ചെന്നൈ: തമിഴ് വംശജര്‍ക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധ വികാരം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിന്റെ വ്യക്തമായ സൂചനകളാണ് ഉണ്ടായത്.

Ads By Google

ശ്രീലങ്കയെ സൗഹൃദ രാഷ്ട്രമായി കാണേണ്ടെന്ന പ്രമേയമാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.

ശ്രീലങ്കന്‍ തമിഴര്‍ക്കും വിദേശത്തുള്ള ലങ്കന്‍ തമിഴര്‍ക്കുമായി പ്രത്യേക ഈഴം വേണമോയെന്നതില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

നേരത്തേ ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കയ്‌ക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ ഭേദഗതികളോടെ പിന്തുണക്കണമെന്ന് തമിഴ്‌നാട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഐ.പി.എല്‍ മത്സരത്തിന്റെ പ്രധാന വേദിയായ ചെന്നൈയില്‍ ലങ്കന്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്നും ജയലളിത വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ശ്രീലങ്കയ്‌ക്കെതിരായുള്ള പ്രമേയവുമായി തമിഴ്‌നാട് എത്തിയിരിക്കുന്നത്.