിയത് കോടികളാണ്. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ തേനിയിലും മധുരയിലും രാമനാഥപുരത്തും കേരളത്തിലെ ബന്ധപ്പെട്ടവര്‍ സമ്പാദിച്ചതു നൂറുകണക്കിനു ഏക്കറുകളാണ്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി പ്രതിരോധത്തിലായ തമിഴ്‌നാട് സര്‍ക്കാര്‍ ഈ വസ്തുതകള്‍ കാണിച്ച് ഇതുമായി ബന്ധമുള്ളവരെ ഒതുക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. പണമായും ഭൂസ്വത്തുക്കളായും ബ്യൂറോക്രാറ്റുകള്‍ വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ തയ്യാറാക്കുകയാണ് തമിഴ്‌നാടിപ്പോള്‍. ഭൂമിയുളള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പേരുവിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു രഹസ്യനിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതിലൂടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നാവടപ്പിക്കുകയാണു തമിഴ്‌നാടിന്റെ ലക്ഷ്യം.

Subscribe Us:

ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തങ്ങള്‍ ചെലവഴിച്ചതിലും കൂടുതല്‍ തുക കേരളത്തിലെ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ ചെലവഴിച്ചതായാണു തമിഴ്‌നാട് പറയുന്നത്. മുല്ലപ്പെരിയാറിലെ ജല നിരപ്പ് 120 അടിയില്‍ സ്ഥിരപ്പെടുത്താന്‍ പലതവണ അവസരമുണ്ടായെങ്കിലും അന്നു തമിഴ്‌നാടുമായി ചര്‍ച്ചകള്‍ നടത്തിയ കേരള നേതാക്കളുടെ ഉപേക്ഷയാണ് ജലനിരപ്പ് 136 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിനെ സഹായിച്ചതെന്ന് ആരോപണമുണ്ട്. ഇവരില്‍ പലരുടെയും ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കും തമിഴ്‌നാട്ടില്‍ സ്വന്തമായി ഭൂമിയുണ്ട്.

കേരളത്തിന്റെ വെള്ളം ഉപയോഗിച്ചാണ് തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ കൃഷി നടത്തുന്നതെങ്കില്‍ ഈ ജില്ലകളിലെ കൃഷി ഭൂമി ഭൂരിഭാഗവും കേരളത്തിലെ നേതാക്കളുടേതാണെന്ന ആരോപണമാണ് വൈകോ അടക്കമുളള നേതാക്കള്‍ ഉന്നയിക്കുന്നത്.

Malayalam News
Kerala News in English