കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയാതിരിക്കാന്‍ തമിഴ്‌നാടിന്റെ കഠിനശ്രമം. അണക്കെട്ടില്‍ വെള്ളം ഉയരാതെ പരമാവധി തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. സെക്കന്‍ഡില്‍ 1200 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപ മുടക്കിയിട്ടുണ്ട്. തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല.

കഴിഞ്ഞ മൂന്നുദിവസമായി ഹൈറേഞ്ചില്‍ ശക്തമായ മഴ പെയ്‌തെങ്കിലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നുതന്നെ നില്‍ക്കുകയാണ്. 114 അടിയാണ് അണക്കെട്ടിന്റെ ഏറ്റവും താഴ്ന്ന ജലനിരപ്പ്. 114 അടി വെള്ളം ഉണ്ടെങ്കിലേ അണക്കെട്ടില്‍നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം ഒഴുകൂ.

തമിഴ്‌നാട് സര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മിച്ച പതിനെട്ടാം കനാല്‍ ഒരുവര്‍ഷം മുമ്പാണ് കമ്മീഷന്‍ ചെയ്തത്. ഇതിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ ഇടുക്കി അണക്കെട്ടില്‍ 99 ശതമാനം വെള്ളം ഉയര്‍ന്നപ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 126 അടി വെള്ളം മാത്രമേ ഉയര്‍ന്നുള്ളൂ. കഴിഞ്ഞ സീസണില്‍ പെയ്ത മഴ കണക്കാക്കിയാല്‍ മുല്ലപ്പെരിയാര്‍ കവിയേണ്ടതായിരുന്നു.

മുപ്പത്തഞ്ചിലധികം കിലോമീറ്റര്‍ ദൂരത്തില്‍ നൂറുകണക്കിനു ഭീമന്‍ കുളങ്ങളോടെയാണ് പതിനെട്ടാംകനാല്‍ നിര്‍മിച്ചിരിക്കുന്നത്. കുമളി മുതല്‍ ബോഡിവരെയുള്ള കനാലില്‍നിന്നും കുളങ്ങളില്‍ ജലം ശേഖരിച്ചു നിര്‍ത്തുകയാണ്. മുമ്പ് തേക്കടിയില്‍നിന്നുള്ള വെള്ളം വൈഗ അണക്കെട്ടില്‍ സംഭരിക്കുകയായിരുന്നു ചെയ്തിരുന്നത്.

അണക്കെട്ടിന് ബലമുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറയുമ്പോഴും മുല്ലപ്പെരിയാര്‍ നിറയാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ തമിഴ്‌നാടിന്റെ ഈ ശ്രമം ഒരു പരിധി വരെ വിജയിച്ചിരുന്നു.