Categories

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി: മുല്ലപ്പെരിയാറിലെ നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്ന നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേരളത്തിനെതിരെ ഹരജി നല്‍കി. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുകയാണെന്ന് ഹരജിയില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്ന പരസ്യ പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.

തമിഴ്‌നാട് ജലവിഭവ വകുപ്പാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിലപാടിനെതിരെ ഹരജി നല്‍കിയിരിക്കുന്നത്. പുതിയ ഡാമിനായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രസ്താവന നടത്തുന്നത് ശരിയല്ല. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാടിന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഹരജിയില്‍ തമിഴ്‌നാട് ആവശ്യപ്പെടുന്നുണ്ട്.

കേരളത്തിന്റെ നീക്കങ്ങള്‍ സദുദ്ദേശത്തോടെയുള്ളതല്ല. അണക്കെട്ടിനടുത്ത് നാല് ഭൂചലനങ്ങള്‍ മാത്രമാണ് അടുത്തിടെ ഉണ്ടായത്. ഡാമിന് വളരെ അകലെ ഉണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും തമിഴ്‌നാട് ഹരജിയില്‍ വാദങ്ങള്‍ നിരത്തുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും തമിഴ്‌നാട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

Malayalam News
Kerala News in English

One Response to “മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍”

  1. ശുംഭന്‍

    കേരളത്തിന്റെ മണ്ണില്‍ അണ കെട്ടുന്നത് തമിഴ്‌നാടിന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നോ? ഇവര്‍ക്കെന്താ പൈത്യം പിടിച്ചോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.