വിക്രം മലയാളത്തില്‍ വീണ്ടുമെത്തുന്നു. ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമാലോകം അവസരങ്ങള്‍ നല്‍കാതിരുന്ന  വിക്രം  ഇന്ത്യയിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറിയശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് വിക്രം തന്‍റെ മലയാള സിനിമയിലെ രണ്ടാം അങ്കത്തിന് തുടക്കം കുറിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് ചെന്നൈയിലെ വിക്രമിന്‍റെ വസതിയിലെത്തി പുതിയ സിനിമയുടെ കഥയുടെ വണ്‍ലൈന്‍ കേള്‍പ്പിക്കുകയായിരുന്നു. കഥയുടെ വണ്‍ലൈന്‍ കേട്ടയുടനെ വിക്രം സിനിമ ചെയ്യാന്‍ സമ്മതം മൂളുകയും ചെയ്തു. തിരക്കഥാകാരന്‍മാരായ ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് വിക്രമിനെ കാണിച്ചത്.

ഏറെ തിരക്കുകളുള്ള വിക്രം കഥ കേള്‍ക്കാന്‍ രണ്ടു മണിക്കൂറാണ് നീക്കിവെച്ചതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. കഥ കേട്ടയുടനെ ഹസ്തദാനം നല്‍കി നമുക്ക് പ്രൊജക്ട് ചെയ്യാമെന്ന് വിക്രം പറയുകയായിരുന്നു.

പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ പ്രൊജക്ടിന് വേണ്ടി പ്രതിഫലമൊന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു വിക്രമിന്റെ മറുപടിയത്രേ. തന്നെ ഏറെ സ്‌നേഹിയ്ക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് എന്തെങ്കിലും തിരിച്ചുനല്‍കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും വിക്രം വ്യക്തമാക്കി.

നേരത്തെ സംവിധായകന്‍ ബ്ലെസിയ്ക്കും വിക്രം ഡേറ്റ് നല്‍കിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള മലയാളത്തിലേക്കുള്ള വിക്രമിന്റെ മടങ്ങിവരവ് ബ്ലെസി ചിത്രത്തിലൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. എന്നാല്‍  ഇതിനിടയിലാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്  വിക്രം ഡേറ്റ് കൊടുത്തിരിക്കുന്നത്.

അടുത്തവര്‍ഷം ആദ്യം വിക്രമിന്റെ മലയാള ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കാനാവുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. എന്തായാലും വിക്രമിന്‍റെ മടങ്ങിവരവ് മലയാള സിനിമാ ലോകത്ത് പുത്തനുണര്‍വ്വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്