ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍മന്തിറിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ഇദ്ദേഹത്തെ രാം മനോഹര്‍ ലാല്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഏറെ നാളായി തുടരുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ മനംനൊന്താണ് കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.

വരള്‍ച്ച മൂലം കൃഷി നശിച്ചതിനാല്‍ സഹായധനം അനുവദിക്കണമെന്നും കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഏറെ നാളായി ഇവര്‍ രാജ്യതലസ്ഥാനത്ത് സമരത്തിലാണ്.


Dont Miss ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാജീവനക്കാരന്‍ വൃദ്ധയെ തള്ളിയിട്ടു; പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ബന്ധുക്കള്‍


കഴിഞ്ഞ ദിവസം ചെരുപ്പ് കൊണ്ട് ശരീരത്തില്‍ സ്വയം അടിച്ചുകൊണ്ടായിരുന്നു ഇവര്‍ പ്രതിഷേധം അറിയിച്ചത്. തമിഴ്‌നാട്ടില്‍ എം.എല്‍.എമാര്‍ക്കുള്ള ശമ്പളത്തില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. യാചകരേക്കാള്‍ ദയനീയമാണ് തങ്ങളുടെ അവസ്ഥയെന്ന് മുദ്രാവാക്യം മുഴക്കിയാണ് നൂറോളം കര്‍ഷകര്‍ ഇവിടെ സമരം നടത്തുന്നത്.

നേരത്തെ കര്‍ഷക പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തില്‍ ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

വ്യത്യസ്തമായ പ്രതിഷേധരീതികളാണ് സമരക്കാര്‍ ദല്‍ഹിയില്‍ നടത്തിയത്. തങ്ങളെ കാണാന്‍ കൂട്ടാക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്ന് അടുത്തിടെ നഗ്നരായി രാഷ്ട്രപതി ഭവനിലേക്കുള്ള റോഡില്‍ ഇവര്‍ ശയനപ്രദക്ഷിണം നടത്തിയിരുന്നു.

മൂത്രംകുടിച്ചും തലയോട്ടികള്‍ അണിഞ്ഞും എലിയെ ഭക്ഷിച്ചുമെല്ലാം കര്‍ഷകര്‍ സമരം നടത്തിയിരുന്നുവെങ്കിലും ഇവരുമായി പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല.